പത്തനംതിട്ട: വിദേശത്തായിരുന്നപ്പോൾ ഒരുമിച്ച താമസിക്കുകയും വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ തേടി എത്തിയ യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പണികിട്ടുമെന്ന് മനസിലാക്കിയ പ്രതിയുടെ മാതാവ് യുവതിയെ ആശുപത്രിയിലെത്തിച്ച് പിന്മാറി. യുവാവിനെതിരേ പൊലീസ് കേസ് എടുത്തു.

യൂത്ത് കോൺഗ്രസ് ആറന്മുള നിയോജമണ്ഡലം ജനറൽ സെക്രട്ടറി ആദർശ് സുധാകരന്റെ ചെന്നീർക്കര ഐടിഐയ്ക്ക് സമീപമുള്ള വീട്ടിലെത്തിയാണ് പന്തളം നരിയാപുരം സ്വദേശിനി ജീവനൊടുക്കാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ആദർശിന്റെ മാതാവ് രാധാമണി സുധാകരൻ ചെന്നീർക്കര പഞ്ചായത്തംഗമാണ്. നേരത്തേ അമ്മയും മകനും സിപിഐഎമ്മിലാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഇരുവരും കോൺഗ്രസിലേക്ക് മാറി.

മുൻപ് വിദേശത്തായിരുന്ന സമയത്ത് നരിയാപുരം സ്വദേശിനിയുമായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. ആദർശിന്റെ വീട്ടിലെത്തിയ യുവതി കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. രാധാമണിയാണ് രക്തം വാർന്ന് അവശനിലയിലായ യുവതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർമാർ അറിയിച്ചു. തനിക്ക് സാധിക്കില്ലെന്ന് യുവാവിന്റെ മാതാവ് അറിയിച്ചതോടെ സിഐ ടി ബിജു ആശുപത്രിയിലെത്തി.

ഞരമ്പ് മുറിക്കുക മാത്രമല്ല, യുവതിയുടെ വയറ്റിൽ വിഷപദാർഥം ചെയ്തിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതോടെ സിഐ യുവതിയോട് സംസാരിച്ചു. ആദർശ് വന്നെങ്കിൽ മാത്രമേ താൻ കഴിച്ചത് എന്താണെന്ന് പറയൂവെന്ന് യുവതി വാശി പിടിച്ചു. സിഐ ബന്ധപ്പെട്ടെങ്കിലും ആദർശ് വരാൻ കൂട്ടാക്കിയില്ല. അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചതോടെ അയാളെ മാതാവ് വിളിച്ചു വരുത്തി. തുടർന്ന് സിഐയുടെ സാന്നിധ്യത്തിൽ യുവതിയും ആദർശും സംസാരിച്ചു.

ആദർശിന് തന്നെ വേണമെങ്കിൽ മാത്രം കഴിച്ചത് എന്താണെന്ന് പറയാമെന്നായി യുവതി. ആദർശ് തയാറായതോടെ 25 ഉറക്ക ഗുളിക താൻ കഴിച്ചുവെന്ന് യുവതി അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള യുവതിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർമാർ ആവർത്തിച്ചു. ആദർശും മാതാവും ഇതിന് തയാറായില്ല. ഒടുവിൽ വനിതാ പൊലീസിനെയും കൂട്ടി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ആദർശ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്.

ഇയാൾക്കെതിരേ കേസ് എടുത്തുവെന്ന് സിഐ അറിയിച്ചു. സംഭവം വിവാദമാക്കാൻ ചില യൂത്ത് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മുകാരെ സമീപിച്ചു. ദേശാഭിമാനിയിൽ വാർത്ത കൊടുക്കാനും ഏർപ്പാടു ചെയ്തു. ഇവർ മുൻപ് സിപിഎമ്മിലായിരുന്നത് തങ്ങൾക്ക് തന്നെ പണിയാകുമെന്ന് കണ്ട് ഇവർ പിന്മാറുകയായിരുന്നു.