പത്തനംതിട്ട: സംസ്ഥാനത്തിന്റെ സ്പിരിറ്റ് സംഭരണകേന്ദ്രമായി പത്തനംതിട്ട ജില്ലയിലെ അടൂർ മാറുന്നു. സ്പിരിറ്റ് ലോബിയുടെ സുരക്ഷിത താവളമായി മാറിക്കഴിഞ്ഞ ഇവിടേക്ക് പോസ്റ്റിങ് തരപ്പെടുത്താനായി എക്‌സൈസ് വകുപ്പിൽ മത്സരം. ഓരോ ഉൽസവ സീസണിലും ഇവിടെ നിന്ന് ഒരു എക്‌സൈസ് ഉദ്യോഗസ്ഥർ വീട്ടിൽ കൊണ്ടു പോകുന്ന പടി രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ. അടൂർ റേഞ്ച് ഓഫീസിൽ നിയമനം കിട്ടാൻ എക്‌സൈസുകാരുടെ ഇടയിൽ പിടിവലി. താലൂക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ മുഴുവൻ സ്പിരിറ്റ് സംഭരണകേന്ദ്രമാണ്. ഭൂഗർഭ അറകൾ, വിജനമായ സ്ഥലത്തെ ഒഴിഞ്ഞ വീടുകൾ, റബർത്തോട്ടങ്ങൾ, താമസമില്ലാത്ത കെട്ടിടങ്ങൾ, കുറ്റിക്കാടുകൾ, വയലുകൾ, കുളങ്ങൾ എന്നു വേണ്ട കാറിന്റെ ഡിക്കി വരെ ഇവിടെ സുരക്ഷിതമായ സ്പിരിറ്റ് സംഭരണകേന്ദ്രങ്ങളാണെന്ന് പറയുമ്പോൾ അതിശയോക്തി ആണെന്ന് തോന്നാം. പക്ഷേ, അതാണ് സത്യം.

ഇവിടേക്ക് തമിഴ്‌നാട്ടിൽ നിന്നും സ്പിരിറ്റ് എത്തിക്കാൻ ഉപയോഗിക്കുന്ന ലോറിയിലെ രഹസ്യ അറകൾ രൂപ കൽപ്പന ചെയ്തിരിക്കുന്നതു പോലും എക്‌സൈസുകാർക്ക് അറിയാവുന്ന വിധത്തിലാണ്. അതുകൊണ്ടുതന്നെ എക്‌സൈസുകാർ ഒഴിവാക്കി വിടുന്ന സ്പിരിറ്റ് ലോറി പിടികൂടുന്നത് പൊലീസിന്റെ പണിയാണ്. നെല്ലിമുകളിൽ പിടിയിലായ ലോറിയുടെ രഹസ്യ അറയിൽനിന്ന് പൊലീസ് കണ്ടെടുത്തത് 1623 ലിറ്റർ സ്പിരിറ്റാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സ്പിരിറ്റ് ലോറിയെപ്പറ്റി കൂടുതൽ അന്വേഷിച്ച മറുനാടന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്ന ലോറികളിലെ രഹസ്യഅറകൾ നിർമ്മിക്കുന്നത് ദിണ്ടിക്കൽ, രാജപാളയംഎന്നിവിടങ്ങളിലെ വർക്ക്‌ഷോപ്പുകളാണ്. ഇതിനായി മാത്രമുള്ള വർക്ക് ഷോപ്പുകൾ ഇവിടെയുണ്ട്. തണ്ണിമത്തൻ, ഓറഞ്ച്, ഉള്ളി, പച്ചക്കറി, തക്കാളി, മുട്ട, മീൻ, തേങ്ങ, കച്ചി എന്നിവ കയറ്റി വരുന്ന ലോറികളിലാണ് സ്പിരിറ്റും കൊണ്ടുവരുന്നത്. ഇതിനെ കവർ ലോഡ് എന്നു പറയും. ലോറിയുടെ പുറമെനിന്നു നോക്കിയാൽ കുഴപ്പമൊന്നും തോന്നില്ല. എന്നാൽ അടിയിലെ രഹസ്യ അറയിൽ സുരക്ഷിതമായി സ്പിരിറ്റ് ഉണ്ടാകും.

ലോറിയുടെ ഫ്‌ളാറ്റ്‌ഫോമിൽ നിന്ന് ഏകദേശം 35 മുതൽ 40 വരെ സെന്റിമീറ്റർ ഉയരത്തിൽ കുറുകെ ആംഗ്ലയറുകൾ വെൽഡ് ചെയ്ത് പിടിപ്പിക്കുകയാണ് രഹസ്യ അറ നിർമ്മാണത്തിന്റെ ആദ്യപടി. ഇതിന് മുകൾഭാഗത്തായി പ്ലൈവുഡ് അടിച്ച് ബോൾട്ടിട്ട് മുറുക്കിയും പിന്നിലെ അറ്റത്ത് ബോഡിയും ആംഗ്ലയർ ഫിറ്റിംഗുമായുള്ള ഇടഭാഗം പ്ലൈവുഡ് അടിച്ച് ബന്തവസാക്കിയുമാണ് രഹസ്യ അറ നിർമ്മിക്കുന്നത്. ലോറിയുടെ ഫ്‌ളാറ്റ്‌ഫോമിനും ആംഗ്ലയറിൽ പ്ലൈവുഡ് തറച്ചതിനുമിടയിലെ രഹസ്യ അറയിലാകും സ്പിരിറ്റ് സൂക്ഷിക്കുക. പുറമെനിന്നു നോക്കിയാൽ ഇത്തരം ലോറിക്കുള്ളിൽ നിറയെ സാധനങ്ങളാണെന്നേ തോന്നൂ. അതിനാൽ വാഹനപരിശോധന നടത്തുമ്പോൾ ഇവ പിടികൂടാൻ ബുദ്ധിമുട്ടാണ്.

മീൻ കൊണ്ടുവരുന്ന ലോറികളിലും ഇത്തരത്തിൽ സ്പിരിറ്റ് എത്തിക്കുന്നുണ്ട്. മീനിന്റെ ഗന്ധവും പരിശോധനയ്ക്ക് എടുക്കുന്ന താമസം മൂലം മത്‌സ്യം കേടാകാനുള്ള സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥർ ഇത്തരം ലോറികളിലും പിക്കപ്പ്‌വാഹനങ്ങളിലും പരിശോധന നടത്താറില്ല. ഇതു മുതലാക്കിയാണ് സ്പിരിറ്റ് കടത്ത് നടക്കുന്നത്. സമീപകാലത്ത് സ്‌കോർപിയോ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളും പിക്കപ്പ്‌വാനുകളും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും മോഷണം പോയിരുന്നു. ഈ വാഹനങ്ങളുടെ നമ്പർപ്ലേറ്റു മാറ്റി വ്യാജനമ്പർ പതിച്ച് സ്പിരിറ്റ് കടത്തുകയാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

രണ്ടാഴ്ച മുമ്പ് നെല്ലിമുകളിൽ പിടികൂടിയ സ്പിരിറ്റ് ലോറിയിൽ കവർ ലോഡായി കൊണ്ടുവന്നത് തേങ്ങയായിരുന്നു. രണ്ടു ദിവസം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഈ ലോറി കൊണ്ടിട്ട് കുറഞ്ഞ വിലയ്ക്ക് തേങ്ങ വിൽക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയവർ പൊലീസിനെ വിവരം അറിയിക്കുകയും അവർ എത്തി ലോറി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

സ്പിരിറ്റ് പിടിക്കാൻ എത്തിയ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറെയും എക്‌സൈസ് ഉദ്യോഗസ്ഥനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പാരമ്പര്യമുള്ളവരാണ് അടൂരിലെ സ്പിരിറ്റ് മാഫിയ. ഇവരുടെ വേരുകൾ ചെന്നെത്തുന്നത് കായംകുളത്തെ ഗുണ്ടാസംഘങ്ങളിലാണ്. ഓരോ സംഘത്തിന്റെയും തണലിലാണ് സ്പിരിറ്റ് കൊണ്ടു വരുന്നത്. അവർ തന്നെയാണ് വ്യാപാരം നടത്തുന്നതും. കരീലക്കുളങ്ങരയിൽ എക്‌സൈസ് സി.ഐയെ വെട്ടിപ്പരുക്കേൽപ്പിച്ചതിന് ശേഷം ആ ഭാഗത്ത് സ്പിരിറ്റ് സംഭരണം കുറച്ചു. അതിന് ശേഷമാണ് സുരക്ഷിത താവളമായി അടൂർ താലൂക്ക് കണ്ടെത്തിയത്. കെ.പി റോഡിലൂടെ കായംകുളത്തിനും കടമ്പനാട്, ശാസ്താംകോട്ട വഴി കൊല്ലത്തിനും സ്പിരിറ്റ് എത്തിക്കാം. ആര്യങ്കാവ് ചെക്ക് പോസ്റ്റ് സ്പിരിറ്റ് ലോറികൾക്കായി എപ്പോഴും തുറന്നു കിടക്കുന്നു.

ഒരു മാസം മുമ്പാണ് അടൂർ പഴകുളത്ത് വ്യാജമദ്യവിൽപ്പന നടത്തിയത് പരിശോധിക്കാൻ ചെന്ന എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡിലെ സിവിൽ ഓഫീസറെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിന് സഹപ്രവർത്തകനായ എക്‌സൈസ് സിവിൽ ഓഫീസർ അറസ്റ്റിലായപ്പോൾ നാടുമുഴുവൻ ഞെട്ടി. അടൂരിലെ എക്‌സൈസുകാർക്ക് പക്ഷേ, ഞെട്ടലില്ല. കാരണം അടൂരിൽ എക്‌സൈസിന് ശമ്പളം നൽകുന്നത് സ്പിരിറ്റ് മാഫിയ തന്നെ. ആരോപണം ഉയർന്നപ്പോൾ കുറെപ്പേരെ സ്ഥലം മാറ്റി. അതുകൊണ്ട് ഒന്നുമായില്ല. ഇതിന്റെ വേരുകൾ ചെന്നുനിൽക്കുന്നത് തലസ്ഥാനത്തുള്ള ചിലരിലാണ്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ(15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ