തിരുവനന്തപുരം: ഡിജിറ്റൽ മനസ്സിൽ കാര്യങ്ങൾ മാറി മറിയുമെന്ന് ചിന്തിക്കുന്നവരാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ഇന്ന്. എല്ലാവരുടെ കൈയിലും സ്മാർട്ട് ഫോൺ എന്ന ആശയത്തിലേക്കാണ് രാജ്യത്തിന്റെ യാത്ര. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും ഡിജിറ്റൽ വഴിയിലൂടെ നീങ്ങുകയാണ് സ്ഥാനാർത്ഥികൾ.

ഇന്റർനെറ്റ് പരസ്യങ്ങൾക്ക് വാരിക്കോരി ചെലവിടുകയാണ് കേരളത്തിലേയും രാഷ്ട്രീയക്കാർ ഇന്ന്. ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോഴും ഫേസ്‌ബുക്, യൂട്യൂബ് എന്നിവ ഉപയോഗിക്കുമ്പോഴും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടും. ഈ അപ്രതീക്ഷിത പരസ്യങ്ങളിലൂടെ ജനമനസ്സുകളിലേക്ക് കയറാനാണ് നീക്കം.

കേരളത്തിൽ മൂന്നു മുന്നണികളും സ്വതന്ത്ര സ്ഥാനാർത്ഥികളും നേതാക്കളുമെല്ലാം ചേർന്ന് ഒരാഴ്ചയ്ക്കിടെ മുടക്കിയത് 20 ലക്ഷത്തോളം രൂപയാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പരസ്യങ്ങൾക്കായി മുടക്കുന്ന തുക എത്രയെന്ന് ഗൂഗിളും ഫേസ്‌ബുക്കും വെളിപ്പെടുത്താൻ തുടങ്ങിയത് 2019 ഫെബ്രുവരി മുതലാണ്. അതുകൊണ്ടാണ് കൃത്യം കണക്കും പുറത്തു വരുന്നത്. 2019 ഫെബ്രുവരി മുതൽ ഇതുവരെ ഫേസ്‌ബുക്കിന് ഇന്ത്യയിൽനിന്നു മാത്രം ലഭിച്ചത് 100 കോടിയോളം രൂപയാണ്. കൃത്യമായി പറഞ്ഞാൽ 2021 മാർച്ച് 26 വരെ 6,43,286 പരസ്യങ്ങളിൽ നിന്നായി 93,09,77,431 രൂപ. ഗൂഗിളിന്റെ പ്രധാന വരുമാന വഴിയായി ഇത് മാറുന്നു.

ഇങ്ങനെ കട്ടിയതിൽ 4.61 കോടി രൂപ മുടക്കിയത് ബിജെപിയും 3.68 കോടി രൂപ മുടക്കിയത് തൃണമൂൽ കോൺഗ്രസുമാണ്. ബിജെപിയുടെ വിവിധ സംസ്ഥാന ഘടകങ്ങൾ ചെലവഴിച്ച തുക ഒഴികെയുള്ള കണക്കാണ് ഇത്. ഇതേ കാലയളവിൽ രാജ്യത്തുനിന്ന് ഗൂഗിളിന് മൊത്തം ലഭിച്ച തുക 47.34 കോടിയാണെന്നു ഗൂഗിളിന്റെ ട്രാൻസ്പരൻസി റിപ്പോർട്ട് പറയുന്നു. ഇതിൽ 16.29 കോടി രൂപയുടെ പരസ്യവും നൽകിയത് ബിജെപിയാണ്. കേരളത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ നൽകിയ പരസ്യങ്ങൾ വഴി ഇതുവരെ ഗൂഗിളിനു ലഭിച്ചത് 36.96 ലക്ഷം രൂപ. ഡിജിറ്റൽ പരസ്യങ്ങൾക്ക് ലക്ഷങ്ങൾ മുടക്കുമ്പോഴും കണക്കെടുപ്പ് കുരുക്കാകുമോ എന്ന ആശങ്കയും രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കുമുണ്ട്. ബിജെപിയും തൃണമൂലും ബംഗാളിലെ ഇലക്ഷൻ പോരിന് സമർത്ഥമായി സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നുവെന്ന് സാരം.

സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന 50,000 കോപ്പി പ്രിന്റ് ചെയ്ത് അയ്യായിരമെന്നു കാണിച്ച് ചെലവു നിരീക്ഷകരുടെ കണ്ണിൽപ്പൊടിയിടുന്ന പണി ഇപ്പോൾ ഫേസ്‌ബുക്കിലും ഗൂഗിളിലും നടക്കില്ലെന്നതാണ് പ്രശ്‌നം. ഫേസ്‌ബുക് ആഡ് ലൈബ്രറി, ഗൂഗിൾ ട്രാൻസ്പരൻസി റിപ്പോർട്ട് എന്നിവ പരിശോധിച്ചാൽ എത്ര തുക മുടക്കിയെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും. 90 ദിവസത്തിനിടെ ഘഉഎ ഗലൃമഹമാ എന്ന പേജ് ഫേസ്‌ബുക്കിന് നൽകിയത് 8,16,794 രൂപയാണ്. ഇതിൽ 6,29,982 രൂപയും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് നൽകിയത്.

സ്ഥാനാർത്ഥികളിൽ ഡോ.എസ്.എസ്.ലാൽ, പി.സി.വിഷ്ണുനാഥ്, ജോസഫ് വാഴക്കൻ തുടങ്ങി പലരും ഫേസ്‌ബുക് വഴി പരസ്യം നൽകി. 27 ഡിജിറ്റൽ പരസ്യങ്ങൾക്കായി കിഫ്ബി ഫേസ്‌ബുക്കിനു നൽകിയത് 4,56,150 രൂപയാണ്. സർക്കാരിന്റെ മറ്റ് ഏജൻസികളും വകുപ്പുകളും മുടക്കിയ തുകയും ആഡ് ലൈബ്രറിയിൽ തിരഞ്ഞാൽ മനസ്സിലാക്കാം. ദേശീയതലത്തിൽ തൃണമൂലും ഡിഎംകെയും ബിജെപിയുമാണ് ഫേസ്‌ബുക്, ഗൂഗിൾ പരസ്യങ്ങൾക്ക് കൂടുതൽ താൽപ്പര്യം കാട്ടുന്നത്. കോൺഗ്രസും പതിയെ ഈ വഴിയിലേക്ക് എത്തുകയാണ്. കേരളത്തിൽ മാത്രമായി സിപിഎം താൽപ്പര്യങ്ങൾ ഒതുങ്ങുന്നുവെന്നും ഡിജിറ്റൽ പരസ്യത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.