കൊച്ചി: അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി അഭിഭാഷകന്റെ ജാമ്യാപേക്ഷ തള്ളി. കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസലായ പുത്തൻകുരിശ് കാണിനാട് സ്വദേശി നവനീത് എൻ. നാഥിന്റെ (28) ജാമ്യാപേക്ഷയാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഷിബു തോമസ് തള്ളിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.പി. രമേഷ് ഹാജരായി.

ജൂൺ 21-നാണ് പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. നവനീത് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് യുവതി പരാതി നൽകിയത്. പ്രതിക്കു മുന്നിലെത്തി യുവതി ഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതേ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആദായനികുതിവകുപ്പ് സ്റ്റാൻഡിങ് കൗൺസലായ പുത്തൻകുരിശ് കാണിനാട് സൂര്യഗായത്രിയിൽ നവനീത് ബിജെപി സംഘടനയായ അഭിഭാഷക പരിഷത്ത് ജില്ലാ സമിതി അംഗമാണ്. ബലാത്സംഗം, പ്രതിയിൽനിന്ന് ഗർഭിണിയായ സ്ത്രീയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കൊല്ലം സ്വദേശിനിയുടെ പരാതിയിൽ സെൻട്രൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സഹപാഠികളായിരുന്ന ഇരുവരും നാലുവർഷത്തിലേറെ പ്രണയത്തിലായിരുന്നു. ഇതാണ് പീഡനത്തിലേക്കും ഗർഭച്ഛിദ്രത്തിലേക്കും മറ്റും എത്തിയതെന്നാണ് ആരോപണം. പൊലീസും ഗൗരവത്തോടെയാണ് കേസ് അന്വേഷിക്കുന്നത്.