കൊച്ചി: പാർട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്നവരെ അവഗണിക്കുന്ന തരത്തിലാണു സിപിഎമ്മിന്റെ നിലപാടുകളെന്ന തരത്തിൽ വെള്ളാപ്പള്ളി നടേശൻ പറയുന്നതിൽ കാര്യമുണ്ടെന്ന് അഡ്വ. എ ജയശങ്കർ. സംസ്ഥാനത്തിന്റെ വ്യവസായ തലസ്ഥാനമായ എറണാകുളത്തിന്റെ കാര്യം ചൂണ്ടിക്കാട്ടിയാണ് ഈഴവ സമുദായത്തെ സിപിഐ(എം) അവഗണിച്ചുവെന്ന് അഡ്വ. ജയശങ്കർ പറയുന്നത്.

എറണാകുളം ജില്ലയിൽ മുപ്പതു ശതമാനത്തോളം വോട്ടർമാർ ഈഴവരാണെന്ന് ജയശങ്കർ പറയുന്നു. അവരിൽ 90% മാർക്‌സിസ്റ്റുകാരാണ്. പാർട്ടിക്കാരിൽ 70% ഈഴവർ തന്നെയെന്നും ജയശങ്കർ ചൂണ്ടിക്കാട്ടുന്നു.

ജില്ലയിൽ 14 മണ്ഡലങ്ങളിൽ ഒരിടത്തും സിപിഐ(എം) ഈഴവർക്കു സീറ്റ് കൊടുത്തിട്ടില്ലെന്നാണ് ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചത്. മധ്യ കേരളത്തിലെ മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. തൃശ്ശൂർ , ആലപ്പുഴ, ഇടുക്കി ജില്ലകളിൽ സിപിഐ(എം). ഓരോ ഈഴവർക്കു സീറ്റ് കൊടുത്തു. കോട്ടയത്ത് ആർക്കുമില്ല.

സിപിഐ.യുടെ കാര്യം അല്പം ഭേദമാണ്. തൃശ്ശൂർ -2, കോട്ടയം ആലപ്പുഴ 1 വീതം. ജാഥയ്ക്ക് പോകാനും മുദ്രാവാക്യം വിളിക്കാനും പോസ്റ്ററൊട്ടിക്കാനും രക്തസാക്ഷികളാകാനും ഒരു കൂട്ടർ; മത്സരിക്കാനും ജയിക്കാനും മന്ത്രിയാകാനും മറ്റുള്ളവർ. വെള്ളാപ്പള്ളി പറയുന്നതിലും കുറച്ച് കാര്യമില്ലേ എന്നും ജയശങ്കർ ചോദിക്കുന്നു.