- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണത്തിന് ഒറ്റയ്ക്ക് പോകും; കവർച്ച കഴിഞ്ഞാൽ വാഹനം വർക് ഷോപ്പുകളിൽ ഉപേക്ഷിക്കും; ഇലക്ട്രോണിക്സ് ഉപകരണങ്ങളോട് പ്രത്യേക താൽപ്പര്യവും; ആട് ആന്റണിയെന്ന മോഷ്ടാവിന്റെ രീതികൾ ഇങ്ങനെ; തൊണ്ടി മുതലുകൾ കണ്ട് പൊലീസും ഞെട്ടി
കൊല്ലം: ആട് ആന്റണിയെ കൊല്ലത്തെ പ്രത്യേക പൊലീസ് സംഘം പാലക്കാട് നിന്ന് കൊല്ലത്ത് എത്തിച്ചു. പറവൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലർച്ചെയോടെ ആട് ആന്റണിയെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ആട് ആന്റണി താമസിച്ച പാലക്കാട് ഗോപാലപുരത്തെ വീട്ടിൽ കൊല്ലം പൊലീസ് പരിശോധന നടത്തി. ആട് ആന്റണിയെ ചിറ്റൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാ
കൊല്ലം: ആട് ആന്റണിയെ കൊല്ലത്തെ പ്രത്യേക പൊലീസ് സംഘം പാലക്കാട് നിന്ന് കൊല്ലത്ത് എത്തിച്ചു. പറവൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലർച്ചെയോടെ ആട് ആന്റണിയെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ആട് ആന്റണി താമസിച്ച പാലക്കാട് ഗോപാലപുരത്തെ വീട്ടിൽ കൊല്ലം പൊലീസ് പരിശോധന നടത്തി. ആട് ആന്റണിയെ ചിറ്റൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം രാത്രിയിൽ പരവൂർ സി ഐ, വി എസ് ബിജുവും സംഘവും ഗോപാലപുരത്തെ വീട്ടിൽ എത്തിയിരുന്നു. ഈ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ മോഷണ വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്.
പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ അട് ആന്റണി കുറ്റസമ്മതം നടത്തിയിട്ടുണ്. മോഷണ രീതിയും വിശദീകരിച്ചു. ഇലക്ടോണിക് സാധനങ്ങളോടാണ് താൽപ്പര്യമെന്നും പറഞ്ഞു. ഒളിത്താവളങ്ങളുടെ വിശദാംശങ്ങളും വ്യക്തമാക്കി. ഇവിടെയെല്ലാം എത്തി പൊലീസ് പരിശോധന നടത്തും. ആൾ മാറാട്ടത്തിനുള്ള വിരുതാണ് ഇതിലൂടെ പുറത്ത് വരുന്നത്. മോഷണത്തിന്റെ തന്റേതായ ശൈലി തന്നെ ആട് സ്വീകരിച്ചിരുന്നു. മോഷണത്തിനിടെ രക്ഷപ്പെടാൻ എന്ത് തന്ത്രവും സ്വീകരിക്കും. അതിന്റെ ഭാഗമായിരുന്നു പാരിപ്പള്ളിയിലെ മണിയൻപിള്ളയെന്ന പൊലീസുകാരന്റെ കൊലപാതകവും. പൊലീസ് കെണിയിൽപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാൻ ആന്റണിക്ക് കഴിയുമായിരുന്നില്ല. ഇതൊകൊണ്ടാണ് മണിയൻപിള്ളയേയും കൊല്ലേണ്ടി വന്നത്. മോഷണം തന്നെയാണ് തന്റെ പ്രധാന ലക്ഷ്യമെന്നാണ് ആട് പറയുന്നത്.
രാത്രി വാഹനത്തിൽ ഒറ്റയ്‌ക്കെത്തിയാണ് മോഷണം. വാഹനത്തിന്റെ പിൻസീറ്റ് എപ്പോഴും ഇളക്കിമാറ്റിയിരിക്കും. കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ടുപോകുന്നതിനുള്ള സൗകര്യത്തിനാണിത്. മോഷണത്തിനുപയോഗിച്ച വാഹനം ഏതെങ്കിലും വർക്ക്‌ഷോപ്പിൽ കയറ്റിയിടുകയാണ് പതിവ്. ഉടൻതന്നെ സംസ്ഥാനം വിട്ടുപോകുകയും ചെയ്യും. തമിഴ്‌നാട്ടിലാണ് പ്രധാന ഒളിത്താവളം. പൊലീസുകാരനെ കുത്തിക്കൊന്നശേഷം പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച വാൻ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ളതായിരുന്നു. 2009ൽ ആട് ആന്റണിയെ പിടിക്കാൻ പൊലീസ് അന്വേഷണം ഊർജിതമാക്കുകയും ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു. ഈ കാലയളവിൽ ആലപ്പുഴ ജില്ലയിൽ നടന്ന ചില മോഷണക്കേസുകളിലും ആട് ആന്റണിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിനുശേഷം ഒരിക്കൽ അമ്പലപ്പുഴയിൽവച്ച് ആന്റണി പൊലീസിന്റെ വലയിൽ അകപ്പെട്ടെങ്കിലും സമർഥമായി രക്ഷപ്പെട്ടു.
കോയമ്പത്തൂരിലും മധുരയിലുമൊക്കെ രഹസ്യസങ്കേതങ്ങളുണ്ടെങ്കിലും ആട് ആന്റണി ചെന്നൈയിലാണ് കൂടുതലായും താമസിച്ചിരുന്നത്. 20 വർഷമായി ചെന്നൈയിലെ പല സ്ഥലങ്ങളിലും ഇയാൾ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. അവിടെ ഓരോ മുക്കുംമൂലയും സുപരിചിതമാണ്. കൂടുതൽ സ്ഥലങ്ങളിലും കമ്പ്യൂട്ടർ സെയിൽസ് െറപ്രസന്റേറ്റീവ് എന്നാണ് പറഞ്ഞിരുന്നത്. ചെന്നൈയിലും കോയമ്പത്തൂരിലും ആന്ധ്രയിലുമൊക്കെ മാറിമാറി താമസിച്ച് മോഷണം നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ അഞ്ചോളം ഫ്‌ലാറ്റുകൾ ഇയാൾക്കുണ്ടായിരുന്നു. പലയിടത്തും ഇയാൾ ഒളിപ്പിച്ചിരുന്ന മോഷണമുതലുകൾ പിന്നീട് പൊലീസ് കണ്ടെത്തി. ചെന്നൈയിലുള്ള വീട്ടിൽനിന്നാണ് കൂടുതൽ സാധനങ്ങൾ കണ്ടെടുത്തത്. അമ്പതിലേറെ കമ്പ്യൂട്ടറുകൾ, എൽ.സി.ഡി.മോണിറ്ററുകൾ, പ്രൊജക്ടറുകൾ, ഹോം തിയേറ്റർ, ടേപ്പ് റെക്കോഡർ, സി.ഡി.പ്ലെയറുകൾ, മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, നിലവിളക്കുകൾ, ആഡംബര ഗൃഹോപകരണങ്ങൾ തുടങ്ങി ചവിട്ടുമെത്തകൾവരെ മോഷണവസ്തുക്കളിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഡിണ്ടിഗലിലെ സ്വകാര്യ കോളജിന്റെ ഓഫിസ് കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപയുടെ കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ചിരുന്നു. സംഭവത്തിൽ ഡിണ്ടിഗൽ പൊലീസ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് ആന്റണിയെ തിരിച്ചറിഞ്ഞിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെ ചെന്നൈ റയിൽവേ സ്റ്റേഷനിൽനിന്നു തലനാരിഴയ്ക്കാണ് ആന്റണി പൊലീസിൽനിന്നു രക്ഷപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറിയായിരുന്നു രക്ഷപ്പെടൽ. വിവിധയിടങ്ങളിൽനിന്നു മോഷ്ടിച്ച ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിൽക്കാനാണ് ആന്റണി ചെന്നൈയിലെത്തിയത്. ഈറോഡ്, ഡിണ്ടിഗൽ, സേലം, തിരുപ്പൂർ എന്നിവിടങ്ങളിൽ ഒട്ടേറെ മോഷണങ്ങൾ നടത്തിയതായി ചോദ്യംചെയ്യലിൽ ആന്റണി സമ്മതിച്ചതായി ഡിവൈഎസ്‌പി എം.എൽ. സുനിൽ പറഞ്ഞു.
അട് ആന്റണി തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ ഉണ്ടെന്ന് കൊല്ലം സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് ഒരു വർഷം മുമ്പുതന്നെ സൂചന ലഭിച്ചിരുന്നു. എന്നാൽ, പല വഴിക്കും അന്വേഷിച്ചിട്ടും ഇയാളുടെ ഒളിസങ്കേതം കണ്ടത്തൊൻ എസ്.ഐ.ടിക്ക് സാധിച്ചിരുന്നില്ല. പാലക്കാട് മലമ്പുഴയിലെ മുൻ ഭാര്യയുമായി ബന്ധപ്പെട്ട് പാലക്കാട് സ്‌പെഷൽ ബ്രാഞ്ചിന് ലഭിച്ച ചില സൂചനകൾ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് അറസ്റ്റിൽ കലാശിച്ചത്. ധാരാപുരത്തും ഗോപാലപുരത്തും തദ്ദേശീയരിൽ ചിലരുടെ മൊഴികളും സഹായകരമായി. ധാരാപുരത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ നാലു തവണ ആന്റണി പൊലീസിന്റെ കൈയിൽനിന്നും വഴുതി രക്ഷപ്പെട്ടിരുന്നു. അതുകൊണ്ടാണ് പഴുതുകൾ അടച്ച് ആട് ആന്റണിക്കായി പൊലീസ് വലയൊക്കി കാത്തിരുന്നത്. അത് ഫലം കാണുകയും ചെയ്തു. പാലക്കാട് ഗോപാലപുരത്തെ വീട്ടിൽനിന്നു മൂന്നു ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളും പൊലീസ് കണ്ടെടുത്തു. 2005ൽ പാലക്കാട് നഗരത്തിലെ ഇലക്ട്രോണിക് ഷോപ്പ് കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപയുടെ ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ ആന്റണി രണ്ടു വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഈ കുപ്രസിദ്ധ മോഷ്ടാവിനെതിരെ ഇതുവരെ രജിസ്റ്റർചെയ്ത മോഷണക്കേസുകൾ 200ല്പരമാണ്. മോഷണത്തിൽ മാത്രമല്ല വിവാഹത്തിലും വീരനാണ് ആന്റണി. ഇതുവരെ നടത്തിയത് 21 വിവാഹങ്ങൾ. വിവിധ മോഷണക്കേസുകളുടെ അന്വേഷണത്തിനായി പൊലീസ് എത്തുമ്പോഴാണ് ആന്റണിയുടെ പുതിയ ഭാര്യമാരെ കണ്ടെത്തുന്നത്. ആട് മോഷണക്കേസിൽ ശിക്ഷകഴിഞ്ഞ് ഇറങ്ങിയശേഷം ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കായി ശ്രദ്ധ. വിലയേറിയ ടെലിവിഷനുകളും ലാപ്‌ടോപ്പുകളുമാണ് മോഷ്ടിച്ചിരുന്നത്. ഇതിന് പരിശീലനത്തിനായി ശാസ്ത്രസാങ്കേതിക പ്രസിദ്ധീകരണങ്ങൾ വായിച്ചിരുന്നു. കൊല്ലത്തെ താമസസ്ഥലത്തുനിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഇത്തരം പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തിരുന്നു. 50 ലക്ഷത്തിലേറെ വിലയുള്ളവയാണ് പിടിച്ചെടുത്തത്.
ഭാര്യമാരെ കണ്ടെത്തി ആട് ആന്റണിയെ കുടുക്കാനായിരുന്ന പൊലീസ് തന്ത്രം. ഇതിനായി ആന്റണിയെപ്പറ്റി വിവരം ശേഖരിക്കുന്നതിന് രൂപവത്കരിച്ച സ്‌ക്വാഡ് ഭാര്യമാരെ ഒന്നൊന്നായി കണ്ടെത്തി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇയാൾ താമസിച്ചിരുന്ന ഒളിത്താവളങ്ങൾ തിരിച്ചറിയാൻ ഭാര്യമാരുടെ മൊഴികൾ സഹായകമായി. സോജ (തൃശ്ശൂർ), ഷൈല (വയനാട്), ബിന്ദു (മലമ്പുഴ), സ്മിത (ചേർപ്പ്), എയ്ഞ്ചൽ മേരി (പ്രക്കാനം), സൂസൻ, ശ്രീകല (കൊച്ചി), വിജി (കോഴിക്കോട്), സോജ (കോട്ടയം), കൊച്ചുമോൾ (മുംബൈ), ഗിരിജ (കൊല്ലം), കുമാരി (കുഴിത്തുറ) തുടങ്ങി ഇരുപതോളം ഭാര്യമാരെയാണ് അന്വേഷണസംഘം ഇതേവരെ കണ്ടെത്തിയത്.
സ്ത്രീകളെ വലയിൽ വീഴ്‌ത്താൻ ബിസിനസ്സുകാരനായും കംപ്യൂട്ടർ പ്രൊഫഷണലായും വേഷമിടും. ജാതിയും മതവും മാറ്റും. പൊലീസ് ഡ്രൈവർ മണിയൻപിള്ളയെ കൊലപ്പെടുത്തി കേരളം വിടുമ്പോഴും ഒരു ഭാര്യയെ ഒപ്പം കൂട്ടിയിരുന്നു. വേഷം മാറാനുള്ള മികവ് തന്നെയായിരുന്നു ഒളി ജീവിതത്തിന് കരുത്തായതും.