കൊല്ലം: പ്രതിഭാഗവുമായി ചേർന്ന് സ്വന്തം കക്ഷിയായ വാദിയെ കബളിപ്പിച്ച അഭിഭാഷകന് കോടതികളിൽ ഹാജരാകുന്നതിൽ വിലക്ക്. അടുത്ത മൂന്ന് വർഷം രാജ്യത്തെ ഏതൊരു കോടതിയിൽ ഹാജരാകുന്നതിനും വിലക്കേർപ്പെടുത്തിക്കൊണ്ട് ബാർ കൗൺസിൽ ഓഫ് കേരളയാണ് ഉത്തരവിട്ടിരിക്കുന്നത്.

കരുനാഗപ്പള്ളി കാട്ടിൽക്കടവ് ഓംകാരസ്വരൂപാനന്ദമഠം (ശിവപുരി ട്രസ്റ്റ്) മഠാധിപതി സ്വാമി പിതാ ജ്യോതിർമയാനന്ദ നൽകിയ പരാതിയിൽ കരുനാഗപ്പള്ളി ബാറിലെ അഭിഭാഷകൻ സജു കിരണിനാണ് ബാർ കൗൺസിൽ ഓഫ് കേരള വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കേസിന് ചെലവായ 50,000 രൂപ വാദിഭാഗത്തിന് അഭിഭാഷകൻ നൽകണമെന്നും കൗൺസിൽ നിർദ്ദേശിച്ചു.

അരനൂറ്റാണ്ടോളം പഴക്കമുള്ള മഠത്തിൽ 2012ൽ പിരിവിനെത്തിയവർക്ക് തുക നൽകാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് മഠം അധികൃതർ പറയുന്നത്. 50,000 രൂപയാണ് അവർ പിരിവായി ആവശ്യപ്പെട്ടത്. അടിസ്ഥാനമില്ലാത്ത ആവശ്യമാണെന്ന് മനസിലാക്കി മഠം പിരിവ് നിഷേധിക്കുകയായിരുന്നു. ഇതോടെ അവർ മഠത്തിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും പരാതികൾ നൽകി ബുദ്ധിമുട്ടിക്കാൻ തുടങ്ങിയെന്നും മഠം അധികൃതർ പറയുന്നു.

ഈ കേസുകളുടെ നടത്തിപ്പിന് വേണ്ടി അഡ്വ. സജു കിരണിനെയാണ് മഠം ഏർപ്പെടുത്തിയിരുന്നത്. മുഴുവൻ കേസുകളുടെയും വക്കാലത്ത് ഏറ്റെടുത്ത സജു ഇതിന്റെ പേരിൽ വലിയൊരു സംഖ്യ വക്കീൽ ഫീസായി കൈപ്പറ്റുകയും ചെയ്തു. എന്നാൽ അഭിഭാഷകൻ കൃത്യമായി ഹാജരാകാതിരിക്കുന്നതിന്റെ പേരിൽ മഠം നൽകിയ കേസുകൾ തുടർച്ചയായി പരാജയപ്പെടുന്ന അവസ്ഥയുണ്ടായി. ഇതോടെ സംശയം തോന്നിയ മഠം അധികൃതർ അന്വേഷണം നടത്തിയപ്പോൾ എതിർകക്ഷികളുമായി ചേർന്ന് സജു മഠത്തിനെ വഞ്ചിക്കുകയാണെന്ന് മനസിലായി.

ഇതോടെ എല്ലാ കേസുകളുടെയും വക്കാലത്ത് ഒഴിയണമെന്നും രേഖകൾ തിരികെ നൽകണമെന്നും മഠം പലതവണ ആവശ്യപ്പെട്ടിട്ടും സജു വഴങ്ങിയില്ല. മാത്രമല്ല ഇക്കാര്യം ആവശ്യപ്പെട്ട മഠാധിപതി അടക്കമുള്ളവരെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെയാണ് മഠം കരുനാഗപ്പള്ളി ലീഗൽ സർവീസ് അഥോറിറ്റിയെ സമീപിച്ചത്.

സജു കിരണിന്റെ ഭാഗം കേൾക്കാനായി അഥോറിറ്റിയിൽ നിന്നും മൂന്ന് മാസം തുടർച്ചയായി വിളിപ്പിച്ചിട്ടും ഹാജരാകാൻ സജു തയ്യാറായില്ല. ഒടുവിൽ 2017 ലാണ് ബാർ കൗൺസിൽ ഓഫ് കേരളയ്ക്ക് മഠം പരാതി നൽകിയത്. ഒടുവിൽ സജു ഉയർത്തിയ വാദങ്ങളെല്ലാം അപ്പാടെ തള്ളിക്കൊണ്ട് ബാർ കൗൺസിൽ മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തുകയായിരുന്നു. അധർമത്തിനെതിരായ യുദ്ധത്തിൽ ധർമം വിജയിച്ചുവെന്ന് ഓംകാരസ്വരൂപാനന്ദമഠം മഠാധിപതി സ്വാമി പിതാ ജ്യോതിർമയാനന്ദ പ്രതികരിച്ചു.