തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നൽകിയെന്ന അനുപമയുടെ പരാതിയിൽ ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ദമ്പതികളിൽ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു. കുഞ്ഞിനെ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘമാണ് ആന്ധ്രയിൽ നിന്നും രാത്രി എട്ടരയോടെ കൊണ്ടുവന്നത്. കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡിഎൻഎ പരിശോധനക്കുള്ള നടപടി ഉടൻ തുടങ്ങും.

കേരളത്തിൽ എത്തിച്ച കുഞ്ഞിന്റെ സംരക്ഷണച്ചുമതല ജില്ലാ ചൈൽഡ് വെൽഫെയർ ഓഫീസർക്കാണ്. കുഞ്ഞ് അനുപമയുടേത് ആണോ എന്ന് ഉറപ്പുവരുത്താൻ ഡിഎൻഎ പരിശോധന ഉടൻ നടത്തും. അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ പരിശോധനാഫലം രണ്ടുദിവസത്തിനകം ലഭിക്കും.ഫലം അനുകൂലമായാൽ കുട്ടിയെ അനുപമയ്ക്ക് കൈമാറും.

ഇന്നലെ രാവിലെ ആറ് മണിക്കാണ് തിരുവനന്തപുരത്ത് നിന്ന് നാലംഗ ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ കൊണ്ടുവരാനായി വിമാനം കയറിയത്. ഉച്ചയോടെ ആന്ധ്രയിലെത്തി അവിടുത്തെ ശിശുക്ഷേമസമിതിയുടെ സഹായത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോഴേക്കും രാത്രി വൈകിയിരുന്നു. പിന്നാലെയാണ് കുഞ്ഞിനെയും കൊണ്ട് നേരിട്ടുള്ള വിമാനത്തിന് തിരുവനന്തപുരത്തേക്ക് എത്താൻ തീരുമാനിച്ചത്. രാത്രി എട്ട് മുപ്പഞ്ചിന് ഇൻഡിഗോ വിമാനത്തിലാണ് കുഞ്ഞിനെയും കൊണ്ട് സംഘം തിരുവനന്തപുരത്തെത്തിയത്.

ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും ഉൾപ്പെടുന്ന സംഘമാണ് കുഞ്ഞുമായി തിരുവനന്തപുരത്ത് എത്തിയത്. കോടതി നിർദ്ദേശിക്കാതെ കുഞ്ഞിനെ കൈമാറാൻ വിജയവാഡയിലെ ദമ്പതികൾ ആദ്യം വിസമ്മതിച്ചെങ്കിലും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ ഇവരെ ഫോണിൽ ബന്ധപ്പെട്ടു സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി. കുഞ്ഞുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും ആരോപണങ്ങളിലും ഇവർ ആശങ്ക പ്രകടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ ഓഫീസർ തീരുമാനിച്ച ഫിറ്റ് പേഴ്‌സണായിരിക്കും ഡിഎൻഎ പരിശോധന ഫലം വരും വരെ കുഞ്ഞിനെ സംരക്ഷിക്കുന്നത്. കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ ശേഖരിക്കും. പരാതിക്കാരായ അനുപമ എസ്.ചന്ദ്രൻ, അജിത്ത് കുമാർ എന്നിവരുടെ സാംപിളുകളും ശേഖരിക്കാനും നോട്ടിസ് നൽകുമെന്നാണ് വിവരം.

നാളെയോ മറ്റന്നാളോ തന്നെ അനുപമയുടെയും കുഞ്ഞിന്റെയും അജിത്തിന്റെയും സാമ്പിൾ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്‌നോളജിയിൽ സ്വീകരിക്കും. ഡിഎൻഎ ഫലം രണ്ട് ദിവസത്തിനകം നൽകാൻ കഴിയും എന്നാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയടെക്‌നോളജി അധികൃതരെ അറിയിച്ചിരിക്കുന്നത്. ഫലം പോസിറ്റീവായാൽ നിയമോപദേശം സ്വീകരിച്ച ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാനുള്ള തീരുമാനം ചൈൽഡ് വെൽഫയർ കമ്മിറ്റി എടുക്കും.

കുഞ്ഞ് അരികിലേക്ക് എത്തുമ്പോഴും അനുപമ ശിശുക്ഷേമ സമിതിക്കുമുന്നിലെ സമരപ്പന്തലിൽ തുടരുകയാണ്. ഒരു മാസത്തിലേറെ നീണ്ട വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് കുഞ്ഞ് കേരളത്തിലേക്ക് എത്തുന്നത്. ഡിഎൻഎ ഫലം പോസിറ്റീവായാൽ അനുപമയ്ക്ക് കുഞ്ഞിനെ കിട്ടാൻ ഇനി ഒരുപാട് കാത്തിരിക്കേണ്ടി വരില്ല എന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. 

സ്വകാര്യ ആശുപത്രിയിൽ 2020 ഒക്ടോബർ 19നാണ് പരാതിക്കാരി കുഞ്ഞിന് ജന്മം നൽകിയത്. തന്റെ മാതാപിതാക്കൾ നാലാം ദിവസം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നുമാണ് അനുപമ പരാതി നൽകിയത്. .