ഛണ്ഡിഗഡ്: പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് താമസിക്കാമെന്ന് പഞ്ചാബ് ഹൈക്കോടതി. യുവതീ യുവാക്കൾക്ക് പ്രായപൂർത്തിയായാൽ നിയമമനുസരിച്ച് ഒരുമിച്ച് ജീവിക്കാൻ എല്ലാവിധ അവകാശവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഒരുമിച്ച് താമസിക്കാൻ അനുവദിക്കണമെന്നും മാതാപിതാക്കളുടെ ഭീഷണിയുണ്ടെന്നും ആരോപിച്ച് 19കാരിയും 20കാരനും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അൽക സരിൻ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

യുവതിയും യുവാവും നൽകിയ ഹർജ്ജിയിൽ നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കാൻ ഫത്തേഗഡ് സാഹിബ് സീനിയർ പൊലീസ് സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി.

ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് നിർണ്ണയിക്കാനാവില്ല, ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും ഒരു വ്യക്തിക്ക് ലഭിക്കണം. ജീവിതത്തിൽ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം വളരെ പ്രധാനപ്പെട്ടതാണ്. പ്രായപൂർത്തിയായ മക്കൾ എങ്ങനെ ജീവിക്കണെന്ന് തീരുമാനിക്കാൻ മാതാപിതാക്കൾക്ക് അവകാശമില്ലെന്നും അവർക്ക് 'ലിവ് ഇൻ റിലേഷൻഷിപ്പിൽ' ജീവിക്കാമെന്നും കോടതി നിരീക്ഷിച്ചു.

19 കാരിയായ പെൺകുട്ടിയും 20 കാരനായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. വിവരം അറിഞ്ഞ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. ഇതോടെ കഴിഞ്ഞ 20 ന് പെൺകുട്ടി വീട് വിട്ടിറങ്ങി യുവാവിനൊപ്പം താമസം തുടങ്ങി. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ സമീപിച്ചു. തുടർന്നാണ് പെൺകുട്ടിയും യുവാവും കോടതിയെ സമീപിച്ചത്