- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ എതിരാളിയുടെ വീടിന് മുമ്പിൽ റീത്ത് വച്ച് ഭയപ്പെടുത്തുന്നതും പതിവാകുന്നു; അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായുള്ള കുടുംബയോഗം സംഘടിപ്പിച്ച വീട്ടിൽ റീത്തും ഭീഷണിക്കത്തും; കോടിയേരിക്ക് തുറന്ന കത്തെഴുതി അവസരം മുതലെടുത്ത് യുഡിഎഫ് സ്ഥാനാർത്ഥി
കണ്ണൂർ: സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണം മുറുകുന്നതിനിടെ കൊലപാത രാഷ്ട്രീയമാണ് ചർച്ചയാകുന്നത്. കണ്ണൂരിൽ അടക്കം ഇത് വ്യാപകമായി തന്നെ ചർച്ചാവിഷയമാക്കുകയാണ് യുഡിഎഫ്. പി ജയരാജന്റെ വിവാദ പരാമർശവും അതിന് കുമ്മനം രാജശേഖരൻ നൽകിയ മറുപടിയുമെല്ലാം സജീവ ചർച്ചക്കിടയാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഭീഷണിയുടെ പുതിയ രൂപം കണ്ണൂർ ജില്ലയിൽ വ്യാപകമാകുന്നത്. രാഷ്ട്രീയ എതിരാളികളുടെ വീടിന് മുമ്പിൽ റീത്തും ഭീഷണക്കത്തും വച്ചാണ് പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇതിന് പിന്നിൽ എൽഡിഎഫ് ആണെന്ന് പറഞ്ഞ് അവസരം മുതലെടുക്കാൻ ഒരുങ്ങുകയാണ് തലശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി എ പി അബ്ദുള്ളക്കുട്ടി. തെരഞ്ഞെടുപ്പു കാലത്ത് അക്രമവും ബോംബേറുമൊക്കെ കണ്ണൂരിൽ പതിവു സംഭവമാണെങ്കിലും കുടുംബയോഗം നടത്തിയ വീട്ടിനു മുന്നിൽ റീത്ത് വച്ച് ഭീഷണി ഉയർത്തിയത് ഇത് പുതിയ സംഭവമാണ്. തലശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി എ.പി.അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കുടുംബയോഗം സംഘടിപ്പിച്ച വീടിനു മുന്നിലാണ് റീത്തും അതിനു മുകളിൽ പതിച്ച ഭീഷണിക്
കണ്ണൂർ: സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണം മുറുകുന്നതിനിടെ കൊലപാത രാഷ്ട്രീയമാണ് ചർച്ചയാകുന്നത്. കണ്ണൂരിൽ അടക്കം ഇത് വ്യാപകമായി തന്നെ ചർച്ചാവിഷയമാക്കുകയാണ് യുഡിഎഫ്. പി ജയരാജന്റെ വിവാദ പരാമർശവും അതിന് കുമ്മനം രാജശേഖരൻ നൽകിയ മറുപടിയുമെല്ലാം സജീവ ചർച്ചക്കിടയാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഭീഷണിയുടെ പുതിയ രൂപം കണ്ണൂർ ജില്ലയിൽ വ്യാപകമാകുന്നത്. രാഷ്ട്രീയ എതിരാളികളുടെ വീടിന് മുമ്പിൽ റീത്തും ഭീഷണക്കത്തും വച്ചാണ് പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇതിന് പിന്നിൽ എൽഡിഎഫ് ആണെന്ന് പറഞ്ഞ് അവസരം മുതലെടുക്കാൻ ഒരുങ്ങുകയാണ് തലശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി എ പി അബ്ദുള്ളക്കുട്ടി.
തെരഞ്ഞെടുപ്പു കാലത്ത് അക്രമവും ബോംബേറുമൊക്കെ കണ്ണൂരിൽ പതിവു സംഭവമാണെങ്കിലും കുടുംബയോഗം നടത്തിയ വീട്ടിനു മുന്നിൽ റീത്ത് വച്ച് ഭീഷണി ഉയർത്തിയത് ഇത് പുതിയ സംഭവമാണ്. തലശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി എ.പി.അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കുടുംബയോഗം സംഘടിപ്പിച്ച വീടിനു മുന്നിലാണ് റീത്തും അതിനു മുകളിൽ പതിച്ച ഭീഷണിക്കത്തും കാണപ്പെട്ടത്.
പൊന്ന്യം പാലം തെക്കേ തയ്യിൽ 'മറിയാസിൽ ' കോട്ടയിൽ നാസറിന്റെ വീട്ടു മുറ്റത്താണ് റീത്തും കത്തും കണ്ടത്. 'ഒരു നാടിനെ വർഗ്ഗീയ വൽക്കാരിക്കാനുള്ള നിന്റെ ശ്രമങ്ങൾ നമ്മൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഞങ്ങളുടെ കണ്ണുകൾ നിന്റെ പിറകിലുണ്ട്. ഇത്
നിനക്കുള്ള താക്കീതല്ല മുന്നറിയിപ്പ് മാത്രം. ഈ തെരഞ്ഞെടുപ്പിലെ നിന്റെ വിധിയോർത്ത് നീ കരയേണ്ടി വരും. ഓർത്തോളൂ നാസറേ ഇനി മുന്നറിയിപ്പില്ല. പറഞ്ഞല്ല ശീലം ചെയ്താണ്.' എന്നാണ് റീത്തിന് മുകളിൽ വച്ച കത്തിലെ ഉള്ളടക്കം.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഈ വിഷയം ഉന്നയിച്ച് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ രംഗത്തിറങ്ങാനാണ് അബ്ദുള്ളക്കുട്ടിയുടെ തീരുമാനും സ്ഥലത്തെത്തി അബ്ദുള്ളക്കുട്ടി വീട് സന്ദർശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഐ(എം) പ്രവർത്തകാണെന്നാണ് അബ്ദുള്ളക്കുട്ടി ആരോപിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണവും തുടരുന്നുണ്ട്. സംഭവത്തിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അബ്ദുള്ളക്കുട്ടി തുറന്ന കത്തും അയച്ചിട്ടുണ്ട്.
കോടിയേരിക്ക് അബ്ദുള്ളക്കുട്ടി അയച്ച തുറന്ന കത്ത് ഇങ്ങനെ:
പ്രിയപ്പെട്ട സഖാവ് കോടിയേരിക്ക്,
അങ്ങയുടെ മണ്ഡലമായ തലശ്ശേരിയിൽ ഇക്കുറി ഞാനൊരു സ്ഥാനാർത്ഥിയാണെന്ന് അറിയാമല്ലോ. കഴിഞ്ഞ നിയമസഭയിലെ ഒരു സഹപ്രവർത്തകൻ എന്ന നിലയിലും കൂടിയാണ് ഞാനീ കത്തെഴുതുന്നത്. സ്ഥാനാർത്ഥിയെന്ന നിലയിൽ സ്വതന്ത്രമായ പ്രവർത്തനത്തിന് പല
തടസ്സങ്ങളും നിരന്തരം ഉണ്ടാകുകയാണ്. പ്രചാരണ സാമഗ്രികൾ നശിപ്പിക്കുക, ബോർഡുകൾ കീറുക, എടുത്തുകൊണ്ടുപോകുക, പോസ്റ്ററുകൾ നശിപ്പിക്കുക, സ്ഥാപനങ്ങളിൽ ചെന്ന് വോട്ട് ചോദിക്കുന്നത് തടയുക, കുടുംബയോഗം സംഘടിപ്പിച്ച വീടുകളിൽ ചെന്ന് ഭീഷണിപ്പെടുത്തുക, റീത്തുവെക്കുക, കുത്തുവാക്കുകൾ എഴുതിവെക്കുക, പ്രവർത്തകരെ മർദിക്കുക എന്നിവയൊക്കെ നടക്കുന്ന കാര്യം എന്റെ പഴയ സഹപ്രവർത്തകർ കൂടിയായ അങ്ങയുടെ പാർട്ടി ലോക്കൽ സെക്രട്ടറിമാർ എം.വി ജയരാജൻ, വി.കെ രാഗേഷ്, വി. ഹരിദാസൻ എന്നിവരോടൊക്കെ ഞാൻ പറഞ്ഞിരുന്നു. അവരൊക്കെ നിസ്സഹായരും ഇരുട്ടിന്റെ ശക്തികളെ നിയന്ത്രിക്കാൻ പറ്റാത്തവരുമാണെന്ന് തുടർന്ന് പോരുന്ന ഇത്തരം കാര്യങ്ങളിലൂടെ എനിക്ക് മനസ്സിലായി. അങ്ങ് പാർട്ടിയുടെ സർവ്വാധിപനാണ്. പാർട്ടി പ്രവർത്തകർ നടത്തുന്ന ഇത്തരം കുത്സിത പ്രവർത്തനങ്ങളും അക്രമങ്ങളും നിയന്ത്രിക്കുവാനും അതിൽ നിന്ന് പിന്തിരിപ്പിക്കാനും ഒരു 'ഫത്‌വ' ഇറക്കണമെന്ന് അങ്ങയോട് അഭ്യർത്ഥിക്കുന്നു.
മേലെ ചമ്പാട് ടി.അസീസിന്റെ ഇരുന്നൂറിലേറെ വാഴത്തൈകൾ വെട്ടി നശിപ്പിച്ചത് അദ്ദേഹം അവിടെ ഒരു കുടുംബയോഗം സംഘടിപ്പിച്ചതിന്റെ പേരിലാണ്. റബ്‌കോ ഫാക്ടറിയിൽ വോട്ടുചോദിക്കാൻ ചെന്ന എന്നെയും സഹപ്രവർത്തകരെയും തടയുകയും അസഭ്യവർഷം ചൊരിയുകയുമുണ്ടായി. ന്യൂമാഹി പെരിങ്ങാടി പോസ്റ്റോഫീസിന് സമീപമുള്ള യു.ഡി.എഫ് പ്രവർത്തകനായ പീതാംബരന്റെ പലചരക്ക്കട അടിച്ചുതകർക്കുകയും അദ്ദേഹത്തെ മർദ്ദിക്കുകയുമുണ്ടായി. സംഭവം കണ്ട് അദ്ദേഹത്തിന്റെ മകൻ മോഹാലസ്യപ്പെട്ടുവീണു. ഈ കേസുമായി ബന്ധപ്പെട്ട് ഒരു സിപിഐ(എം) പ്രവർത്തകൻ അറസ്റ്റിലായി. രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. തലശ്ശേരി കടപ്പുറത്ത് പെട്ടിക്കട നടത്തുന്ന മത്സ്യത്തൊഴിലാളി കോൺഗ്രസ് സെക്രട്ടറി ഉമ്മർ ചാലിൽ എന്നയാളുടെ കട അടിച്ചുതകർത്ത് കടലിൽ വലിച്ചെറിഞ്ഞു. പൊന്ന്യം പാലത്തെ കോട്ടയിൽ നാസറിന്റെ മറിയാസ് എന്ന വീട്ടിനുമുമ്പിൽ റീത്ത് വച്ച് ഭീഷണി മുഴക്കിയതും അദ്ദേഹം അവിടെ ഒരു കുടുംബയോഗം സംഘടിപ്പിച്ചതിന്റെ പേരിലാണ്.
അങ്ങയുടെ പാർട്ടിക്കാർ പ്രദർശിപ്പിച്ച കൊടിതോരണങ്ങളുടെയും ഫ്‌ലക്‌സുകളുടെയും പത്തിലൊരംശം എനിക്ക് ഇവിടെയില്ല. വാക്കിലോ നോക്കിലോ ഒരാളെയും നോവിക്കാതെ അങ്ങേയറ്റം കുലീനത കാത്തുസൂക്ഷിച്ച് പൊതുപ്രവർത്തനം നടത്തുന്ന ആളാണ് ഞാനെന്ന കാര്യം അങ്ങയ്ക്കറിയാമല്ലോ. തലശ്ശേരിയിൽ സമാധാന പരമായ തെരഞ്ഞെടുപ്പാണ് ഞങ്ങളുടെ ലക്ഷ്യം. അതിനിടയിൽ മുമ്പുണ്ടാവുന്നതുപോലെ അങ്ങയുടെ പാർട്ടിക്കാരിൽ നിന്നും ഉണ്ടാകുന്ന ഇത്തരം നീചമായ പ്രവർത്തനങ്ങൾ തടയണം. രാഷ്ട്രീയ സംഘട്ടനങ്ങളിൽ നിരവധി പേർ മരിച്ചുവീണ ഈ മണ്ണിൽ വീണ്ടും കലാപക്കൊടി ഉയർത്തുന്ന ആളുകളെ നിയന്ത്രിച്ചു നിർത്തേണ്ടത് സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ അങ്ങയുടെ കടമയാണ്. ഈ കാര്യത്തിൽ മൗനം പാലിച്ചാൽ അങ്ങയുടെ അലംഭാവം സംസ്ഥാനമൊട്ടാകെ ചർച്ച ചെയ്യപ്പെടും. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയിൽ നിന്നു നല്ല നടപടികൾ പ്രതീക്ഷിച്ചുകൊണ്ട്,
എ.പി അബ്ദുല്ലക്കുട്ടി
(തലശ്ശേരി നിയോജകമണ്ഡലം
ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി)