ശ്രീജിത്തിന്റെ കേസിൽ എന്തുകൊണ്ട് ഹൈക്കോടതി സ്റ്റേ നൽകി, എന്തുകൊണ്ട് സർക്കാരിന് അത് നീക്കാനാവുന്നില്ല എന്നതിന്റെ വസ്തുത പരിശോധിച്ചപ്പോഴാണ് കൂടുതൽ കാര്യങ്ങൾ മനസിലായത്.

സംസ്ഥാന പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റി എന്നത് ഒരു ചെയർമാനും വിദഗ്ദ്ധ അംഗങ്ങളും അടങ്ങിയ ഒരു സമിതി ആണ്. ചെയർമാൻ മാത്രമായി ഒരു കേസും കേട്ട് വിചാരണ നടത്താനോ വിധിപറയാനോ പാടില്ല. അതുകൊണ്ട് ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് മാത്രമായി വിധിച്ച ശ്രീജിത്തിന്റെ കേസിലെ വിധി സാങ്കേതികാർത്ഥത്തിൽ നിയമവിരുദ്ധമാണ്. മറ്റുപല സാങ്കേതിക ന്യൂനതകളും ആ വിധിക്കുണ്ട്.

ആ ലീഗൽ ഗ്രൗണ്ടിൽ ആണ് പ്രതി ഗോപകുമാർ WPC 19247/2016 എന്ന കേസ് നൽകി ഒരു സ്റ്റേ വാങ്ങിച്ചിരിക്കുന്നത്. എന്നാൽ പൊലീസ് കസ്റ്റഡി മരണത്തിന്മേൽ പ്രത്യേകാന്വേഷണ സംഘം അന്വേഷണം നടത്തുന്നതിനോ, പൊലീസുകാർക്ക് എതിരെ വകുപ്പുതല അന്വേഷണം നടത്തുന്നതിനോ, ആ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നൽകുന്നതിനോ സ്റ്റേ ബാധകമല്ല.

ആ കേസ് സമാനമായ മറ്റു ബാച്ച് കേസുകളുടെ കൂടെ ഹിയറിങ്ങിനായി വെച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരല്ല, ആര് വിചാരിച്ചാലും ആ കേസിലെ വിധി മറിച്ചാക്കാൻ ബുദ്ധിമുട്ടാണ്. കാരണം, നിയമപ്രകാരം സാങ്കേതികമായി ജസ്റ്റിസ്.നാരായണക്കുറുപ്പിന്റെ വിധി നിലനിൽക്കില്ല.

ഈ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു ഹരജി നാളെ ഹൈക്കോടതിക്ക് മുൻപാകെ വരുന്നുണ്ട് എന്നറിയുന്നു. അതിൽ ബഹു.കോടതി CBI അന്വേഷണം ഉത്തരവിട്ടാൽ ശ്രീജിത്തിനു നിരാഹാരം അവസാനിപ്പിക്കാം.

ക്രിമിനൽ പൊലീസുകാർക്ക് എതിരെ വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ പിരിച്ചുവിടാൻ ഒരു തടസവും ഇല്ല. അതും ആഭ്യന്തര മന്ത്രിക്ക് ചെയ്യാവുന്നതാണ്.

ഈ വസ്തുതകൾ അറിയാൻ, എനിക്ക് 2 ഫോൺ കോളുകളുടെയും 5 മിനുട്ടിന്റെയും ആവശ്യമേ വന്നുള്ളൂ. എന്തുകൊണ്ട് ഇക്കാര്യം സംസ്ഥാന സർക്കാരിന് ശ്രീജിത്തിനെ അറിയിച്ചു ഒരു പരിഹാരത്തിന് ശ്രമിക്കാൻ കഴിഞ്ഞില്ല എന്നതിന് ഒറ്റ ഉത്തരമേ എനിക്ക് തോന്നുന്നുള്ളൂ.

'priority' - ക്രിമിനൽ പൊലീസുകാർക്കെതിരെ നടപടി എടുക്കുന്നത് സർക്കാരിന്റെ പ്രയോരിറ്റിയിൽ ഇല്ല.

ഇനിയെങ്കിലും കതിരിൽ വളം വെയ്ക്കാതെ പ്രശ്‌നപരിഹാരം സാധ്യമാക്കണം.

(അഡ്വ. ഹരീഷ് വാസുദേവൻ ഫേസ്‌ബുക്കിൽ കുറിച്ചത്)