കൊച്ചി: കാൽ തല്ലിയൊടിക്കാൻ പറഞ്ഞുവിട്ടിട്ടു കൃത്യത്തിൽ ആൾ മരിച്ചാൽ കൊലക്കുറ്റത്തിനുള്ള ശിക്ഷയാവും കിട്ടുകയെന്നായിരുന്നു ദിലീപ് കേസുമായി ബന്ധപ്പെട്ടുള്ള അഡ്വക്കേറ്റ് ഉദയഭാനുവിന്റെ ചാനൽ ചർച്ചയിലെ അഭിപ്രായം. ചാലക്കുടി രാജീവ് കൊലക്കേസിൽ റിമാൻഡിലാണ് കേരളത്തിലെ അതിപ്രശസ്തനായ അഭിഭാഷകൻ.

നടിയെ ആക്രമിച്ചു ഫോട്ടോ എടുക്കാനേ പൾസർ സുനിക്കു ക്വട്ടേഷൻ നൽകിയിരുന്നുള്ളൂവെന്നും പീഡനം നടത്താൻ പറഞ്ഞില്ലെങ്കിലും അതിനാൽ കുറ്റം ഗൂഢാലോചനയാണെങ്കിലും മാനഭംഗത്തിനുള്ള ശിക്ഷ തന്നെ ദിലീപിനു ലഭിക്കുമെന്ന് ഉദയഭാനു മുമ്പ് പറഞ്ഞത് അറംപറ്റിയെന്നാണ് പൊതുവേ ഇപ്പോഴുള്ള വിലയിരുത്തൽ. റിയൽ എസ്റ്റേറ്റ് ബ്രോക്കർ വി.എ. രാജീവിനെ ബന്ദിയാക്കാനേ പറഞ്ഞിരുന്നുള്ളൂവെന്നാണ് ഉദയഭാനു ഇന്നലെ പൊലീസിന് മൊഴി നൽകിയത്. ഇതും ദിലീപ് കേസിൽ അഡ്വക്കേറ്റ് നടത്തിയ പരാമർശവമായി ബന്ധപ്പെടുത്താനാണ് പൊലീസ് ശ്രമം. അതുകൊണ്ട് തന്നെ ചാനൽ ചർച്ചയിലെ വീഡിയോ പോലും കേസിൽ തെളിവാകും.

അതിനിടെ രാജീവ് കൊല്ലപ്പെട്ട കേസിൽ ഇരിങ്ങാലക്കുട സബ് ജയിലിൽ കഴിയുന്ന അഭിഭാഷകൻ ഉദയഭാനുവിനെ കൂടുതൽ ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയിൽ കിട്ടുന്നതിനായി പൊലീസ് കോടതിയിൽ അപേക്ഷ നല്കി. ഹർജി ഫയലിൽ സ്വീകരിച്ച ചാലക്കുടി മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. മൂന്നുദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട രാജീവുമായി എന്താണ് ബന്ധം. ഈ ബന്ധം സമർഥിച്ചാൽ മാത്രമേ രാജീവിന്റെ കൊലപാതകത്തിൽ ഉദയഭാനുവിന്റെ പങ്ക് കോടതിയിൽ തെളിയിക്കാനാകൂവെന്ന് പൊലീസ് പറയുന്നു. കേസിലെ അഞ്ചാം പ്രതി ജോണിയുമായി എന്താണ് ബന്ധം. അഭിഭാഷകൻ-പരാതിക്കാരൻ എന്നതിനപ്പുറമുള്ള ബന്ധം സ്ഥാപിക്കാനാണ് നീക്കം.

ചക്കര ജോണിക്ക് കക്ഷിയെന്ന നിലയിലുള്ള നിയമോപദേശം നൽകുക മാത്രമേ താൻ ചെയ്തിട്ടുള്ളൂവെന്നാണ് ഉദയഭാനുവിന്റെ വാദം. എന്നാൽ ഈ വിശദീകരണം കൊലപാതകക്കുറ്റം ഇല്ലാതാക്കുന്നില്ലെന്നാണു പൊലീസിന്റെ നിലപാട്. ഇതിന് തെളിവായി ദിലീപ് കേസിലെ ചാനൽ ചർച്ചയിൽ അഭിഭാഷകൻ നടത്ത പരമാർശം പൊലീസ് ഉയർത്തും. ഐ.പി.സി 302-ാം ചട്ട പ്രകാരം കൊലപാതകകേസാണ് ഉദയഭാനുവിനെതിരേ ചുമത്തിയിരിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി അപ്പീൽ പോകാതിരുന്നത് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു.

ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിനെത്തുടർന്ന് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദവേയിൽനിന്ന് ഉദയഭാനു നിയമോപദേശം തേടിയിരുന്നു. എഫ്.ഐ.ആർ. ഉൾപ്പെടെയുള്ള രേഖകൾ തർജമ ചെയ്ത് ഡൽഹിക്ക് അയക്കുകയും ചെയ്തു. വകുപ്പ് 302 ആയതിനാൽ മുൻകൂർ ജാമ്യത്തിനു സാധ്യത കുറവാണെന്ന നിയമോപദേശമാണു ദുഷ്യന്ത് ദവേയിൽനിന്നു ലഭിച്ചത്. എങ്കിലും ശ്രമിച്ചുനോക്കാമെന്നും ബുധനാഴ്ച തന്നെ ഡൽഹിയിലെത്തി ഹർജി ഫയൽ ചെയ്യാമെന്നുള്ള അഭിപ്രായവും ദുഷ്യന്ത് ദവേ െകെമാറി. തുടർന്നു ഡൽഹിക്കു പോകാൻ ടിക്കറ്റും ബുക്കു ചെയ്തിരുന്നു എന്നാണു സൂചന.

മുൻകൂർ ജാമ്യഹർജിയിൽ സുപ്രീംകോടതിയിൽനിന്നു തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റുണ്ടാവാതിരിക്കാൻ ഒളിവിൽ മാറിനിൽക്കണം. എന്നാൽ, പൊലീസ് വീട്ടിലെത്തുകയും നോട്ടീസ് പതിപ്പിക്കുകയും തന്റെ വീടിനു നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഉദയഭാനു തീരുമാനം മാറ്റുകയായിരുന്നു.