ആലപ്പുഴ: പ്രവാസി മലയാളിയെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ അഭിഭാഷകനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്. മവേലിക്കര കോടതിയിലെ അഭിഭാഷകനായ റൂബി രാജിനെതിരെയാണ് പ്രവാസിയും മലയാളി വ്യവസായിയുമായ മാവേലിക്കര താലൂക്കിൽ കടുവിനാൽ മുറിയിൽ കണ്ണൻകോമത്ത് വീട്ടിൽ കരുണാകരന്റെ മകൻ പ്രസന്നൻ കോടതിയെ സമീപിക്കുന്നത്. 40 ലക്ഷം രൂപയുടെ നഷ്ടപരിഹാരമാണ്പ്രസന്നൻ ആവശ്യപ്പെട്ടിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട മാവേലിക്കര പൊലീസ് ചതി, വഞ്ചന, പണാപഹരണം എന്നീ വകുപ്പുകൾ ചുമത്തി അഭിഭാഷകനെതിരെ കസെടുത്ത് അന്വേഷിച്ചു വരുന്നതായും പ്രസന്നൻ പറഞ്ഞു.കഴിഞ്ഞ 18 കൊല്ലമായി വിദേശത്ത് ജോലിനോക്കിയിരുന്ന പ്രസന്നൻ ഇപ്പോൾ വിദേശരാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന ജോലി ചെയ്തുവരികയാണ്. സൗദി ആറേബ്യയിലെ റിയാദിൽ ജോലിചെയ്യുമ്പോൾ അവിടെ അയൽവാസികളായുണ്ടായിരുന്ന കുണ്ടറ മുറിയിൽ അറപ്പുരവടക്കേതിൽ വീട്ടിൽ അലക്സാണ്ടർ ജോർജും, അയ്യാളുടെ ഭാര്യ ബിൻസി അലക്സും ബന്ധുവായ തോമസ് കുട്ടിയും ചേർന്ന് പ്രസന്നനിൽനിന്നും 36 ലക്ഷം രൂപ വായ്പയായി വാങ്ങിയിരൂന്നു. റിയാദിൽ ആശുപത്രി സംബന്ധമായ വ്യാപാരം ചെയ്യാനാണെന്ന് അറിയിച്ചാണ് പണം വാങ്ങിയത്.

രണ്ടു മാസത്തെ അവധി പറഞ്ഞാണ് പണം കടം വാങ്ങിയത്. പ്രോമീസറി നോട്ടിന്റെയും ചെക്കിന്റെയും അടിസ്ഥാനത്തിലാണ് പണം നൽകിയത്. കാലവധി കഴിഞ്ഞിട്ടും പണം തിരികെ തരാൻ സുഹൃത്തുക്കൾ അമാന്തിച്ചപ്പോൾ പ്രസന്നൻ കോടതിയിൽ പോകാൻ തീരുമാനിച്ചു. ഇതിനായിട്ടാണ് പ്രസന്നൻ മാവേലിക്കര കോടതിയിലെ അഭിഭാഷകനായ റൂബി രാജിനെ സമീപിച്ചത്.

പ്രസന്നൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റൂബി രാജ് കക്ഷികളക്കെതിരെ മാവേലിക്കര കോടതിയിൽ മൂന്നു കേസുകൾ ഫയൽ ചെയ്തു. ഒരു ക്രിമിനൽ കേസും, രണ്ട് സിവിൽ കേസുകളും. ഇതിൽ സിവിൽ കേസുകൾ ഫയൽ ചെയ്യാനാണ് ലക്ഷങ്ങൾ ഫീസ് ഇനത്തിൽ വാങ്ങിയത്. രണ്ട് സിവിൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ 2,29,000 രൂപയും മറ്റ് ക്രിമിനൽ കേസ് നടത്തിപ്പിനും ഫീസിനത്തിലുമായി ആകെ 3,13,200 രൂപ വാങ്ങിയിരുന്നു.

സിവിൽ കേസുകൾ ഫയൽ ചെയ്യുമ്പോൾ ലഭിക്കാനുള്ള തുകയുടെ നിശ്ചിത തുക കോടതിയിൽ കെട്ടിവെക്കണമെന്നാണ്. ഇക്കാര്യം അറിയിച്ചാണ് വക്കീൽ പ്രസന്നനിൽനിന്നും പണം തട്ടിയത്. ഇതുപ്രകാരം അന്യായം എഴുതി വായിച്ച് കോടതയിൽ ഒടുക്കേണ്ട തുകയും രേഖപ്പെടുത്തിയശേഷമാണ് പ്രസന്നനെ കൊണ്ട് അന്യായത്തിൽ റൂബി രാജ് ഒപ്പ് ഇടുവിച്ചത്. ഫീസ് അടച്ച് മടങ്ങിയ പ്രസന്നന്റെ കൈയിൽ അന്യായത്തിന്റെ കോപ്പികൾ ഒന്നുംതന്നെ നൽകിയിരുന്നില്ല. അതുക്കൊണ്ടുതന്നെ ശരിയായ പരാതി ഏതെന്നും തിരിച്ചറിയാൻ പ്രയാസമായി. എന്നാൽ കോടതിയിൽ റൂബിരാജ് ഒറിജിനൽ പരാതി മാറ്റി പകരം മറ്റൊരു അന്യായം തയ്യാറാക്കി വ്യാജ ഒപ്പിട്ട് കോടതിയിൽ ഫയൽ ചെയ്യുകയായിരുന്നു.

പിന്നീട് വിദേശത്തേക്ക് പോയ പ്രസന്നനെ റൂബി രാജ് കേസ് സംബന്ധമായ വിഷയങ്ങൾ അറിയിക്കുന്നുണ്ടായിരുന്നെങ്കിലും തട്ടിപ്പായിരുന്നു. കോടതിയിൽ പോകാതെയും കേസിന് നിശ്ചിത സമയത്ത് ഹാജരാകാതെയും വന്നപ്പോൾ കേസുകൾ എല്ലാം ഒന്നൊന്നായി പൊട്ടി. രണ്ടു സിവിൽ കേസുകൾ വാദിക്കാൻ വക്കീലില്ലാതെ തള്ളിപോയി. ഇതറിഞ്ഞെത്തിയ പ്രസന്നൻ ക്രിമിനൽ കേസ് മറ്റൊരു വക്കീലിനെ ഏർപ്പെടുത്തി സ്റ്റേ വാങ്ങി ഹൈക്കോടതിയിലേക്ക് മാറ്റി. പിന്നീട് മറ്റൊരു അഭിഭാഷകൻ മുഖേന തന്റെ കേസുകളുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് താൻ നൽകി പണം കോടതിയിൽ കെട്ടിയിട്ടില്ലെന്ന് മനസിലായത്.

കോടയിൽ വെറും 13000 രൂപമാത്രമാണ് അടച്ചിട്ടുള്ളത്. നിശ്ചിത ഫീസ് ഒടുക്കേണ്ട സമയം കഴിഞ്ഞപ്പോഴാണ് കോടതിയ കേസ് തള്ളിയത്. മാത്രമല്ല കോടയിൽ റൂബി രാജ് നൽകിയ മൂന്നു കേസുകളും തന്റെ പേരിൽ വ്യാജമായി തയ്യാറാക്കിയതാണെന്ന് മനസിലായത്. വിവരങ്ങൾ അറിഞ്ഞ പ്രസന്നൻ റൂബി രാജിനെ ഓഫീസിൽ സന്ദർശിച്ച് കാര്യങ്ങൾ ആരാഞ്ഞപ്പോൾ ഗുമസ്ഥൻ ശ്രീകുമാറുമായി ചേർന്ന് അപമാനിച്ച് വിട്ടെന്ന് പ്രസന്നൻ പറഞ്ഞു. പണം നൽകിയതായോ കൈപറ്റിയതായോ തനിക്ക് അറിവില്ലെന്നാണ് റൂബി രാജ് പറയുന്നത്. തനിക്ക് 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പ്രസന്നൻ പറയുന്നു. ഇത് റൂബി രാജിൽ നിന്നും ഈടാക്കാൻ താൻ നിയമ സഹായം തേടുമെന്നും പ്രസന്നൻ പറഞ്ഞു.