കൊച്ചി: ദിലീപിന്റെ അഭിഭാഷകർക്കെതിരേ ആക്രമിക്കപ്പെട്ട നടി നൽകിയ പരാതിയിൽ ബാർ കൗൺസിലിന്റെ മറുപടിയിൽ നടി തുടർ നടപടികളുമായി മുമ്പോട്ട് പോകും. ഇ-മെയിൽ വഴി നൽകിയ പരാതിയിൽ തുടർനടപടിയെടുക്കാൻ കഴിയില്ലെന്നും ബാർ കൗൺസിൽ ചട്ടപ്രകാരം രേഖാമൂലം പരാതി നൽകിയാൽ നടപടികൾ സ്വീകരിക്കാമെന്നും കൗൺസിൽ ചെയർമാൻ കെ.എൻ. അനിൽകുമാർ അറിയിച്ചിരുന്നു. ഇത് നടിയെ അറിയിക്കുകയും ചെയ്തു.

നടിയുടെ ഇ-മെയിൽ ലഭിച്ചതിന് പിന്നാലെ രേഖാമൂലം പരാതി നൽകേണ്ട നടപടിക്രമങ്ങളടക്കം വിശദമാക്കി മറുപടി അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നടി തീരുമാനിച്ചത്. എന്നാൽ അഡ്വ ബി രാമൻപിള്ളയ്‌ക്കെതിരെ നടപടിയുണ്ടാവുകയെന്നത് അത്ര എളുപ്പമാകില്ലെന്ന നിയമോപദേശവും നടിക്ക് കിട്ടിയിട്ടുണ്ട്. നടപടിക്രമങ്ങൾ കാലതാമസത്തിനും ഇട നൽകും. ഇതിലുപരി അഭിഭാഷകർക്കിടയിൽ രാമൻപിള്ള വക്കീലിനുള്ള സ്വാധീനവും നടിക്ക് അറിയാം. എങ്കിലും ചട്ടപ്രകാരം മുമ്പോട്ട് പോകാനാണ് തീരുമാനം.

ബാർ കൗൺസിൽ നിയമപ്രകാരം ഒരു അഭിഭാഷകനെതിരേ പരാതി നൽകാൻ ചില ചട്ടങ്ങളുണ്ട്. പരാതിക്കൊപ്പം അതിന്റെ 30 പകർപ്പുകളും 2500 രൂപ സ്റ്റാറ്റിയൂട്ടറി ഫീസും നൽകണം. ചട്ടപ്രകാരം പരാതി ലഭിച്ചാൽ അത് നമ്പറിട്ട് എതിർകക്ഷികൾക്ക് അയച്ചുനൽകും. അവരുടെ മറുപടി ലഭിച്ചാൽ അത് പരാതിക്കാരെയും അറിയിക്കും. പിന്നീട് ഇരുവർക്കും പറയാനുള്ളത് കേട്ടശേഷം ജനറൽ കൗൺസിൽ ചർച്ചചെയ്യും. എന്തെങ്കിലും തെറ്റ് സംഭവിച്ചെന്ന് കണ്ടെത്തിയാൽ പരാതി അച്ചടക്ക സമിതിക്ക് നടപടിക്കായി വിടും.

അച്ചടക്ക സമിതിക്ക് മുന്നിൽ ഒരു സിവിൽ കേസ് നടപടിക്രമങ്ങൾ പോലെയാണ് പരാതി കൈകാര്യം ചെയ്യാറുള്ളതെന്നും ചെയർമാൻ വിശദീകരിച്ചു. ഇതിൽ നിന്ന് തന്നെ കാലതാമസം ഉറപ്പാണ്. അതായത് നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് രാമൻപിള്ള വക്കീൽ തന്നെ ദിലീപിന് വേണ്ടി ഹാജരാകും. അതിൽ നിന്ന് രാമൻപിള്ള വക്കീലിനെ മാറ്റി നിർത്താൻ ഈ ഇടപെടൽ ഗുണം ചെയ്യില്ല. ഫലത്തിൽ വീറോടെ ദിലീപിനായി വാദിക്കാനുള്ള ആവേശമാകും ഈ നടപടി രാമൻപിള്ളയ്ക്ക് നൽകുക. ഇതെല്ലാം കേസിനെ സ്വാധീനിക്കുമെന്ന വിലയിരുത്തൽ സജീവമാണ്.

ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ള അടക്കമുള്ളവർക്കെതിരേയാണ് ആക്രമിക്കപ്പെട്ട നടി ബാർ കൗൺസിലിന് ഇ-മെയിൽ വഴി പരാതി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും രാമൻപിള്ള നേതൃത്വം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഇത് അഭിഭാഷകവൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും അഭിഭാഷകർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ രാമൻപിള്ളയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചിരുന്നു. എന്നാൽ രാമൻപിള്ള വഴങ്ങിയില്ല.

ഇതിന് പിന്നാലെയാണ് നടി പരാതിയുമായി ബാർ കൗൺസിലിന് മുമ്പിലെത്തിയത്. അഡ്വ ബി രാമൻപിള്ളയെ തളയ്ക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. ദിലീപ് കേസിൽ ഇത് അനിവാര്യതയാണെന്ന് മറുഭാഗത്തുള്ളവർക്കെല്ലാം അറിയാം. അതിനുള്ള സാധ്യത തേടലാണ് ഇരയുടെ ബാർകൗൺസിലിനുള്ള പരാതിയെന്നാണ് ദിലീപ് ക്യാമ്പിന്റെ പ്രതീക്ഷ. എന്നാൽ ഈ പരാതി ബാർ കൗൺസിൽ ഗൗരവത്തോടെ എടുക്കില്ലെന്ന് അവർ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ ഇനി രാമൻപിള്ള ക്രോസ് ചെയ്യേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ്. രാമൻപിള്ളയുടെ ക്രോസിനെ ഭയന്നാണ് ബൈജു പൗലോസിന്റെ നേതൃത്വത്തിൽ പുതിയ പുതിയ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നാണ് ഉയരുന്ന വിവാദം.

ഏതായാലും ക്രൈംബ്രാഞ്ച് രാമൻപിള്ളയെ നോട്ടമിടുന്നതിന്റെ സൂചനകൾ നേരത്തേയും വന്നിരുന്നു. സാക്ഷികളെ സ്വാധീനിച്ച കേസിൽ അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചു. ഇതിനോട് രാമൻപിള്ള അനുകൂലമായി പ്രതികരിച്ചില്ല. അഭിഭാഷകരും പ്രതിഷേധവുമായി എത്തി. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വിശ്വസിക്കുന്ന പലരും രാമൻപിള്ളയ്ക്കെതിരെ ആരോപണമുന്നയിച്ചു. ഇതിനിടെ രാമൻപിള്ളയെ പൊലീസ് പ്രതിയാക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണവുമായി സൈബർ വിദഗ്ധനും സായ് ശങ്കറും വാർത്തകളിൽ എത്തി. ഇതിന് പിന്നാലെയാണ് നടി പരാതിയുമായി ബാർ കൗൺസിലിലേക്ക് എത്തുന്നത്.

രാമൻപിള്ളയുടെ ക്രോസ് വിസ്താരവും ഏറെ ശ്രദ്ധേയമാണ്. ഉച്ചത്തിൽ സംസാരിച്ച് ബഹളം ഉണ്ടാക്കുന്ന രീതിയല്ല അദ്ദേഹത്തിന്റെത്. സാക്ഷിയെ കണ്ണൂരുട്ടി പേടിപ്പിക്കാതെ തീർത്തും ശാന്തനായി, ലക്ഷ്യവേധിയായ ചോദ്യമാണ് ചോദിക്കുക. തുടക്കത്തിൽ തന്നെ ഒരു മാനസിക മേധാവിത്വം നേടിയെടുത്താണ് അദ്ദേഹത്തിന്റെ ക്രോസിങ്ങ്. സൈലന്റ് ടോർച്ചറിങ്ങ് എന്നാണ് ഇതിനെ പലരും പറയുന്നത്. സാക്ഷികളൊക്കെ അതോടെ ആവിയാവും. ഇത് ബൈജു പൗലോസിനും അറിയാം. നടിയെ ആക്രമിച്ച കേസിൽ തോൽക്കുന്നത് പ്രോസിക്യൂഷനും താൽപ്പര്യമില്ല. ഇതെല്ലാമാണ് നടിയുടെ പരാതിയെ ശ്രദ്ധേയമാക്കുന്നത്.

നടിയുടെ പരാതി പരിശോധിച്ച് രാമൻപിള്ളയെ ബാർ കൗൺസിൽ വിലക്കിയാൽ അത് സമാനതകളില്ലാത്ത സംഭവമാകും. പിന്നീട് രാമൻപിള്ളയ്ക്ക് കോടതിയിൽ പോകാനും കഴിയില്ല. എന്നാൽ രാമൻപിള്ളയെ പോലുള്ള മുതിർന്ന അഭിഭാഷകനെതിരെ ബാർ കൗൺസിലിന് അങ്ങനെയൊന്നും എതിർ തീരുമാനം എടുക്കാനും സാധിക്കില്ല. ഏതായാലും ഇതുവരെ ബാർ കൗൺസിലിന് നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു പ്രശ്നമാണ് നടിയുടെ പരാതി ഉയർത്തുന്നത്. ഇതിനെ കരുതലോടെ മാത്രമേ അവർ സമീപിക്കൂ.

ആയിരം രൂപയും മള്ളൂർ വക്കീലുമുണ്ടങ്കിൽ ആർക്കും ആരെയും കൊല്ലാമെന്ന് പണ്ടൊരു ചൊല്ലുണ്ടായിരുന്നു. മള്ളൂർ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷകൻ വാദിച്ചാൽ ഏത് കേസിൽ നിന്നും പുഷ്പംപോലെ രക്ഷപ്പെടാമെന്നായിരുന്നു ഒരു കാലത്ത് ജനം വിശ്വസിച്ചിരുന്നത്. കോടതിയിൽ വെടിയുണ്ട വിഴുങ്ങി പ്രതിയെ രക്ഷിച്ചത് അടക്കമുള്ള മുള്ളൂർ കഥകൾ ശരിയായിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള കേസ് ഹിസ്റ്ററി നോക്കിയാൽ വിജയകഥകൾ തന്നെയാണ് ഏറെയും. അതുകൊണ്ടായിരിക്കണം, ആയിരം രൂപയും മള്ളൂർ വക്കീലുണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാമെന്നത് ഒരു ചൊല്ലുപോലെ ആയത്.

പക്ഷേ മള്ളൂർ വക്കീലൊക്കെ പ്രാകീടീസ് ചെയ്തത് 1904 മുതലുള്ള കാലമായിരുന്നു. അന്ന് കേരളത്തിൽ നല്ല ക്രിമിനൽ അഭിഭാഷകർ പോലും കുറവായിരുന്നു. കേസുകൾക്ക് മാധ്യമ ശ്രദ്ധയും ഉണ്ടായിരുന്നില്ല. പക്ഷേ ഇക്കാലത്ത് ഈ ചൊല്ല് 'ലക്ഷങ്ങളും രാമൻപിള്ള വക്കീലും ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം' എന്ന രീതിയിൽ മാറിയിരിക്കുന്നുവെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. ടിപി വധക്കേസിൽ സിപിഎം നേതാക്കളെ രക്ഷിച്ചെടുത്ത രാമൻപിള്ള, എല്ലാവരും ശിക്ഷ കിട്ടുമെന്ന് കരുതിയിരുന്നു ബിഷ്പ്പ് ഫ്രാങ്കോമുളയ്ക്കനെ ഊരിയെടുത്തതോടെ നിയമവൃത്തങ്ങളെയും അമ്പരപ്പിച്ചു. അത്തരത്തിലൊരു അഭിഭാഷകനെയാണ് ഇപ്പോൾ നടിയുടെ പരാതി വിവാദത്തിലാക്കുന്നത്.

എന്നാൽ സരസനും കവിയും പ്രഭാഷകനുമൊക്കെയായ മള്ളൂർ ഗോവിന്ദപ്പിള്ളയിൽനിന്ന് തീർത്തും വ്യത്യസ്തനാണ് വ്യക്തി ജീവിതത്തിൽ രാമൻപിള്ള. മാധ്യമങ്ങളോട് അധികം സമ്പർക്കം പുലർത്താത്ത അദ്ദേഹത്തിന്റെ, ഒരു ബയോഡാറ്റ പോലും പബ്ലിക്ക് ഡൊമൈനിൽ കിട്ടാനില്ല. ദിലീപിന് മുൻകൂർ ജാമ്യം കിട്ടിയ ദിവസം പോലുള്ള അപൂർവ സന്ദർഭങ്ങളിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുക. അതും ഏതാനും മിനിട്ടുകൾ മാത്രം. കോടതി ഹിയറിങ്ങും, കേസ് പഠനവും, ചർച്ചയുമായി ദിവസവും 18 മണിക്കൂർ ജോലിചെയ്യുകയാണ്. ഈ കഠിനാധ്വാനവും അർപ്പണബോധവും തന്നെയാണ് രാമൻപിള്ളയെ മറ്റ് അഭിഭാഷകരിൽനിന്ന് വ്യത്യസ്തനാക്കുന്നതും.

അഭിഭാഷകവൃത്തിയുമായി പറയത്തക്ക ബന്ധമൊന്നുമില്ലാത്ത കുടംബത്തിലാണ് രാമൻപിള്ള ജനിക്കുന്നത്. മാവേലിക്കരയിലെ ചെട്ടികുളങ്ങര ഗ്രാമത്തിലാണ് ബാല്യം. കർഷകനായ പിതാവ് എസ് മാധവൻപിള്ളയുടെ ആഗ്രഹമായിരുന്നു മകനെ ഒരു വലിയ വക്കീലായി കാണണം എന്നത്. അമ്മ എ അംബിക ഡിഇഒ ആയിട്ടാണ് റിട്ടയർ ചെയ്തത്. അവർക്ക് മകനെ ഉദ്യോഗസ്ഥൻ ആക്കാനായിരുന്നു താൽപ്പര്യം. മാവേലിക്കര ഗവൺമെന്റ് ഹൈസ്‌ക്കുളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പന്തളം എൻ.എസ്.എസ് കോളജിൽ നിന്ന് പ്രീഡിഗ്രിയും, തുടർന്ന് ബിരുദവും നേടി. 1972ലാണ് അദ്ദേഹം എറണാകുളം ലോ കോളജിൽനിന്ന് പാസാകുന്നത്. തൊട്ടടുത്ത വർഷം തന്നെ എന്റോൾ ചെയ്ത് പ്രാക്റ്റീസ് ചെയ്യാൻ തുടങ്ങി.

പ്രഗൽഭനായ ക്രിമിനൽ അഭിഭാഷകൻ എം.എൻ സുകുമാരൻ നായരുടെ ജൂനിയർ ആയിട്ടാണ് ആ യുവാവ് പ്രാക്ടീസ് തുടങ്ങിയത്. എറണാകുളം മുല്ലശ്ശേരി കനാൽ റോഡിലെ ചെറിയൊരു ഓഫീസിലായിരുന്നു തുടക്കം. തന്നെ മോൾഡ് ചെയ്ത് എടുത്തത്, എം.എൻ സുകുമാരൻ നായർ ആണെന്ന് രാമൻപിള്ള പറയാറുണ്ട്. മറ്റുള്ളവരെപ്പോലെ ജൂനിയേഴ്സിനെ തളച്ചിടമെന്ന് ആഗ്രഹമുള്ള വ്യക്തിയായിരുന്നില്ല സുകുമാരൻ നായർ. രാമൻപിള്ളയുടെ കഴിവും താൽപ്പര്യവും അർപ്പണ മനോഭാവവും കണ്ട് പരമാവധി അവസരങ്ങൾ അദ്ദേഹം നൽകി. രാമൻപിള്ള ആദ്യമായി ഒരു കേസ് ജയിച്ചത് സിവിൽ കേസ് ആയിരുന്നു.

പക്ഷേ പിൽക്കാലത്ത് അദ്ദേഹം ക്രിമിനൽ കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കാസർകോട്മുതൽ തിരുവനന്തപുരം വരെയുള്ള വിചാരണക്കോടതിയിൽ പോയി കേസ് നടത്തിയ ആ കാലമാണ്, രാമൻപിള്ളയെ തൊഴിലിന്റെ മർമ്മം പഠിപ്പിച്ചത്. പ്രധാന കേസുകളിൽപോലും സാക്ഷി വിസ്താരമൊക്കെ രാമൻപിള്ളയെ എൽപ്പിച്ച്, ഫൈനൽ ഹിയറിങ്ങിന് എത്തുക എന്നതായിരുന്നു പല കേസുകളിലും എം.എൻ സുകുമാരൻ നായർ സ്വീകരിച്ചിരുന്നത്. അങ്ങനെയാണ് പിൽക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് എന്ന ചലച്ചിത്രത്തിന് നിമിത്തമായ പോളക്കുളം കേസിൽ, രാമൻപിള്ളക്ക് ഹാജരാവാൻ കഴിയുന്നത്. ഇതിലെ വാദങ്ങളിലൂടെയാണ് പൊതുസമൂഹം അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. വൈകാതെ അദ്ദേഹം സ്വതന്ത്ര അഭിഭാഷകനായി.

പിന്നീടങ്ങോട്ട് രാമൻപിള്ള യുഗം തുടങ്ങുകയായി. വിചാരണക്കോടതികളിലാണ് അദ്ദേഹം തന്റെ പ്രാഗൽഭ്യം ഏറെ തെളിയിച്ചത്. ഹൈക്കോടതിയിലും സിബിഐ കോടതിയിലുമായി അഭയകേസ്, ചേകന്നൂർ കേസ് അടക്കമുള്ള ഒട്ടനവധി കേസുകൾ അദ്ദേഹത്തിന്റെ കൈയിലൂടെ കടന്നുപോയി. ടി ജനാർദ്ദനക്കുറുപ്പ്, എം.കെ ദാമോദരൻ, ടി.വി പ്രഭാകരൻ തുടങ്ങിയ അന്നത്തെ പ്രമുഖരായ അഭിഭാഷകർക്ക് ഒപ്പം രാമൻപിള്ളയും തൻേറതായ ഒരു ഇടം ഉണ്ടാക്കി.