തിരുവനന്തപുരം: ഒടുവിൽ കുഞ്ഞിനെ കാണാൻ സി ബ്ല്യു സി അനുമതിയോടെ നിർമലാ ശിശുഭവനിൽ അജിത്തും അനുപമയും എത്തി. കുഞ്ഞിനെ കണ്ട അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത് കണ്ണുനിറഞ്ഞും ശബ്ദമിടറിയും. തന്റെ കുഞ്ഞിനെ കാണാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ മോനെ വിട്ടുപോരുന്നതിൽ സങ്കടമുണ്ടെന്നും അനുപമ പറഞ്ഞു.

'ഞങ്ങൾ കാണുമ്പോൾ കുഞ്ഞ് ഉറങ്ങാൻ പോവുകയായിരുന്നു. കണ്ട ശേഷം പുറത്തിറങ്ങിയപ്പോഴേക്കും അവൻ ഉറങ്ങി. കുഞ്ഞിനെ ശിശുഭവൻ അധികൃതർ നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട്' അനുപമ പറഞ്ഞു.

'കുഞ്ഞിനെ കണ്ടിട്ട് ഒരു വർഷത്തിലധികമായി. അവനെ കൈയിൽ കിട്ടുന്ന നിമിഷം മാത്രമാണ് മനസിലുള്ളത്. അതിനായി കാത്തിരിക്കുകയാണ്. കുഞ്ഞിനെ എത്രയും വേഗം കിട്ടുമെന്നാണ് പ്രതീക്ഷ. കാലതാമസമില്ലാതെ തിരികെ നൽകണമെന്നാണ് അഭ്യർത്ഥന' അനുപമ പറഞ്ഞു.

കേസ് പരിഗണിക്കാനായി കുടുംബ കോടതിയിൽ പ്രത്യേക അപേക്ഷ നൽകുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അറിയിച്ചിട്ടുണ്ടെന്നും അനുപമ വ്യക്തമാക്കി.

ഡി.എൻ.എ ഫലത്തിൽ സന്തോഷമുണ്ടെന്ന് അജിത് പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തുന്നതിനായി നിരവധി ഓഫീസുകളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അജിത് മാധ്യമങ്ങളോട് പറഞ്ഞു.

പ്രസവിച്ച് മൂന്നാംനാൾ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വർഷത്തിന് ശേഷമാണ് അനുപമ കാണുന്നത്. ഡി.എൻ.എ ഫലം പോസിറ്റീവായതിന് പിന്നാലെയാണ് കുഞ്ഞിനെ കാണാൻ അനുപമക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് കുന്നുകുഴിയിലെ നിർമല ശിശു ഭവനിലെത്തി കുഞ്ഞിനെ അനുപമയും ഭർത്താവ് അജിത്തും കണ്ടത്.

പ്രസവിച്ച് മൂന്നാംനാളാണ് അനുപമയുടെ അച്ഛൻ ജയചന്ദ്രൻ കുഞ്ഞിനെ അനുപമയിൽ നിന്നും പിടിച്ചുവാങ്ങികൊണ്ടുപോകുന്നത്. അതിന് ശേഷം ഒരു വർഷവും ഒറു മാസവും കഴിഞ്ഞ് ഇപ്പോഴാണ് അനുപമ കുഞ്ഞിനെ കാണുന്നത്. ഇനി ഡിഎൻഎ ഫലം പരിശോധിച്ച ശേഷം കോടതി അനുമതിയോടുകൂടി മാത്രമേ കുഞ്ഞിനെ അനുപമയ്ക്കൊപ്പം വിടുകയുള്ളു.