- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചത്തിൽ സംസാരിച്ച് ബഹളം ഉണ്ടാക്കില്ല; സാക്ഷിയെ കണ്ണൂരുട്ടി പേടിപ്പിക്കാതെ തീർത്തും ശാന്തനായി പ്രോകിസ്യൂഷൻ വാദങ്ങളെ തകർക്കും; പോളക്കുളത്തും ടിപിയിലും ഫ്രാങ്കോയിലും പൊലീസിനെ പൊളിച്ച തന്ത്രം; ദിലീപ് കേസിലും ഈ അഭിഭാഷകൻ ഉയർത്തുന്നത് വെല്ലുവിളി; അഡ്വ രാമൻപിള്ളയെ തളയ്ക്കാൻ നടിയെത്തുമ്പോൾ
കൊച്ചി: അഡ്വ ബി രാമൻപിള്ളയെ തളയ്ക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. ദിലീപ് കേസിൽ ഇത് അനിവാര്യതയാണെന്ന് മറുഭാഗത്തുള്ളവർക്കെല്ലാം അറിയാം. അതിനുള്ള സാധ്യത തേടലാണ് ഇരയുടെ ബാർകൗൺസിലിനുള്ള പരാതിയെന്നാണ് ദിലീപ് ക്യാമ്പിന്റെ പ്രതീക്ഷ. എന്നാൽ ഈ പരാതി ബാർ കൗൺസിൽ ഗൗരവത്തോടെ എടുക്കില്ലെന്ന് അവർ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ ഇനി രാമൻപിള്ള ക്രോസ് ചെയ്യേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ്. രാമൻപിള്ളയുടെ ക്രോസിനെ ഭയന്നാണ് ബൈജു പൗലോസിന്റെ നേതൃത്വത്തിൽ പുതിയ പുതിയ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നാണ് ഉയരുന്ന വിവാദം.
ഏതായാലും ക്രൈംബ്രാഞ്ച് രാമൻപിള്ളയെ നോട്ടമിടുന്നതിന്റെ സൂചനകൾ നേരത്തേയും വന്നിരുന്നു. സാക്ഷികളെ സ്വാധീനിച്ച കേസിൽ അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചു. ഇതിനോട് രാമൻപിള്ള അനുകൂലമായി പ്രതികരിച്ചില്ല. അഭിഭാഷകരും പ്രതിഷേധവുമായി എത്തി. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വിശ്വസിക്കുന്ന പലരും രാമൻപിള്ളയ്‌ക്കെതിരെ ആരോപണമുന്നയിച്ചു. ഇതിനിടെ രാമൻപിള്ളയെ പൊലീസ് പ്രതിയാക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണവുമായി സൈബർ വിദഗ്ധനും സായ് ശങ്കറും വാർത്തകളിൽ എത്തി. ഇതിന് പിന്നാലെയാണ് നടി പരാതിയുമായി ബാർ കൗൺസിലിലേക്ക് എത്തുന്നത്.
രാമൻപിള്ളയുടെ ക്രോസ് വിസ്താരവും ഏറെ ശ്രദ്ധേയമാണ്. ഉച്ചത്തിൽ സംസാരിച്ച് ബഹളം ഉണ്ടാക്കുന്ന രീതിയല്ല അദ്ദേഹത്തിന്റെത്. സാക്ഷിയെ കണ്ണൂരുട്ടി പേടിപ്പിക്കാതെ തീർത്തും ശാന്തനായി, ലക്ഷ്യവേധിയായ ചോദ്യമാണ് ചോദിക്കുക. തുടക്കത്തിൽ തന്നെ ഒരു മാനസിക മേധാവിത്വം നേടിയെടുത്താണ് അദ്ദേഹത്തിന്റെ ക്രോസിങ്ങ്. സൈലന്റ് ടോർച്ചറിങ്ങ് എന്നാണ് ഇതിനെ പലരും പറയുന്നത്. സാക്ഷികളൊക്കെ അതോടെ ആവിയാവും. ഇത് ബൈജു പൗലോസിനും അറിയാം. നടിയെ ആക്രമിച്ച കേസിൽ തോൽക്കുന്നത് പ്രോസിക്യൂഷനും താൽപ്പര്യമില്ല. ഇതെല്ലാമാണ് നടിയുടെ പരാതിയെ ശ്രദ്ധേയമാക്കുന്നത്.
നടിയുടെ പരാതി പരിശോധിച്ച് രാമൻപിള്ളയെ ബാർ കൗൺസിൽ വിലക്കിയാൽ അത് സമാനതകളില്ലാത്ത സംഭവമാകും. പിന്നീട് രാമൻപിള്ളയ്ക്ക് കോടതിയിൽ പോകാനും കഴിയില്ല. എന്നാൽ രാമൻപിള്ളയെ പോലുള്ള മുതിർന്ന അഭിഭാഷകനെതിരെ ബാർ കൗൺസിലിന് അങ്ങനെയൊന്നും എതിർ തീരുമാനം എടുക്കാനും സാധിക്കില്ല. ഏതായാലും ഇതുവരെ ബാർ കൗൺസിലിന് നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു പ്രശ്‌നമാണ് നടിയുടെ പരാതി ഉയർത്തുന്നത്. ഇതിനെ കരുതലോടെ മാത്രമേ അവർ സമീപിക്കൂ.
സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാർ കൗൺസിലിൽ പരാതി നൽകിയത്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നും പരാതിയിൽ പറയുന്നു. ബാർ കൗൺസിൽ അഭിഭാഷകർക്കെതിരെ നടപടിയെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം. അഭിഭാഷകരായ ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയും നടി പരാതി നൽകിയിട്ടുണ്ട്. അഭിഭാഷകന്റെ ഓഫീസിൽ വെച്ച് ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾക്ക് സഹായം ചെയ്തു, അഭിഭാഷകർ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തി തുടങ്ങിയ പരാതികളാണ് നടി ഉന്നയിച്ചത്.
അതേസമയം,ഇ മെയിൽ വഴി അതിജീവിതയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ബാർകൗൺസിൽ ഇതിൽ അന്വേഷണം നടത്തണമെങ്കിൽ നടപടിക്രമങ്ങൾ പ്രകാരം അപേക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അതിജീവിതയുടെ പരാതി ലഭിച്ചത്. നേരത്തെ ബി രാമൻപിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ അഭിഭാഷകർ തന്നെ രംഗത്തുവന്നു. ഇത്തരത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഹൈക്കോടതി അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാർ കൗൺസിലിനെ കൊണ്ട് രാമൻപിള്ളയെ തളയ്ക്കാനുള്ള നീക്കം.
ആയിരം രൂപയും മള്ളൂർ വക്കീലുമുണ്ടങ്കിൽ ആർക്കും ആരെയും കൊല്ലാമെന്ന് പണ്ടൊരു ചൊല്ലുണ്ടായിരുന്നു. മള്ളൂർ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷകൻ വാദിച്ചാൽ ഏത് കേസിൽ നിന്നും പുഷ്പംപോലെ രക്ഷപ്പെടാമെന്നായിരുന്നു ഒരു കാലത്ത് ജനം വിശ്വസിച്ചിരുന്നത്. കോടതിയിൽ വെടിയുണ്ട വിഴുങ്ങി പ്രതിയെ രക്ഷിച്ചത് അടക്കമുള്ള മുള്ളൂർ കഥകൾ ശരിയായിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള കേസ് ഹിസ്റ്ററി നോക്കിയാൽ വിജയകഥകൾ തന്നെയാണ് ഏറെയും. അതുകൊണ്ടായിരിക്കണം, ആയിരം രൂപയും മള്ളൂർ വക്കീലുണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാമെന്നത് ഒരു ചൊല്ലുപോലെ ആയത്.
പക്ഷേ മള്ളൂർ വക്കീലൊക്കെ പ്രാകീടീസ് ചെയ്തത് 1904 മുതലുള്ള കാലമായിരുന്നു. അന്ന് കേരളത്തിൽ നല്ല ക്രിമിനൽ അഭിഭാഷകർ പോലും കുറവായിരുന്നു. കേസുകൾക്ക് മാധ്യമ ശ്രദ്ധയും ഉണ്ടായിരുന്നില്ല. പക്ഷേ ഇക്കാലത്ത് ഈ ചൊല്ല് 'ലക്ഷങ്ങളും രാമൻപിള്ള വക്കീലും ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം' എന്ന രീതിയിൽ മാറിയിരിക്കുന്നുവെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. ടിപി വധക്കേസിൽ സിപിഎം നേതാക്കളെ രക്ഷിച്ചെടുത്ത രാമൻപിള്ള, എല്ലാവരും ശിക്ഷ കിട്ടുമെന്ന് കരുതിയിരുന്നു ബിഷ്പ്പ് ഫ്രാങ്കോമുളയ്ക്കനെ ഊരിയെടുത്തതോടെ നിയമവൃത്തങ്ങളെയും അമ്പരപ്പിച്ചു. അത്തരത്തിലൊരു അഭിഭാഷകനെയാണ് ഇപ്പോൾ നടിയുടെ പരാതി വിവാദത്തിലാക്കുന്നത്.
എന്നാൽ സരസനും കവിയും പ്രഭാഷകനുമൊക്കെയായ മള്ളൂർ ഗോവിന്ദപ്പിള്ളയിൽനിന്ന് തീർത്തും വ്യത്യസ്തനാണ് വ്യക്തി ജീവിതത്തിൽ രാമൻപിള്ള. മാധ്യമങ്ങളോട് അധികം സമ്പർക്കം പുലർത്താത്ത അദ്ദേഹത്തിന്റെ, ഒരു ബയോഡാറ്റ പോലും പബ്ലിക്ക് ഡൊമൈനിൽ കിട്ടാനില്ല. ദിലീപിന് മുൻകൂർ ജാമ്യം കിട്ടിയ ദിവസം പോലുള്ള അപൂർവ സന്ദർഭങ്ങളിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുക. അതും ഏതാനും മിനിട്ടുകൾ മാത്രം. കോടതി ഹിയറിങ്ങും, കേസ് പഠനവും, ചർച്ചയുമായി ദിവസവും 18 മണിക്കൂർ ജോലിചെയ്യുകയാണ്. ഈ കഠിനാധ്വാനവും അർപ്പണബോധവും തന്നെയാണ് രാമൻപിള്ളയെ മറ്റ് അഭിഭാഷകരിൽനിന്ന് വ്യത്യസ്തനാക്കുന്നതും.
അഭിഭാഷകവൃത്തിയുമായി പറയത്തക്ക ബന്ധമൊന്നുമില്ലാത്ത കുടംബത്തിലാണ് രാമൻപിള്ള ജനിക്കുന്നത്. മാവേലിക്കരയിലെ ചെട്ടികുളങ്ങര ഗ്രാമത്തിലാണ് ബാല്യം. കർഷകനായ പിതാവ് എസ് മാധവൻപിള്ളയുടെ ആഗ്രഹമായിരുന്നു മകനെ ഒരു വലിയ വക്കീലായി കാണണം എന്നത്. അമ്മ എ അംബിക ഡിഇഒ ആയിട്ടാണ് റിട്ടയർ ചെയ്തത്. അവർക്ക് മകനെ ഉദ്യോഗസ്ഥൻ ആക്കാനായിരുന്നു താൽപ്പര്യം. മാവേലിക്കര ഗവൺമെന്റ് ഹൈസ്‌ക്കുളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പന്തളം എൻ.എസ്.എസ് കോളജിൽ നിന്ന് പ്രീഡിഗ്രിയും, തുടർന്ന് ബിരുദവും നേടി. 1972ലാണ് അദ്ദേഹം എറണാകുളം ലോ കോളജിൽനിന്ന് പാസാകുന്നത്. തൊട്ടടുത്ത വർഷം തന്നെ എന്റോൾ ചെയ്ത് പ്രാക്റ്റീസ് ചെയ്യാൻ തുടങ്ങി.
പ്രഗൽഭനായ ക്രിമിനൽ അഭിഭാഷകൻ എം.എൻ സുകുമാരൻ നായരുടെ ജൂനിയർ ആയിട്ടാണ് ആ യുവാവ് പ്രാക്ടീസ് തുടങ്ങിയത്. എറണാകുളം മുല്ലശ്ശേരി കനാൽ റോഡിലെ ചെറിയൊരു ഓഫീസിലായിരുന്നു തുടക്കം. തന്നെ മോൾഡ് ചെയ്ത് എടുത്തത്, എം.എൻ സുകുമാരൻ നായർ ആണെന്ന് രാമൻപിള്ള പറയാറുണ്ട്. മറ്റുള്ളവരെപ്പോലെ ജൂനിയേഴ്‌സിനെ തളച്ചിടമെന്ന് ആഗ്രഹമുള്ള വ്യക്തിയായിരുന്നില്ല സുകുമാരൻ നായർ. രാമൻപിള്ളയുടെ കഴിവും താൽപ്പര്യവും അർപ്പണ മനോഭാവവും കണ്ട് പരമാവധി അവസരങ്ങൾ അദ്ദേഹം നൽകി. രാമൻപിള്ള ആദ്യമായി ഒരു കേസ് ജയിച്ചത് സിവിൽ കേസ് ആയിരുന്നു.
പക്ഷേ പിൽക്കാലത്ത് അദ്ദേഹം ക്രിമിനൽ കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കാസർകോട്മുതൽ തിരുവനന്തപുരം വരെയുള്ള വിചാരണക്കോടതിയിൽ പോയി കേസ് നടത്തിയ ആ കാലമാണ്, രാമൻപിള്ളയെ തൊഴിലിന്റെ മർമ്മം പഠിപ്പിച്ചത്. പ്രധാന കേസുകളിൽപോലും സാക്ഷി വിസ്താരമൊക്കെ രാമൻപിള്ളയെ എൽപ്പിച്ച്, ഫൈനൽ ഹിയറിങ്ങിന് എത്തുക എന്നതായിരുന്നു പല കേസുകളിലും എം.എൻ സുകുമാരൻ നായർ സ്വീകരിച്ചിരുന്നത്. അങ്ങനെയാണ് പിൽക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് എന്ന ചലച്ചിത്രത്തിന് നിമിത്തമായ പോളക്കുളം കേസിൽ, രാമൻപിള്ളക്ക് ഹാജരാവാൻ കഴിയുന്നത്. ഇതിലെ വാദങ്ങളിലൂടെയാണ് പൊതുസമൂഹം അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. വൈകാതെ അദ്ദേഹം സ്വതന്ത്ര അഭിഭാഷകനായി.
പിന്നീടങ്ങോട്ട് രാമൻപിള്ള യുഗം തുടങ്ങുകയായി. വിചാരണക്കോടതികളിലാണ് അദ്ദേഹം തന്റെ പ്രാഗൽഭ്യം ഏറെ തെളിയിച്ചത്. ഹൈക്കോടതിയിലും സിബിഐ കോടതിയിലുമായി അഭയകേസ്, ചേകന്നൂർ കേസ് അടക്കമുള്ള ഒട്ടനവധി കേസുകൾ അദ്ദേഹത്തിന്റെ കൈയിലൂടെ കടന്നുപോയി. ടി ജനാർദ്ദനക്കുറുപ്പ്, എം.കെ ദാമോദരൻ, ടി.വി പ്രഭാകരൻ തുടങ്ങിയ അന്നത്തെ പ്രമുഖരായ അഭിഭാഷകർക്ക് ഒപ്പം രാമൻപിള്ളയും തൻേറതായ ഒരു ഇടം ഉണ്ടാക്കി.
മറുനാടന് മലയാളി ബ്യൂറോ