കോഴിക്കോട്: 500ലധികം മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയ ആട് ആന്റണിയെന്ന കുപ്രസിദ്ധ ക്രിമിനലിന് നീലച്ചിത്ര നിർമ്മാണവും ഉണ്ടായിരുന്നുവെന്ന് പൊലീസ്. ഇതിന് വേണ്ടിയാണ് നാട്ടിലെങ്ങും ഭാര്യമാരെ ആട് ആന്റണിയുണ്ടാക്കിയത്. ഭാര്യമാരുടെ സമ്മതത്തോടെയും രഹസ്യമായുമെല്ലാം നീലച്ചിത്ര നിർമ്മാണമാണ് ആട് ആന്റണി നടത്തിയത്. മുമ്പ് ഇത്തരത്തിലൊരു കേസ് ആട് ആന്റണിക്ക് എതിരെ ഉണ്ടായിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ആട് ആന്റണി ഇക്കാര്യം സ്ഥിരീകരിച്ചതായാണ് സൂചന.

ആട് ആന്റണിയുടെ വീടുകൾ റെയ്ഡ് നടത്തിയതിൽ നിന്നും സിഡികൾ പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. ആട് ആന്റണിയുടെ ഭാര്യമാരെ ഒ്‌ന്നൊന്നായി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് പരിപാടി. ഇതിലൂടെ നീലച്ചിത്ര നിർമ്മാണത്തിലെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പൊലീസ്. പൊലീസ് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് പിടികിട്ടാപ്പുള്ളിയായ ആട് ആന്റണി അറസ്റ്റിലാകുന്നത്. ഇരുപതിലധികം ഭാര്യമാരാണ് ആട് ആന്റണിക്കുള്ളതെന്നാണ് കണ്ടെത്തിയിരുന്നത്.

നീലച്ചിത്രം നിർമ്മിച്ച് വിൽപ്പന നടത്തിയതിനാണ് 2002 ജൂണിൽ ആന്റണിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. നടക്കാവ് രാരിച്ചൻ റോഡിലെ വാടകവീട്ടിൽവച്ചാണ് ഇത് നിർമ്മിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആട് ആന്റണി 2000ത്തിൽ കൊല്ലത്തുനിന്ന് താവളം കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. ഭാര്യമാരിലൊരാളായ തൃശൂർ സ്വദേശിനി സോജയുടെ പരാതിയിലാണ് കൊല്ലം പൊലീസ് കോഴിക്കോട്ടെ വാടകവീട്ടിൽ അന്വേഷണം നടത്താനെത്തിയിരുന്നത്. വീട്ടിൽ നടത്തിയ റെയ്ഡിൽ അന്ന് വീഡിയോ റെക്കോഡറും വീഡിയോകളും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത സാധനങ്ങൾ കൊല്ലം പൊലീസ് നടക്കാവ് പൊലീസിന് കൈമാറിയിരുന്നു.

കോഴിക്കോട്ടുനിന്ന് പൊലീസ് റെയ്ഡിൽ ആന്റണിയെ പിടികൂടുമ്പോൾ രണ്ടു ഭാര്യമാരും വീട്ടിലുണ്ടായിരുന്നു. രണ്ട് ഭാര്യമാരെ ഒരുമിച്ച് താമസിപ്പിച്ചായിരുന്നു നീലച്ചിത്ര നിർമ്മാണം. വിവിധയിടങ്ങളിൽ നീലച്ചിത്ര നിർമ്മാണം നടത്തിയിരുന്നുവെങ്കിലും കോഴിക്കോട്ടുനിന്ന് മാത്രമാണ് പിടിയിലായത്. ഒളവണ്ണ സ്വദേശി വർഗീസിന്റെ മകൻ ആട് ആന്റണിയെന്നാണ് പൊലീസിൽ നൽകിയിരുന്ന മേൽവിലാസം. ഈ കേസിൽ നടക്കാവ് പൊലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ മാതൃകയിൽ നീലച്ചിത്രങ്ങൾ പിന്നീടും ആട് നിർമ്മിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്.

അതിനിടെ പാരിപ്പള്ളി മടത്തറയിൽ വാഹനപരിശോധനക്കിടെ പൊലീസ് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പിടികിട്ടാപ്പുള്ളി ആട് ആന്റണിയെ ഇന്നലെ കൊല്ലത്തു കൊണ്ടുവന്നു. പാലക്കാടു നിന്നും ചൊവ്വാഴ്ച പുലർച്ചെയാണു പരവൂർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ആന്റണിയെ കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. ആട് ആന്റണി താമസിച്ച പാലക്കാട് ഗോപാലപുരത്തെ വീട്ടിൽ കൊല്ലം പൊലീസ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ ലക്ഷക്കണക്കിനു രൂപയുടെ മോഷണവസ്തുക്കൾ പൊലീസ് കണ്ടെത്തി. ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ നിന്നും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ കൊണ്ടുവന്ന ആന്റണിയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ഇയാളെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശ് പറഞ്ഞു.

പിടിയിലായ ആട് ആന്റണിയുടെ കൈയിൽ നിന്നും ലഭിച്ച രേഖകളിൽ ശെൽവരാജ് എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. അബന്ധം പറ്റരുതെന്ന് ഉറപ്പുവരുത്താനാണ് ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ് ഒരുങ്ങുന്നത്. പൊലീസ് ഡ്രൈവറുടെ കൊലയ്ക്കു ശേഷം വർക്കലയിൽ ഒരു ദിവസം തങ്ങിയ ആന്റണി ട്രെയിൻ മാർഗം രക്ഷപ്പെടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാരിപ്പള്ളിയിലെ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസിന് ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.