- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശിൽ നിന്ന് ലൈംഗിക തൊഴിലിന് എത്തിച്ച പെൺകുട്ടികളെ രക്ഷിച്ചു; 16കാരിയായ ഗർഭിണിയെ യാത്രാ രേഖകളുടെ കുറവിൽ ജയിലിലടച്ചപ്പോൾ രക്ഷകയായ പുനർജനി; രണ്ടു പെൺകുട്ടികളെ പിച്ചിച്ചീന്തിയ നരാധമന് വാങ്ങി നൽകിയത് ഇരട്ട ജീവപര്യന്തം; ആളൂരിന്റെ വാദങ്ങളെ തകർത്ത് പെൺകരുത്ത്; അഡ്വ. സപ്ന പി. പരമേശ്വരത്ത് കൈയടി നേടുമ്പോൾ..
മലപ്പുറം: ഒൻപതും പത്തും വയസ്സുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പലതവണ ലൈംഗികമായി പീഡിപ്പിച്ചകേസിൽ പ്രതിയായ 38കാരന് രണ്ട് ഇരട്ട ജീവപര്യന്തവും പിഴയും വാങ്ങിച്ചു നൽകിയത് സ്പെഷൽ പബ്ലിക് പ്രോസിക്കൂട്ടർ സപ്ന പി. പരമേശ്വരം എന്ന അഭിഭാഷകയുടെ മികവു കൂടിയായിരുന്നു. പോക്സോ കേസിൽ പ്രതികൾ പുല്ലുപോലെ ജാമ്യത്തിൽ ഇറങ്ങിപ്പോകുമ്പോൾ വൻ സാമ്പത്തിക ശേഷിയുള്ള പ്രതിക്ക് വേണ്ടി പേരുകേട്ട അഡ്വ. ബി.എ. ആളൂർ തന്നെ വാദിക്കാനായി എത്തിച്ചിട്ടും കേസിൽ ലഭിക്കാവുന്ന പരമാവധി ശിക്ഷയായി ഇരട്ട ജീവപര്യന്തത്തിലൂടെ 80വർഷം തടവ് തന്നെയാണ് പ്രതിക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടർ സപ്ന പി. പരമേശ്വരത്തിന്റെ വാദത്തിലൂടെ ലഭിച്ചത്.
പെരിന്തൽമണ്ണ സ്വദേശിയും നിലവിൽ കോഴിക്കോട്ടെ താമസക്കാരിയുമാണ് സപ്ന പി. പരമേശ്വരത്ത്. പീഡനക്കേസിൽ 38കാരനെ 80വർഷം തടവിന് വിധിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ഒൻപതും പത്തും വയസ്സുള്ള രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പലതവണ പീഡിപ്പിച്ച രണ്ടുകേസുകളിലാണ് പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷയും പിഴയും ലഭിച്ചത്. ഒൻപതും പത്തും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പെരിന്തൽമണ്ണ കക്കൂത്ത് കിഴക്കേക്കര റജീബ്(38)നെയാണ് ശിക്ഷിച്ചത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അനിൽകുമാറാണ് വിധി പറഞ്ഞത്. 2016-ൽ പെരിന്തൽമണ്ണ പൊലീസാണ് രണ്ട് കേസുകളായി രജിസ്റ്റർ ചെയ്തത്. ഒൻപതുകാരിയുടെ കേസിൽ പോക്സോ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു.
ഇതിൽതന്നെ ഐ.പി.സി. യിലെ രണ്ട് വകുപ്പുകൾ പ്രകാരം പത്തും ഏഴും വർഷങ്ങൾ തടവും പതിനായിരം രൂപവീതം പിഴയുമാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നിവക്കുള്ള വകുപ്പുകളനുസരിച്ചാണിത്. പ്രോസികൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു. രണ്ടാമത്തെ കേസിലും പോക്സോ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും 1,60,000 രൂപ പിഴയുമിട്ടു. ഐ.പി.സി. പ്രകാരം ഇതിലും പത്ത്, ഏഴ് വർഷങ്ങൾ തടവും പതിനായിരം രൂപവീതം പിഴയുമുണ്ട്. പിഴസംഖ്യ കുട്ടികൾക്ക് നഷ്ടപരിഹാരമായി നൽകണം. ഇതിൽ 20 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ ഹാജരാക്കി.
ശിക്ഷ ഉറപ്പിച്ച് അഭിഭാഷക മികവ്
കുട്ടികളുടെ പ്രായവും, പ്രതിയുടെ ക്രൂരമായ പ്രവർത്തനങ്ങളും അതോടൊപ്പം കുട്ടികളോടൊപ്പം വീട്ടുകാരും മഹല്ല് കമ്മിറ്റിയും ഉൾപ്പെടെ പൂർണ പിന്തുണയുമായി കൂടെ നിന്നതിനാലും കുട്ടികൾക്കുവേണ്ടിയുള്ള നിയമത്തിന്റെ സംരക്ഷണവുമാണ് ഇത്തരത്തിൽ പ്രതിക്കു ശിക്ഷ ലഭിക്കാൻ കാരണമെന്ന് സപ്ന പി. പരമേശ്വരത്ത് പറഞ്ഞു. പലകേസുകളിലും നിയമപരമായ പോരാട്ടത്തിന് ഇരകളായ കുട്ടികൾക്കു സ്വന്തം വീട്ടിൽനിന്നുപോലും വേണ്ട പിന്തുണ ലഭിക്കാത്തതിനാലാണു പോക്‌സോ കേസുകളിൽ ദുർബലമായിപ്പോകാൻ കാരണമെന്നും ഇവർ പറയുന്നു.
പെരിന്തൽമണ്ണ സ്വദേശിനിയായ സപ്ന പി. പരമേശ്വരത്ത് പെരിന്തൽമണ്ണയിൽതന്നെയാണു ജനിച്ചതും വളർന്നതുമെല്ലാം. തുടർന്നു അടുത്തിടെയാണു മകൾ മേഖലയോടൊപ്പം താൽക്കാലികമായി കോഴിക്കോട്ടേക്കു താമസം മാറ്റിയത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പുനർജനി ഓർഗനൈസേഷന്റെ ഫൗണ്ടർ മെമ്പർകൂടിയാണ് സപ്ന. 20വർഷമായി അഭിഭാഷക മേഖലയിലുള്ള സപ്ന 11വർഷം മുമ്പാണു കുട്ടികളുടെയും സ്ത്രീകളുടേയും അവകാശ സംരക്ഷണത്തിനും, നിയമപോരാട്ടങ്ങൾക്കു സഹായിക്കാനുമായി പുനർജനി എന്ന പേരിൽ ഓർഗനൈസേഷൻ രൂപീകരിക്കുന്നത്. 2016ൽ ഗർഭിണിയും പീഡനത്തിനിരയാവുകയും ചെയ്ത പ്രായപൂർത്തിയാകാത്ത ബംഗ്ളാദേശി പെൺകുട്ടിയെ യാത്രരേഖകളുടെ കുറവ് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലാ ജയിലിലടച്ചപ്പോൾ ഇവരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പുനർജനിയുടെ നേതൃത്വത്തിൽ നടത്തിയതു വലിയ പോരാട്ടം തന്നെയായിരുന്നു.
16കാരിയും ഗർഭിണിയുമായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുതിർന്നവരുടെ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. പുനർജനി നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നും, സെക്സ്റാക്കറ്റുകളുടെ കൈയിൽവീണതാണെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്. തുടർന്നു ബംഗളാദേശിൽനിന്നും ഒരു നിയമവിദഗ്ധന്റെ കൂടി സഹായത്തോടെയാണ് സപ്നയുടെ പുനർജനി ടീം പെൺകുട്ടി നിയമപരമായി മോചിപ്പിച്ചു ബംഗളാദേശിലേക്കു തന്നെ തിരിച്ചെത്തിച്ചത്. ഇതിനു പിന്നാലെ സപ്നയും ടീം നടത്തിയ അന്വേഷത്തിൽ ബംഗളാദേശിൽനിന്നും പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ കേരളത്തിലേക്കു ലൈംഗിക തൊഴിലിനായി എത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. 12 ഉം 13ഉം വയസ്സ് പ്രായമുള്ള മൂന്നു ബംഗളാദേശി കുട്ടികളെ കേരളത്തിലെത്തിലെത്തിച്ച് വർഷങ്ങളോളം ലൈംഗിക തൊഴിലിന് ഉപയോഗിച്ചതായും കണ്ടെത്തി.
ഈപെൺകുട്ടിളെ പൊലീസ് പിടികൂടിയതിനെ തുടർന്നു പുനർജനിയുടെ നേതൃത്വത്തിൽ ഇടപെടൽ നടത്തി അന്വേഷിച്ചപ്പോഴാണു സെക്സ് റാക്കറ്റുകളുടെ കഥ പുറത്തുവരുന്നത്. ബംഗ്ളാദേശിലെ നിർധന കുടുംബത്തിൽപ്പെട്ട പെൺകുട്ടികൾക്ക് കേരളത്തിൽ ജോലി വാഗ്ദാനംചെയ്ത് ആദ്യം മുംബൈയിലേക്കും ശേഷം ബാംഗ്ളൂരുവിലേക്കും അവിടേ നിന്നും കോഴിക്കോട് താമരശ്ശേരിയിലേക്കും എത്തിക്കുന്നതായി വിവരം അറിയുന്നത്. ഇത്തരം കേസുകളിൽപെടുന്ന പെൺകുട്ടികൾക്കുവേണ്ടി കോടതിയിൽ ശബ്ദിക്കാൻ ആരും തന്നെയില്ലാത്തതിനാൽ ഇവരുടെ കേസുകൾ അനന്താമായി നീണ്ടുപോകുന്നതും പതിവായിരുന്നു. പ്രതികൾ വിചാരണക്കു ഹാജരാകാതെ വരുന്നതും പതിവായിരുന്നു.
തുടർന്നു സപ്നയും പുനർജനിയുടേയും ഇടപെടലുകൾ മൂലം കോഴിക്കോട്ടെ ഇത്തരം കേസുകൾക്കു പര്യവസാനമുണ്ടാക്കാൻ സാധിച്ചു. ഇത്തരത്തിലുള്ള സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിനാൽ തന്നെ നിരവധി ഭീഷണികളും സപ്നക്കുവരാറുണ്ട്. അടുത്തിടെ പേരുവെളിപ്പെടുത്താത്ത ഒരു തെറിക്കത്തും പോസ്റ്റലായി വന്നു. സാമൂഹ്യ നന്മ ലക്ഷ്യമാക്കി നിരവധി ഇടപെടലുകൾ നടത്തുന്ന സപ്ന പക്ഷെ തന്റെ പ്രവർത്തനങ്ങൾ ചർച്ചയാക്കാനോ മാധ്യമങ്ങളിൽ വാർത്തയാകുവാനോ താൽപര്യം കാണിക്കാറുമില്ല. തന്റെ പ്രവത്തന മേഖലയിലും സാമൂഹ്യപ്രവർത്തനങ്ങളിലും സംതൃപ്തിയോടു കൂടി ജോലിചെയ്യണമെന്ന ആഗ്രഹം മാത്രമാണു സ്പെഷൽ പബ്ലിക് പ്രോസിക്കൂട്ടർക്കുള്ളത്.
ആ ചരിത്ര വിധി ഇങ്ങനെ:
ഒമ്പതു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രതി 2014 ൽ പെരിന്തൽമണ്ണയിൽ പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയിലും പ്രതിയുടെ സഹോദരന്റെ പണിനടക്കുന്ന വീട്ടിലും വെച്ച് നിരവധി തവണ അതിഗുരുതരമായ ലൈംഗിക്രമത്തിന് വിധേയമാക്കുകയും പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ പോക്സോ ആക്ട് പ്രകാരം ഇരട്ട ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയും 366 ഐ.പി.സി പ്രകാരം 10 വർഷം തടവിനും 10000 രൂപ പിഴയും 506(2) ഐ.പി.സി പ്രകാരം 7 വർഷം തടവിനും 10000 രൂപ പിഴയുമാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ജഡ്ജ് അനിൽകുമാർ ശിക്ഷിച്ചു. പെരിന്തൽമണ്ണ പൊലീസ് 2016 ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗം 14 സാക്ഷികളെ വിസതരിക്കുകയും 13 രേഖകൾ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു.ണ്ട് പ്രതി ഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചു. ഇൻസ്പെക്ടർമാരായ എ എം സിദ്ദീഖ്,സാജു കെ എബ്രഹാം , ജോബി തോമസ് എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
10വയസുള്ള കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ഇരുമ്പ് കമ്പികൊണ്ട് വരയുമെന്നും കത്തികൊണ്ട് കോഴിയെ അറക്കുന്നപോലെ അറക്കുമെന്ന് ഭീഷണിപ്പെടുത്തിയും അതിഗുരുതരമായ ലൈംഗിക്രമത്തിന് വിധേയമാക്കുകയും ചെയ്തു. തുടർന്ന് 2012 മുതല് 2016 വരെ നിരവധി തവണ ഇത്തരത്തിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത 333/2016 കേസിൽ ഇരട്ട ജീവപര്യന്തം തടവിനും1,60000 രൂപ പിഴയും 366ഐ.പി.സി പ്രകാരം 10 വർഷം തടവിനും 10000 രൂപ പിഴയും 506 (2) ഐ.പി.സി പ്രകാരം 7 വർഷം തടവിനും 10000 രൂപ പിഴയും പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ജഡ്ജ് അനിൽകുമാർ ശിക്ഷിച്ചത്. പെരിന്തൽമണ്ണ പൊലീസ് 2016 ൽ രജിസ്റ്റർ ചെയ്ത കേസിൽ 20 സാക്ഷികളെ വിസതരിക്കുകയും 19 രേഖകൾ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. പ്രതി ഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചിട്ടുള്ളതാണ്. ഇൻസ്പെക്ടർമാരായ എ എം സിദ്ദീഖ്,സാജു കെ എബ്രഹാം , ജോബി തോമസ് എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ