മസ്‌ക്കറ്റ് :  വീട്ടുടമസ്ഥർ വാടക മുൻകൂട്ടി വാങ്ങുന്നത് ഒമാനിൽ വാടകക്കാരെ വലയ്ക്കുന്നതായി റിപ്പോർട്ടുകൾ. ഒരു വർഷം മുതൽ ആറുമാസം വരെയുള്ള വാടകയാണ് ഉടമസ്ഥർ മുൻകൂറായി വാങ്ങുന്നത്. ഇത് തങ്ങളെ കടക്കെണിയിലേക്ക് തള്ളി വിടുന്നതായി വാടകക്കാർ പരാതിപ്പെടുന്നു. ഉടമസ്ഥരുടെ ഇത്തരം നടപടികൾ പരിശോധിക്കണമെന്ന് ഇവർ ഉദ്ദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ വാടകക്കാരുടെ അവസ്ഥ കൂടി പരിഗണിക്കണമെന്ന് ഒമാൻ റിയൽ എസ്‌റ്റേറ്റ് അസോസിയേഷൻ ചെയർമാൻ മുഹമ്മദ് ബിൻ സലിം അൽ ബുസൈദി പറഞ്ഞു.
 
ഇത്തരത്തിൽ വലിയ തുക മുൻകൂട്ടി ആവശ്യപ്പെടുന്നത് വാടകക്കാരെ ലോണെടുക്കാൻ നിർബന്ധിതരാക്കുന്നു. ഇത് ഭാവിയിൽ ഇവരുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും അൽബുസൈദി പറഞ്ഞു.  ഇത്തരത്തിൽ വീട്ടുടമസ്ഥർ ഒരു വർഷത്തെ വരെ വാടക മുൻകൂർ നൽകാൻ ആവശ്യപ്പെടുന്നതായുള്ള നിരവധി പരാതികളാണ് വിവിധ അഥോറിറ്റികൾക്ക് ലഭിക്കുന്നത്. 
 
ഇത്രയും തുക  അഡ്വാൻസ് നൽകാൻ വേറെ ഒരു മാർഗ്ഗവുമില്ലാത്തതിനാൽ തനിക്ക് 8000 റിയാൽ ബാങ്കിൽ നിന്നും വായ്പയെടുക്കേണ്ടി വന്നെന്ന് ഇന്ത്യൻ വംശജനായ ഒരു വാടകക്കാരൻ ചൂണ്ടിക്കാട്ടി. മറ്റു പലരും ഇതേ അവസ്ഥയിൽ തന്നെയാണെന്നാണ് തദ്ദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്. കൊമേഴ്ഷ്യൽ ബിൽഡിങ്ങിന്റെ വാടക സംബന്ധിച്ച വിഷയങ്ങളിൽ മാത്രമേ ഇടപെടൂ എന്ന നിലപാടാണ് പബ്ലിക് അഥോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ സ്വീകരിച്ചിരിക്കുന്നത്. 
 
വീട്ടുടമകളുടെ ഈ നയത്തെ ചെറുക്കുന്ന നിയമങ്ങൾ ഒന്നും നിലവിൽ ഇല്ലെന്നാണ് മസ്‌ക്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കുന്നത്. ഇത് ഉടമസ്ഥരും വാടകക്കാരും തമ്മിലുള്ള കാര്യമാണെന്നും ഇവർ തമ്മിൽ എഗ്രമെന്റിൽ എത്തിച്ചേർന്നാൽ മുൻസിപ്പാലിറ്റിക്ക് അതിൽ ഇടപെടാൻ സിയമമില്ലെന്നുമാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്.  ഉടമകളുടെ ഈ നടപടികാരണം പലരും കടക്കെണിയിലാവുന്നതായാണ് റിപ്പോർട്ടുകൾ.