അടൂർ: 75 ലക്ഷം മുടക്കി ടാർ ചെയ്ത ഒരു കിലോമീറ്റർ റോഡ് ഒരു മാസത്തിനുള്ളിൽ തകർന്ന് തരിപ്പണമായതിനെ കുറിച്ച് വീഡിയോ സഹിതം മറുനാടൻ മലയാളി പുറത്തു വിട്ട വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എആർ അജീഷ്‌കുമാറിന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ വാർത്ത ടാഗ് ചെയ്തതോടെ രൂക്ഷമായ വാദപ്രതിവാദമാണ് നടക്കുന്നത്. അഴിമതിക്കാരെ വെള്ളപൂശാൻ ഇറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവനയെ തുടർന്ന് ഫേസ്‌ബുക്കിൽ പൊങ്കാല നടക്കുകയാണ്.

ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്, കടമ്പനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളെ ബന്ധിപ്പിച്ച് കടന്നു പോകുന്ന കുണ്ടോം വെട്ടത്ത് മലനട- ഗണേശവിലാസം അടയപ്പാട് റോഡാണ് 75 ലക്ഷത്തിന് പുതുക്കി നിർമ്മിച്ചത്. ടാറിങ് കഴിഞ്ഞ് ഒരു മാസമായ റോഡിലൂടെ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കാലൊന്ന് അമർത്തിച്ചവിട്ടിയാൽ റോഡ് പൊളിഞ്ഞ് ഇളകും. കഴിഞ്ഞ ദിവസം തടി ലോറി കടന്നു പോയതോടെ റോഡിന്റെ ഒരു ഭാഗം ഭൂമിയിലേക്ക് താഴ്ന്നു. കഴിഞ്ഞ ഓഗസ്റ്റിൽ നാടിന്റെ ഉത്സവമായിട്ടാണ് നിർമ്മാണോദ്ഘാടനം നടന്നത്. വാഗ്ദാനങ്ങൾ ഞങ്ങൾക്ക് വെറുംവാക്കുകകളല്ല, നിറവേറ്റാനുള്ളതാണ് എന്ന പേരിൽ നാടുമുഴുവൻ ഫ്ളക്സും പോസ്റ്ററും വച്ചായിരുന്നു നിർമ്മാണ ഉദ്ഘാടനം. ഇതിനായി ശിലാഫലകവും സ്ഥാപിച്ചു. ജനുവരിയിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. സംരക്ഷണ ഭിത്തി, ഓടകൾ, കലുങ്ക്, റോഡ് നിരപ്പാക്കൽ അങ്ങനെ എല്ലാ പദ്ധതികൾക്കും ചേർത്താണ് 75 ലക്ഷം രൂപ അനുവദിച്ചത്. നടന്നത് ടാറിങ് മാത്രം. അതാകട്ടെ നിശ്ചിത അളവിൽ ടാറോ മെറ്റിലോ ചേർക്കാതെയും. ഇതോടെ റോഡിൽ കൂടി കാൽനടയാത്ര പോലും സൂക്ഷിച്ച് വേണമെന്ന അവസ്ഥയായി. കാലു കൊണ്ട് ചുമ്മാതൊന്ന് തോണ്ടിയാൽ ടാർ ഇളകി തെറിക്കും. വമ്പൻ അഴിമതിയാണ് ടാറിങ്ങിൽ നടന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇതിന് മറുപടിയായി പഞ്ചായത്ത് പ്രസിഡന്റ് നിരത്തിയ കാരണങ്ങളാണ് അഴിമതിക്കാരെ പൊതിഞ്ഞു പിടിക്കുന്നതിന് തെളിവായിരിക്കുന്നത്. പ്രസിഡന്റിന്റെ മറുപടി ഇങ്ങനെ:ഏതെങ്കിലും പിതൃശൂന്യ മാധ്യമം പറയുന്നത് മാത്രം കേൾക്കാതെ ആ റോഡ് ഒന്ന് നേരിൽ കാണണം... 75 ലക്ഷം രൂപയുടെ റോഡ് 62 ലക്ഷം രൂപയ്ക്കാണ് ടെൻഡർ പോയത്. റോഡ് പണി കഴിഞ്ഞിട്ട് ഒരു മാസം ആയി. ഈ റോഡ് ഒരു പുതിയ റോഡാണ്. പുതിയ റോഡ് ആയതുകൊണ്ട് തന്നെ ഈ റോഡ് ഒന്നുറയ്ക്കാനായി കുറച്ചു സമയം വേണം. ഇപ്പോഴെന്താണ് സംഭവിച്ചത്. കഴിഞ്ഞ ദിവസം അഡേയ്‌പ്പാട് സ്ഥലത്തു നിന്നും ഒരു വസ്തുവിലെ റബ്ബർ മരങ്ങൾ മുഴുവൻ വെട്ടി മാറ്റി. അത് വലിയ ലോറിയിൽ പല ട്രിപ്പുകളായി കൊണ്ടുപോയി. ആ റോഡിന്റെ കയറ്റങ്ങളിൽ ആ ഭാരവും കയറ്റി ലോറി പോയപ്പോൾ ടയറിന്റെ പിടുത്തം ഉണ്ടായിട്ടുണ്ട്. ഞാൻ കൂടി ചെന്നാണ് ലോറിയിൽ ഇനി ലോഡ് കൊണ്ടുവരരുതെന്ന് നിർദ്ദേശിച്ചത്.

പിന്നെ ഈ വാർത്തകൾക്ക് പിന്നിലുള്ള ആണും പെണ്ണും കെട്ട ഹിജഡകൾ ആരോന്നൊക്കെ എല്ലാവർക്കും അറിയാം. ഒരു പദ്ധതി കൊണ്ടു വരിക എന്നതിനപ്പുറം അതിന്റെ നടത്തിപ്പും ചുമതലയുമൊക്ക പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കാണ്... ഏത് അന്വേഷണവും വരട്ടെ. മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കണ്ടല്ലോ. പിന്നെ അഴിമതിയും കമ്മലും... അതൊന്നും ഇവിടെ ചെലവാകില്ല ഈ വാർഡിലെ ജനങ്ങൾക്ക് എന്നെ നന്നായി അറിയാം.. പിന്നെ ഈ വർത്തയിന്മേൽ എംഎൽഎ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുന്നു എന്നാണറിഞ്ഞത്. വാഗ്ദാനങ്ങൾ ഞങ്ങൾക്ക് നിറവേറ്റുവാൻ തന്നെയുള്ളതാണ്. അടുത്ത റോഡ്... കുണ്ടോവെട്ടത്തു മലനട മുല്ലശ്ശേരി പടി റോഡ് 8 ലക്ഷം രൂപാ ചിലവഴിച്ചു കോൺക്രീറ്റിങ്... ഇന്ന് ആരംഭിക്കുകയാണ്. രാവിലെ വന്നാൽ കാണാം... തെരുവ് പട്ടികൾ കുരച്ചുകൊണ്ടേയിരിക്കും.. അത് കേട്ട് യാത്ര മുടക്കുവാൻ മാത്രം മണ്ടനോ ഭീരുവോ അല്ല ഞാൻ....

റോഡിന്റെ അവസ്ഥ അത് വഴി ഒന്ന് നടന്നു പോകുവാൻ പോലും പറ്റാത്ത നിലയിലായിരുന്നു. ഒരു പദ്ധതി കൊണ്ടുവരുവാനുള്ള പാടും പ്രയാസവും എന്ത് മാത്രമാണെന്നറിയാമോ... താങ്കൾ പോയി ഈ റോഡിനോട് ചേർന്നുള്ള ഈ പദ്ധതിയിൽപ്പെട്ട അടെപാഡ് പാലവും സൈഡ് കെട്ടും ഒന്ന് നോക്കി കാണണം... വെറുതെ മുഖപുസ്തകത്തിന്റെ മുഖംമൂടി അണിഞ്ഞിട്ട് എന്തും പറയാമെന്ന് കരുതുന്ന നിങ്ങളെ ഉത്സവപ്പറമ്പിലെ കള്ളനെപ്പോലെ കാണുന്നു... എന്താണെങ്കിലും ഞാൻ ഒരു കമ്മീഷൻ പൈസയും വാങ്ങുന്ന ആളല്ല.. അതിന്റെ ആവശ്യവും എനിക്കില്ല. അത് ജനങ്ങൾക്കറിയാം... കമ്മീഷൻ പൈസ അക്കൗണ്ടിലേക്ക് ഞാൻ മാറ്റുന്നു എന്ന് പറഞ്ഞ താങ്കൾക്കുള്ള മറുപടി ഈ ഭാഷയിലല്ല തരേണ്ടതെന്നറിയാമെങ്കിലും എന്റെ മാന്യത അതിനനുവദിക്കുന്നില്ല ഇതിനപ്പുറം ഈ വിഷയത്തിൽ മറ്റു പ്രതികരണം എന്നിൽനിന്നും പ്രതീക്ഷിക്കണ്ട.. ജല്പനങ്ങൾക്കു ചെവി കൊടുക്കാൻ എനിക്കൊട്ടു നേരവുമില്ല..

എന്നിങ്ങനെ നീളുന്നു പ്രസിഡന്റിന്റെ മറുപടി. ഇതിനെതിരേയാണ് നാട്ടുകാരിൽ ചിലർ പൊങ്കാല നടത്തിയിരിക്കുന്നത്.  റോഡിന്റെ പണി കഴിഞ്ഞു 1 മാസത്തിനു ശേഷം ഒരു ലോറി പോയപ്പോൾ ഇളകുന്ന ടാർ ആണെകിൽ എന്തിനാ സഖാവെ 75 ലക്ഷം മുടക്കിയത് ? കുറച്ചു മണ്ണ് വാരി ഇട്ടാൽ പോരായിരുന്നോ ? എന്നാണ് അവരുടെ ചോദ്യം.

ഒരു പ്രസിഡന്റ് എന്നുള്ള നിലയിൽ താങ്കൾ ഇനി മുതൽ ഇതേപോലെ ഉള്ള റോഡുകളുടെ പണി ചെയ്തു തീർത്തു കഴിയുമ്പോൾ , താങ്കളുടെ പേര് ശിലാ സ്ഥാപനത്തിൽ കൊത്തി വെക്കുന്നതിന്റെ സൈഡിൽ ആയിട്ടു ഇ ടാർ ഇട്ട റോഡ് വഴി ലോഡും ആയി വണ്ടികൾ പോകാൻ അനുവദിക്കുന്നത് അല്ല എന്ന് കൂടി എഴുതി ചേർക്കുന്നത് കുറച്ചു കൂടെ ന്യായികരിക്കാൻ നല്ലതായിരിക്കും .  അപ്പോൾ ഇനി കല്ലുകുഴി മലനട റോഡ് പണിക്കു ശേഷം ലോറി , ബസ് ഒന്നും അതുവഴി അനുവദിക്കുന്നത് അല്ലായിരിക്കും എന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നുവെന്നുമുള്ള കമന്റുകളാണ് ഫേസ് ബുക്കിലുള്ളത്.

മറുനാടൻ വാർത്ത വന്നതിന് പിന്നാലെ നാട്ടുകാർ മുഴുവൻ ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തുണ്ട്. ചില സിപിഎം നേതാക്കളും പരിസ്ഥിതി വാദികളെന്ന് മേനിനടിക്കുന്നവരും പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് ഇറങ്ങിയിട്ടുണ്ട്. 22 ടൺ ഭാരമുള്ള ലോറി ലോഡുമായി പോയാൽ റോഡ് തകരുമെന്നാണ് ഒരു പരിസ്ഥിതി പ്രവർത്തകന്റെ ന്യായീകരണം. അതേസമയം, റോഡിന്റെ തുടക്കത്തിൽ ലോറി ഇട്ടശേഷം പിക്കപ്പ് വാനിൽ തടി കൊണ്ട് കയറ്റുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരെ പിതൃശൂന്യർ എന്ന് വിളിച്ചതിനും പ്രതിഷേധം ഇരമ്പുകയാണ്. 25 പേർ ചേർന്നാണ് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്. അഴിമതിക്കാരിൽ നിന്ന് പണം തിരിച്ചു പിടിച്ച് റോഡ് വീണ്ടും ടാർ ചെയ്യണമെന്നാണ് അവരുടെ ആവശ്യം.