- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെഗുവേരയുടെ ചിത്രം കുത്തിയാൻ കമ്യൂണിസ്റ്റ് ആവില്ലെന്നും പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധത എന്നും തുറന്നടിച്ചു; കീഴാറ്റൂരിലും മാണ്ഡംകുണ്ടിലും സിപിഎമ്മിനെ വിറപ്പിച്ച യുവനേതാവ്; കണ്ണൂരിന്റെ മൂന്നാമത്തെ എംപി ആവാൻ സിപിഐയുടെ പി.സന്തോഷ് കുമാർ
കണ്ണൂർ: പി.സന്തോഷ് കുമാർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെ കണ്ണൂരിന്റെ ശബ്ദം ഇന്ദ്രപ്രസ്ഥത്തിൽ കേൾപ്പിക്കാൻ മൂന്ന് എംപി മാരാകും. ലോക്സഭയിൽ കെ. സുധാകരനും രാജ്യസഭയിൽ ഡോ.ടി.ശിവദാസുമാണ് നിലവിലെ എംപിമാർ. ഇരിക്കൂർ സ്വദേശിയായ അഡ്വ. പി.സന്തോഷ്‌കുമാർ കൂടി രാജ്യസഭയിലേക്ക് സിപിഐ ടിക്കറ്റിലെത്തുമ്പോൾ മൂന്ന് എംപിമാരെന്ന അപൂർവ്വതയാണ് കണ്ണൂരിന് ലഭിക്കുന്നത്.
എ. ഐ.വൈ. എഫ് ദേശീയ ജനറൽ സെക്രട്ടറിയായി രണ്ടുവട്ടം പ്രവർത്തിച്ചതിന്റെ അനുഭവപരിചയമാണ് പി.സന്തോഷ്‌കുമാറിന് തുണയായത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ മുഴുവൻ സമയം പ്രവർത്തകനായി മാറിയ അദ്ദേഹം വളരെ നിശബ്ദമായി പ്രവർത്തിക്കുന്ന നേതാക്കളിലൊരാളാണ്. 2011 ൽ ഇരിക്കൂർ മണ്ഡലത്തിൽ കെ.സി ജോസഫിനെ തറപറ്റിക്കാൻ സി.പി. ഐ സന്തോഷ്‌കുമാറിനെ ഇറക്കിയെങ്കിലും കെ.സിയുടെ ഭൂരിപക്ഷം കുറയ്ക്കാനായെന്നല്ലാതെ സീറ്റ് പിടിച്ചെടുക്കാൻ കഴിഞ്ഞില്ല.
കണ്ണൂരിലെ പാർട്ടി പ്രവർത്തകർക്ക് പ്രിയങ്കരമായ ശൈലിയുടെ ഉടമകൂടിയാണ് സന്തോഷ്‌കുമാർ. സിപിഎമ്മിനെതിരെ പ്രതികരിക്കേണ്ട സമയത്തൊക്കെ അദ്ദേഹം കൃത്യവും മൂർച്ചയുള്ളതുമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. അർജുൻ ആയങ്കി വിഷയത്തിൽ സ്വർണക്കടത്ത് ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കാൻ സിപിഎം തയ്യാറാകണമെന്നു അദ്ദേഹമെഴുതിയ കുറിപ്പു വിവാദമായിരുന്നു. സിപിഎമ്മിന് കനത്തപ്രഹരമായിരുന്നു ഈ കുറിപ്പ്.
നേരത്തെ ജനയുഗത്തിൽ സന്തോഷ് കുമാർ സിപഐഎമ്മിനെതിരെ എഴുതിയ ലേഖനം വിവാദമായിരുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റാവില്ലെന്നും ജനാധിപത്യവിരുദ്ധതയുടെ ശ്രമങ്ങളാണ് പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്നത് എന്നുൾപ്പടെ സിപിഐഎമ്മിനെതിരെ സന്തോഷ് കുമാർ വിമർശനം ഉന്നയിച്ചിരുന്നു.
ഇതുകൂടാതെ കീഴാറ്റൂർ വിഷയത്തിലും പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനത്തിന് എതിരായിരുന്നു സി.പി. ഐ. തളിപ്പറമ്പ് മാന്ധംകുണ്ടിൽ കോമത്ത് മുരളീധരനെയും സംഘത്തെയും പാർട്ടിയിലേക്ക് സ്വീകരിച്ചുകൊണ്ടാണ് സന്തോഷ് കുമാർ ഏറ്റവും ഒടുവിലായി സി.പി. എമ്മിന്റെ കണ്ണിലെ കരടായത്.
പുല്യായിക്കൊടി ചന്ദ്രനെന്ന പഴയ സി.പി. ഐ നേതാവിനെ സിപിഎം സ്വീകരിച്ചതിനു ശക്തമായ മറുപടിയായിരുന്നു സി.പി. എം പുറത്താക്കിയ കോമത്ത് മുരളീധരനെയും അൻപതോളം സിപിഎം പ്രവർത്തകരെയും സ്വീകരിച്ചതിലൂടെ സന്തോഷ്‌കുമാർ നൽകിയത്. ഇതിനെതിരെ സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജനുൾപ്പെടെ കടുത്ത എതിർപ്പുമായി രംഗത്തുവന്നിരുന്നുവെങ്കിലും സി.പി. ഐയുടെ ദൃഢനിശ്ചയത്തിനു മുൻപിൽ പിന്മാറേണ്ടി വന്നു.
എം.വി ജയരാജന്റെ സാന്നിധ്യത്തിൽ സി.പി. ഐ ബ്രാഞ്ച് രൂപീകരണത്തിന്റെ ഭാഗമായി കീഴാറ്റൂരിലുയർത്തിയ ചെങ്കൊടി വലിച്ചെറിഞ്ഞാണ് സി.പി. എം അവിടെ രാഷ്ട്രീയ വിശദീകരണയോഗം നടത്തിയതെങ്കിൽ അതിന്റെ പിറ്റേ ദിവസം സി.പി. ഐ കൊടിയും കൊടിമരവും ഉയർത്താൻ പി.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിന് കഴിഞ്ഞു. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ പി.സന്തോഷ്‌കുമാർ കണ്ണൂർ കക്കാടാണ് താമസം. കാസർകോട് ജില്ലയിൽ കോളേജ് അദ്ധ്യാപികയായ ലളിതയാണ് ഭാര്യ.ഹൃദ്യ, ഋത്വിക് എന്നിവരാണ് മക്കൾ.
നിലവിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ് ഇദ്ദേഹം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണം എൽഡിഎഫിന് വിജയിക്കാൻ കഴിയും.
രണ്ടു സീറ്റുകളിൽ ഒഴിവുവന്നാൽ ഒന്ന് സിപിഐക്കെന്ന ധാരണയെത്തുടർന്നാണ് സീറ്റു പങ്കുവെയ്ക്കാൻ എൽഡിഎഫ് യോഗത്തിൽ തീരുമാനമുണ്ടായതെന്നാണ് സൂചന. എംവി ശ്രേയാംസ്‌കുമാറിന്റെ ഒഴിവുവരുന്ന സീറ്റ് തങ്ങൾ തന്നെ വേണമെന്ന് എൽജെഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് അനുവദിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സിപിഐയ്ക്ക് സീറ്റ് നൽകാൻ തീരുമാനിച്ചതെന്നാണ് സൂചന.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്