- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരങ്ങൾ നൽകാൻ സർക്കാർ അലംഭാവം കാണിച്ച കേസിലെ പ്രതിയുടെ വക്കീൽ ദണ്ഡപാണിയുടെ മകൻ; മന്ത്രിമാരും എജിയും കടന്നാക്രമിച്ചതോടെ വാശി കൂടി ജസ്റ്റിസ് അലക്‌സാണ്ടർ; ഒത്തു തീർപ്പ് കഥകൾ പുറത്താകുമെന്ന് ഭയന്ന് എജിയുടെ ഓഫീസ്
കൊച്ചി: പെരിങ്ങോം ഭൂമി തട്ടിപ്പുക്കേസിൽ സർക്കാർ അഭിഭാഷകരുടെ അലംഭാവമാണ് ജസ്റ്റീസ് അലക്‌സാണ്ടർ തോമസിനെ ചൊടിപ്പിച്ചത്. അതിന് കാരണം പ്രതിക്കായി ഹാജരായത് അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയുടെ മകനാണെന്നതായിരുന്നു. ഇതാണ് വിമർശനത്തിന് മൂർച്ച കൂടാൻ കാരണവും. നേരത്തെ എജി ഓഫീസിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ ജസ്റ്റീസിനെതിരെ മുഖ്യമന്ത്രി ഉമ്
കൊച്ചി: പെരിങ്ങോം ഭൂമി തട്ടിപ്പുക്കേസിൽ സർക്കാർ അഭിഭാഷകരുടെ അലംഭാവമാണ് ജസ്റ്റീസ് അലക്‌സാണ്ടർ തോമസിനെ ചൊടിപ്പിച്ചത്. അതിന് കാരണം പ്രതിക്കായി ഹാജരായത് അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയുടെ മകനാണെന്നതായിരുന്നു. ഇതാണ് വിമർശനത്തിന് മൂർച്ച കൂടാൻ കാരണവും. നേരത്തെ എജി ഓഫീസിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ ജസ്റ്റീസിനെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രി കെസി ജോസഫും അടക്കമുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം തെളിവകുൾ നിരത്തിയാണ് നിലപാട് എടുത്തത്. ആദ്യത്തെ വിമർശനം വക്കാലുള്ളതാണെങ്കിൽ ഇപ്പോൾ ഉത്തരവായി തന്നെ വിമർശനം ഇറങ്ങി.
കണ്ണൂർ പയ്യന്നൂരിൽ പെരിങ്ങോം വില്ലെജിൽ വ്യാജ രേഖകൾ ചമച്ച് ഭൂമിക്ക് പട്ടയം ലഭ്യമാക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥരടക്കമുള്ളവർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് പരാമർശങ്ങൾ. തട്ടിപ്പു കേസിന്റെ സൂത്രധാരൻ എന്ന് കേസന്വേഷിച്ച വിജിലൻസ് ഡിവൈ.എസ്‌പി ചൂണ്ടിക്കാട്ടിയ സി.കെ. രാമചന്ദ്രന്റെ വക്കാലത്ത് എടുത്തിരിക്കുന്നത് അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണിയുടെ സ്വന്തം നിയമകാര്യ സ്ഥാപനമായ ദണ്ഡപാണി അസോസിയേറ്റ്‌സാണ്. കോടതിയിൽ ഹാജരായത് ദണ്ഡപാണിയുടെ മകൻ മില്ലു ദണ്ഡപാണിയും. ഇന്നലെ ഹർജി പരിഗണിക്കുമ്പോൾ, വക്കാലത്ത് ഒഴിയാൻ തയാറാണെന്ന് അഡ്വ. മില്ലു ദണ്ഡപാണി കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. ഇതൊന്നും അംഗീകരിക്കാതെ എജി ഓപീസിനെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റീസ് നിർദ്ദേശിച്ചത്.
ഹൈക്കോടതി ഉത്തരവായതിനാൽ പരിശോധിക്കേണ്ട ബാധ്യത ജിജി തോംസണുണ്ട്. അതൊഴിവാക്കാൻ സർക്കാരിന് കോടതിയിൽ അപ്പീൽ നൽകാം. അങ്ങനെ അപ്പീൽ നൽകിയാൽ കേസിന്റെ വസ്തുതാപരമായ കാര്യങ്ങൾ ഡിവിഷൻ ബഞ്ച് പരിശോധിക്കും. അവിടേയും വിധി എതിരായാൽ അഡ്വക്കേറ്റ് ജനറൽ രാജിവയ്‌ക്കേണ്ടി വരും. ഇത് സർക്കാരിനേയും പ്രതിസന്ധിയിലാകും. അതുകൊണ്ട് തന്നെ അപ്പീൽ നൽകാതെ പ്രശ്‌നപരിഹാരത്തിനാകും സർക്കാർ ശ്രമം. അഡ്വക്കേറ്റ് ജനറൽ ഓഫീസിനെതിരെ ആക്ഷേപമൊന്നുമില്ലെന്ന് ചീഫ് സെക്രട്ടറിയെ കൊണ്ട് എഴുതി നൽകിക്കും. അതുകൊണ്ടും പ്രശ്‌നം തീരില്ല. കോടതിക്ക് റിപ്പോർട്ട് ബോധ്യമായില്ലെങ്കിൽ അമിക്കസ് ക്യൂറിയെ നിയോഗിക്കും. റിട്ടയർ ചെയ്ത സുപ്രീംകോടതി ജഡ്ജിയെ തന്നെ നിയോഗിക്കുമെന്ന് ജസ്റ്റീസ് അലക്‌സാണ്ടർ തോമസ് വ്യക്തമാക്കിയിട്ടുമുണ്ട്.
ഇതുണ്ടായാൽ ഊരാക്കുടുക്കിലേക്ക് കാര്യങ്ങൾ പോകുമെന്ന് സർക്കാരിന് അറിയാം. അഡ്വക്കേറ്റ് ജനറലിന്റെ സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിലെ കള്ളത്തരമെല്ലാം പരിശോധിക്കപ്പെടും. ദണ്ഡപാണിയുടെ ഭാര്യയും മകനും ഹാജരാകുന്ന കേസിൽ സർക്കാർ അഭിഭാഷകർ തോറ്റു കൊടുക്കുന്നുവെന്ന ആക്ഷേപവും പരിശോധിക്കപ്പെടും. ഇതെല്ലാം എജിക്ക് വലിയ തിരിച്ചടിയാകും. കേരളത്തിനെതിരെ ബാർ കേസിൽ അറ്റോർണി ജനറൽ ഹാജരായതിനെ എതിർത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഡ്വക്കേറ്റ് ജനറലിനെ സംരക്ഷിക്കുന്നതിന് പിന്നിലും ചില കള്ളക്കളികളുണ്ടെന്നാണ് വിമർശനം. മുഖ്യമന്ത്രിക്ക് താൽപ്പര്യമുള്ള കേസുകളിൽ മാത്രമായി അഡ്വക്കേറ്റ് ജനറലിന്റെ സജീവ ഇടപെടൽ ഒതുങ്ങുന്നുവെന്നാണ് സൂചന.
അതിനിടെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെതിരെ വീണ്ടും ഹൈക്കോടതി രൂക്ഷ വിമർശം നടത്തിയ സാഹചര്യത്തിൽ വിഷയത്തിൽ ചീഫ് ജസ്റ്റിസ് ഇടപെടുന്നു. പരാമർശത്തിനിരയായ കേസ് ഫയലുകൾ ചീഫ് ജസ്റ്റിസ് വിളിപ്പിച്ചു. രജിസ്ട്രാർ വഴിയാണ് ചീഫ് ജസ്റ്റിസ് ഫയലുകൾ ആവശ്യപ്പെട്ടത്. കേസ് നടത്താൻ സർക്കാരിന് താത്പര്യമില്ലെന്നായിരുന്നു ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഇന്ന് വിമർശിച്ചത്. നാല് കേസുകളിലെ നടത്തിപ്പിൽ എ.ജി ഓഫീസിന്റെ കെടുകാര്യസ്ഥതയെക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് നിർദ്ദേശിച്ചിരുന്നു. മേലുദ്യോഗസ്ഥരോട് അഭിപ്രായം ചോദിക്കാതെ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് തയാറാക്കി രജിസ്ട്രാർ മുമ്പാകെ അറിയിക്കണമെന്നാണ് നിർദ്ദേശം. ഈ വിഷയം ചീഫ് ജസ്റ്റീസ് പരിശോധിക്കുന്നതും സർക്കാരിന് തിരിച്ചടിയാണ്. ജസ്റ്റീസിന്റെ നിലപാടുകളെ ചീഫ് ജസ്റ്റീസ് ശരിവച്ചാലും അഡ്വക്കേറ്റ് ജനറൽ പ്രതിസന്ധിയിലാകും.
കേസ് നടത്തിപ്പിൽ ക്രിമിനൽ കെടുകാര്യസ്ഥതയാണ് ഉണ്ടാകുന്നത്. നാല് തവണ വസ്തതുകൾ പരിശോധിച്ച് നൽകാൻ നിർദ്ദേശിച്ചിട്ടും എ.ജി ഓഫീസ് അത് നൽകിയിട്ടില്ലെന്നാണ് ജസ്റ്റീസ് അലക്‌സാണ്ടർ തോമസിന്റെ പരാമർശം. കോടതിയലക്ഷ്യ നടപടികളാണുണ്ടാകുന്നത്. ഇങ്ങനെ മുന്നോട്ട് പോയാൽ ശരിയാകില്ല. കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണ്. ചില കേസുകളിൽ എ.ജിക്ക് പ്രത്യേക താത്പര്യമാണ്. ഈ രീതിയിലാണെങ്കിൽ എ.ജി ഓഫീസ് പുനഃസംഘടിപ്പിക്കേണ്ടി വരും. കോടതിയുടെ ഉത്തരവുകൾ ഒന്നും പാലിക്കുന്നില്ലെന്നും പറഞ്ഞു. കോടതി രേഖകൾ പരിശോധിച്ചാൽ ചീഫ് ജസ്റ്റീസിനും ഇവ ബോധ്യപ്പെടും. ഇതാണ് സർക്കാരിനെ ചിന്തിപ്പിക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് സാധ്യതകളെന്തെങ്കിലുമുണ്ടോ എന്ന് സർക്കാർ പരിശോധിക്കുകയാണ്.
നിയമസഭയ്ക്കുള്ളിൽ ജസ്റ്റിസിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. വന്ന വഴി ആരും മറക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. മന്ത്രി കെസി ജോസഫ് എല്ലാ സീമകളും വിട്ട് വിമർശനവുമായെത്തി. വെള്ളത്തിൽ വീണ കുറുക്കനെന്ന പ്രയോഗം അതിരുകടന്നതായി. ഇതെല്ലാം ജഡ്ജിയെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തെളിവുള്ള കേസിൽ കൃത്യമായ ഇടപെടൽ അലക്‌സാണ്ടർ തോമസ് നടത്തി. അദ്ദേഹത്തിന്റെ മുന്നിലെത്തുന്ന കേസുകളിലെല്ലാം കൂലകക്ഷമായ പരിശോധനയ്ക്കുള്ള സാഹചര്യമാണ് ഇതൊരുക്കുന്നത്. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് സർക്കാരിന് അറിയാം. അതുകൊണ്ട് തന്നെ കരുതലോടെ മാത്രം ഇനി ഇത്തരം വിഷയങ്ങളിൽ സർക്കാർ പ്രതികരിക്കൂ.
കണ്ണൂരിലെ പെരിങ്ങോം വില്ലേജിൽ അഞ്ചേക്കർ സ്ഥലം വ്യാജരേഖയുണ്ടാക്കി പട്ടയം തരപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് പയ്യന്നൂരിലെ മുൻ അഡീഷണൽ തഹസീൽദാർ ടി. രാമചന്ദ്രൻ, പയ്യന്നൂരിലെ മുൻ റവന്യൂ ഇൻസ്‌പെക്റ്റർ കെ.കെ. ഗോപാലകൃഷ്ണൻ, മുൻ വില്ലെജ് ഓഫിസർമാരായ രാമചന്ദ്രൻ നായർ, സി.കെ. ഷാജിമോൻ, മുൻ വില്ലെജ് അസിസ്റ്റന്റ് എം. ദിവാകരൻ, തട്ടിപ്പിലെ ഇടനിലക്കാരൻ സി.പി. രാമചന്ദ്രൻ എന്നിവർക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് പരിഗണിച്ചത്.
ഒരു വിജിലൻസ് കേസിൽ നിന്ന് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുന്ന തരത്തിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ആനുകൂല്യം തങ്ങൾക്കും ലഭിക്കണമെന്നു പ്രതികൾ ആവശ്യപ്പെട്ടു. പ്രസ്തുത ഉത്തരവിന്റെ വിശദാംശങ്ങൾ, ഉത്തരവ് ഇവർക്ക് ബാധകമാവുമോ എന്നകാര്യം തുടങ്ങിയവ അറിയിക്കാൻ കോടതി പലതവണ നിർദ്ദേശിച്ചിട്ടും മറുപടി നൽകാൻ സർക്കാർ അഭിഭാഷകർക്കു കഴിഞ്ഞില്ല. ഇതാണ് രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്. ഇത് ദണ്ഡപാണിയുടെ മകന് കേസ് ജയിക്കാൻ വേണ്ടിയാണെന്ന തരത്തിലായിരുന്നു ജസ്റ്റീസ് അലക്‌സാണ്ടർ തോമസിന്റെ നിരീക്ഷണവും ഉത്തരവും.
സംസ്ഥാന സർക്കാരിനു വേണ്ടി കേസ് വാദിക്കാനായാണ് ഭരണകൂടം അഡ്വക്കറ്റ് ജനറലിനെ നിയമിക്കുന്നത്. നിയമിതനായാൽ പിന്നെ സംസ്ഥാന താത്പര്യം നോക്കി മാത്രമേ പ്രവർത്തിക്കാവൂ. എന്നാൽ അഡ്വക്കറ്റ് ജനറലിന്റെ പേരിലുള്ള നിയമോപദേശകസ്ഥാപനം സർക്കാരിനെതിരെ നിരന്തരം കേസ് നടത്തുന്നതും അനുകൂല വിധി സമ്പാദിക്കുന്നതും വാർത്തകളിൽ നേരത്തെ തന്നെ നിറഞ്ഞിരുന്നു. മറുനാടൻ ഉയർത്തിക്കാട്ടിയ ഈ വിഷയത്തെ ശരിയവയ്ക്കുന്നത് കൂടിയാണ് ഇന്നലെത്തെ കോടതി വിധി. സർക്കാരിന്റെ അഡ്വക്കറ്റ് ജനറലായ അഡ്വ: കെ.പി ദണ്ഡപാണിയുടെ നിയമോപദേശകസ്ഥാപനമായ ദണ്ഡപാണി അസോസിയേറ്റ്‌സ് ആണ് ഇപ്പോൾ സർക്കാരിനുതന്നെ പുലിവാലായിരിക്കുന്നത്. എറണാകുളത്തെ പ്രമുഖ അഭിഭാഷക ഗ്രൂപ്പ് ആയ ദണ്ഡപാണി അസോസിയേറ്റ്‌സിനു മുൻപ് നേതൃത്വം നൽകിയിരുന്നത് കെ.പി ദണ്ഡപാണി തന്നെയായിരുന്നു.
അഡ്വക്കറ്റ് ജനറലായതിനുശേഷം ഇതിന്റെ ചുമതല ഭാര്യ സുമതി ദണ്ഡപാണിക്കും മകൻ മില്ലു ദണ്ഡപാണിക്കുമായി സാങ്കേതികമായി വീതിച്ചുനല്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ എതിർകക്ഷിയായി വരുന്ന പല കേസുകളിലും ദണ്ഡപാണി അസോസിയേറ്റ്‌സ് ഹാജരാവുകയും പലപ്പോഴും അനുകൂലവിധി നേടിയെടുക്കുകയും ചെയ്യുന്നതിനെപ്പറ്റിയാണ്് ഇപ്പോൾ വ്യാപകമായി പരാതി ഉയർന്നിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ബാർ കൗൺസിൽ ദണ്ഡപാണിക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി്. സർക്കാരിനെതിരായ കേസുകളിൽ ദണ്ഡപാണിയുടെ പത്‌നിയും മകനും ഹാജരാകുന്നതിനെപ്പറ്റി വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണു ബാർ കൗൺസിൽ അഡ്വ. ജനറൽ ദണ്ഡപാണിക്കു നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ സാങ്കേതികമായി ഈ വിഷയത്തിൽ ദണ്ഡപാണിയെ നേരിട്ട് കുരുക്കാൻ കഴയില്ല.
ഇതേ സാഹചര്യമാണ് അറ്റോർണി ജനറൽ ബാർ കേസിൽ ചെയ്തതും. സർക്കാരുകളെ സഹായിക്കേണ്ട അറ്റോർണി ജനറൽ ബാറുടമകളുടെ വക്കാലത്ത് ഏറ്റെടുത്തു. ദണ്ഡപാണിയും കുടുംബാഗങ്ങളെ കേസ് വാദിക്കാനയച്ച് ചെയ്യുന്നത് ഇത് തന്നെയാണെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ ഒരു മന്ത്രിയും കോൺഗ്രസിലെ ഒരു ഉന്നതനും തന്നെയാണു ദണ്ഡപാണിക്കെതിരായ ഈ പരാതിയുടെ പിന്നിലെന്നാണു സൂചന. എന്നിട്ടും മുഖ്യമന്ത്രി നടപടിയൊന്നും എടുത്തില്ല. അത്രയ്ക്ക് സ്വാധീനമാണ് ദണ്ഡപാണിക്ക് മുഖ്യമന്ത്രിയുള്ളത്. അതിന്റെ തുടർച്ചയാണ് കാര്യകാരണങ്ങൾ നിരത്ത് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെ വിമർശിച്ച ജഡ്ജിയെ പരോക്ഷമായി മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്.
നിരോധിതമേഖലയിലെ ക്വാറി പ്രവർത്തനത്തിനെതിരായി റവന്യുവകുപ്പ് നേരത്തെ നടപടിയെടുത്തപ്പോൾ ദണ്ഡപാണി അസോസിയേറ്റ്‌സാണു ക്വാറി ഉടമകൾക്കുവേണ്ടി കോടതിയിൽ ഹാജരായതും അവർക്കനുകൂലമായി താത്കാലിക പ്രവർത്തനാനുമതി നേടിയെടുത്തതും. അന്നു റവന്യൂ വകുപ്പ് മുഖ്യമന്ത്രിയെ വിവരം പരാതിയായും ധരിപ്പിച്ചു. ഇതുകൂടാതെ കോർപ്പറേഷനുകൾക്കെതിരായും, സർക്കാരിന്റെ വിവിധ ബോർഡുകൾക്കെതിരായും ദണ്ഡപാണി അസോസിയേറ്റ്‌സ് സ്ഥിരമായി കോടതി കയറാറുണ്ട്. തന്റെ സ്ഥാപനം എതിരായി വാദിക്കുമ്പോൾ ദണ്്ഡപാണി സർക്കാരിനായി ഹാജരാകുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയും ചെയ്യും. നിരന്തരമായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ദണ്ഡപാണിയോട് വിശദീകരണം ആവശ്യപ്പെടാൻ ബാർ കൗൺസിൽ തീരുമാനിച്ചത്.
സംസ്ഥാന സർക്കാരുമായി യാതൊരുരു ബന്ധവുമില്ലാത്ത വിഷയമായിരുന്നിട്ടുപോലും ഗൺമാൻ സലീം രാജിനെ നുണപരിശോധനയ്ക്കു ഹാജരാക്കരുതെന്നാവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറൽ നേരിട്ടു ഹാജരായതും ഈ അടുപ്പത്തിന്റെ ഭാഗമായാണ്. ബാർ കോഴക്കേസിലും മുല്ലപ്പെരിയാറിലുമെല്ലാം കേരളത്തിന്റെ വാദങ്ങൾ കോടതികളിൽ വിലപോയില്ല. മുല്ലപ്പെരിയാറിൽ കേരളത്തിന് നിയമപോരാട്ടങ്ങളിലുണ്ടായിരുന്ന മേൽകൈ അഡ്വക്കേറ്റ് ദണ്ഡപാണിയുടെ കാലത്ത് നഷ്ടമായി. ഇതൊക്കെ തന്നെയാണ് ഹൈക്കോടതിയുടെ വിമർശനത്തിലേക്കും കാര്യങ്ങളെത്തിച്ചത്. ആദ്യമായല്ല ഹൈക്കോടതി എജിയുടെ ഓഫീസിന്റെയും മറ്റ് സർക്കാർ അഭിഭാഷകരുടെയും കഴിവുകേടിനെ വിമർശിക്കുന്നത്. ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് സർക്കാർ അഭിഭാഷകരുടെ പിടിപ്പില്ലായ്മയെക്കുറിച്ച് കോടതി ഉത്തരവിൽപ്പോലും പരാമർശിച്ചു. ഒരു കേസിൽ അപ്പീൽ നൽകാൻ 451 ദിവസത്തെ കാലതാമസം വരുത്തിയതാണ് അന്ന് ഹൈക്കോടതിയെ പ്രകോപിച്ചത്.
വിധിയിൽനിന്ന് ഈ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. ഡാറ്റാ സെന്റർ കേസിൽ സത്യവാങ്മൂലം നൽകാൻ വൈകിയതിന് സുപ്രീം കോടതിയും കേരള അഡ്വക്കറ്റ് ജനറൽ ഓഫീസിന്റെ കാര്യക്ഷമതയില്ലായ്മയെ രൂക്ഷമായി വിമർശിച്ചു. ഇക്കണക്കിനുപോയാൽ എജിയെ കോടതിയിലേക്ക് വിളിച്ചുവരുത്തേണ്ടിവരുമെന്നും സുപ്രീം കോടതി അന്ന് പറഞ്ഞു. കളമശേരി ഭൂമി തട്ടിപ്പ്് കേസിൽ സലീം രാജിനുവേണ്ടി വാദിച്ചതും സർക്കാർ അഭിഭാഷകനെതിരായ രൂക്ഷപരാമർശം വിളിച്ചുവരുത്തി. കോടതികൾ മാത്രമല്ല അഭിഭാഷകരും അഭിഭാഷക സംഘടനകളും എജിയുടെയും ഓഫീസിന്റെയും കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് നിരവധി പരാതി ഉന്നയിച്ചിട്ടുണ്ട്.