കൊച്ചി: 1987ൽ തന്നെ മുഖ്യമന്ത്രിയാക്കാഞ്ഞത് ഇഎംഎസ്സിന്റെ ജാതി സ്പർധ കൊണ്ടാണെന്ന ഗൗരിയമ്മയുടെ ആരോപണത്തെക്കുറിച്ച് പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ രംഗത്ത്.കഴിവും കാര്യപ്രാപ്തിയും കൊണ്ട് കാര്യമില്ല. നയം വിനയം, അഭിനയം ഇത് മൂന്നുമാണ് വിജയത്തിന്റെ അടിത്തറയെന്ന് ഫേസ്‌ബുക് പോസ്റ്റിൽ ജയശങ്കർ പറയുന്നു.

അഡ്വ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

1987ൽ തന്നെ മുഖ്യമന്ത്രിയാക്കാഞ്ഞത് ഇഎംഎസ്സിന്റെ ജാതി സ്പർധ കൊണ്ടാണെന്ന ആരോപണം സഖാവ് കെആർ ഗൗരിയമ്മ ആവർത്തിക്കുന്നു. ഭരണമികവൊന്നുമില്ലെങ്കിലും മേൽജാതിക്കാരനായതു കൊണ്ടാണ് നായനാർ മുഖ്യമന്ത്രിയായത് എന്ന് കൂട്ടിച്ചേർക്കുന്നു.

1987ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പാർട്ടിയോ മുന്നണിയോ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നില്ല. ബദൽ രേഖയുമായി ബന്ധപ്പെട്ട നായനാർ അനഭിമതനായിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രി ഗൗരിയമ്മ ആയിരിക്കും എന്നൊരു ധാരണ ഉണ്ടായിരുന്നു. കേരം തിങ്ങും കേരള നാട്ടിൽ കെആർ ഗൗരി ഭരിക്കട്ടേ എന്ന മുദ്രാവാക്യവും മുഴങ്ങി. പക്ഷേ, ഭൂരിപക്ഷം കിട്ടിയപ്പോൾ ഗൗരിയമ്മ തഴയപ്പെട്ടു. നായനാർ വീണ്ടും മുഖ്യമന്ത്രിയായി. അത്രയും സത്യം.

വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ കുടുമ മുറിക്കുകയും പൂണൂൽ കത്തിച്ചു ചാരം ചെറുമുക്ക് വൈദികന് അയച്ചു കൊടുക്കുകയും ചെയ്തയാളാണ് ഇഎംഎസ്. കമ്മ്യൂണിസ്റ്റായ ശേഷം വർഗ നിരാസം സാധിച്ചു. കഥകളി കാണുകയോ ഭാഗവതം വായിക്കുകയോ ചെയ്തില്ല. ഒളിവിൽ കഴിയുമ്പോൾ കീഴാളരുടെ കുടിലിൽ താമസിച്ചു; മൂരിയിറച്ചിയും തിന്നിരുന്നു.

1980ൽ ടികെ രാമകൃഷ്ണനെ മുഖ്യമന്ത്രിയാക്കാനാണ് ഇഎംഎസ് ഉദ്ദേശിച്ചതെന്നും, താനാണ് നായനാരുടെ പേര് നിർദ്ദേശിച്ചതെന്നും കുഞ്ഞിക്കണ്ണനും പുത്തലത്ത് നാരായണനും എൻ.ശ്രീധരനുമാണ് പിന്തുണച്ചതെന്നും നമ്പൂതിരിപ്പാടിന്റെ ബദ്ധവൈരിയായ എംവി രാഘവൻ അവകാശപ്പെടുന്നു. (ആത്മകഥ പേജ് 266-267)

അച്യുതാനന്ദൻ മാരാരിക്കുളത്തു തോറ്റ 1996ൽ ഇഎംഎസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുശീലാ ഗോപാലനെയാണ് പിന്തുണച്ചത്.

എന്നു മാത്രമല്ല, 1987ൽ തന്നെ പാർട്ടി സെക്രട്ടറിയായിരുന്ന അച്യുതാനന്ദനും പോളിറ്റ് ബ്യൂറോ അംഗം ബാലാനന്ദനും ഗൗരിയമ്മയെയല്ല നായനാരെയാണ് പിൻതാങ്ങിയത്.

രാമകൃഷ്ണനും അച്യുതാനന്ദനും ബാലാനന്ദനും സുശീലയും ഗൗരിയമ്മയും ഒരേ ജാതിക്കാരാണ്. അപ്പോൾ, ജാതി ആയിരുന്നില്ല പ്രശ്‌നം.

രാമകൃഷ്ണനും സുശീലയും വിനീതരായിരുന്നു; നായനാർ നയകോവിദനും. ഗൗരിയമ്മ മഹാ തന്റേടി. ഈശനെയും ബ്രഹ്മനെയും വകവെക്കില്ല. പിന്നെയാണ്, ഇഎംഎസ്.

കഴിവും കാര്യപ്രാപ്തിയും ഉണ്ടായതു കൊണ്ട് കാര്യമില്ല. നയം, വിനയം, അഭിനയം- ഇതു മൂന്നുമാണ് വിജയത്തിന്റെ അടിത്തറ.