- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന് മുമ്പിലേക്ക് ചാടി; വെട്ടിത്തിരച്ച് കാർ നിർത്തി; പുറത്തിറങ്ങിയപ്പോൾ രണ്ടു പേർ കഴുത്തിൽ കത്തി വച്ച് കൊള്ളയടിച്ചു; ചവറ എംഎൽഎയുടെ പിതൃസഹോദരന്റെ മകനെ രക്ഷപ്പെടുത്തി നാട്ടുകാരുടെ ഇടപെടൽ; അടൂരിലെ കവർച്ചയിൽ ഒരാൾ കസ്റ്റഡിയിൽ
അടൂർ: ചവറ എംഎൽഎ സുജിത് വിജയൻപിള്ളയുടെ പിതൃസഹോദരന്റെ മകനെ കാർ തടഞ്ഞ് കൊള്ളയടിച്ചു. ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മരുതിമൂട് പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
സുജിത്തിന്റെ പിതാവ് വിജയൻ പിള്ളയുടെ അനുജൻ ചന്ദ്രൻ പിള്ളയുടെ മകൻ ഷൈലേഷ് ആണ് കൊള്ളയടിക്കപ്പെട്ടത്. പുനലൂരിൽ ആക്സിസ് ബാങ്ക് മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ശൈലേഷ് വീട്ടിലേക്ക് മടങ്ങും വഴി കെപി റോഡിൽ മരുതിമൂട് ജങ്ഷന് സമീപം വച്ച് ഒരാൾ കാറിന് കുറുകെ ചാടി.
ഷൈലേഷ് കാർ വെട്ടിച്ചപ്പോൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ ഉരഞ്ഞു. ഷൈലേഷ് വെളിയിൽ ഇറങ്ങിയപ്പോൾ ഓടി വന്ന രണ്ടു പേർ കഴുത്തിൽ കത്തി വച്ച് കൊള്ളയടിക്കുകയായിരുന്നു. പഴ്സും അതിലുണ്ടായിരുന്ന 4500 രൂപയും കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണും കവർച്ചക്കാർ പിടിച്ചു വാങ്ങി.
കഴുത്തിൽ കിടന്ന ബാങ്കിന്റെ ഐഡന്റിറ്റി കാർഡ് നശിപ്പിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടി വന്നപ്പോഴേക്കും കവർച്ചക്കാരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. ഇടത്തിട്ട സ്വദേശി സൂരജ് നാട്ടുകാരുടെ പിടിയിലായി. പറക്കോട് സ്വദേശി ഉമേഷ് കൃഷ്ണനാണ് തനിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് സൂരജ് പൊലീസിന് മൊഴി നൽകി.
ഇയാൾക്കായി പൊലീസ് നേരം പുലരുന്നതു വരെ തെരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. കവർച്ച ചെയ്ത പണവും മൊബൈലും ഉമേഷിന്റെ കൈയിലാണുള്ളത്. സ്ഥിരം മോഷ്ടാവും കൊടുംക്രിമിനലുമാണ് ഉമേഷ്. മദ്യപിക്കാനായിട്ടാണ് താൻ അയാൾക്കൊപ്പം വന്നതെന്ന് സൂരജ് പറഞ്ഞു. ഉമേഷിന്റെ സഹോദരൻ ഉല്ലാസും മോഷ്ടാവും ക്രിമിനൽ കേസ് പ്രതിയുമാണ്.
സുജിത്ത് എംഎൽഎ ഇടപെട്ടതിനെ തുടർന്ന് പൊലീസ് സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചുവെങ്കിലും കൂട്ടു പ്രതിയെ കിട്ടിയിട്ടില്ല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്