ഇടുക്കി: ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഹൈറേഞ്ചുകാരുടെ മണിയാശാൻ എന്ന സാക്ഷാൽ എം എം മണിയാണ്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണു ഉടുമ്പൻചോല. ഇപ്പോഴത്തെ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഹാട്രിക്ക് വിജയം നേടിയ മണ്ഡലത്തിൽ സാക്ഷാൽ മണിയാശാൻ തന്നെ മത്സരിക്കുമ്പോൾ സ്വാഭാവികമായും വിജയം തന്നെയാണ് ലക്ഷ്യമിടുന്നതും. എന്നാൽ മണിയാശാനെ നേരിടാനായി യു.ഡി.എഫ് രംഗത്തിറക്കുന്നത് അഡ്വ. സേനാപതി വേണുവെന്ന പ്രാദേശിക നേതാവിനെയാണ്.

ആരാണ് സേനാപതി വേണുവെന്നല്ല..? എഐസിസിയുടെ സമ്പൂർണ്ണ സമ്മേളനത്തിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മന്മോഹൻ സിംഗും വേദിയിൽ ഇരിക്കേ സ്ഥാനാർത്ഥികളെ കെട്ടിയിറക്കരുതേയെന്ന് നിർദ്ദേശിച്ച് വിമർശിച്ച് മാദ്ധ്യമങ്ങളിൽ നിറഞ്ഞ വ്യക്തിത്വമാണ് സേനാപതി വേണുവിന്റെത്. യോഗത്തിൽ, 'ചായകൊടുപ്പുകാരും വിറകുകീറലുകാരും സ്ഥാനാർത്ഥികളായി കെട്ടിയിറക്ക'പ്പെടുന്നതിനെതിരെ ഹിന്ദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്ന് ഹർഷാരവങ്ങളോടെയാണ് സേനാപതി വേണുവിന്റെ പ്രസംഗം സ്വീകരിക്കപ്പെട്ടത്.

ഹൈക്കമാൻഡിനെ ഞെട്ടിക്കുകയും വാർത്തകളിൽ സ്ഥാനംപിടിക്കുകയും ചെയ്ത ആ വേണുവിനെയാണ് മണിയാശാനെതിരെ അങ്കം കുറിക്കാൻ കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. ഐഎൻടിയുസി നേതാവും തീപ്പൊരി പ്രാസംഗികനുമൊക്കെയാണ് സേനാപതി വേണു എന്ന മണിയാശാന്റെ എതിരാളി.

എത്ര നേരം വേണമെങ്കിലും തന്റെ പ്രസംഗത്തിലൂടെ സദസ്സിനെ പിടിച്ചിരുത്തൻ പ്രത്യേക കഴിവുണ്ട് സേനാപതി വേണുവിനെന്നാണ് ഇടുക്കിയിലെ സാധാരണക്കാർ പോലും പറയുന്നത്.തുടർച്ചയായി എട്ടോ പത്തോ മണിക്കൂറോ മറ്റോ മഹാത്മാഗാന്ധിയുടെ ആശയങ്ങളിലൂന്നി വെള്ളംപോലും കുടിക്കാതെ നടത്തിയ പ്രസംഗത്തിലൂടെയും എല്ലാവരോടും തികഞ്ഞ സൗമ്യതയോടെ സ്‌നേഹത്തോടെ ഇടപെടുകയും പെരുമാറുകയും ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകനാണ് പഴയ പട്ടാളക്കാരൻ കൂടിയായ സേനാപതി വേണു.

കോൺഗ്രസ്സ് പാർട്ടി ,വിവിധ ട്രേഡ് യുണിയനുകൾ ,വിദ്യാർത്ഥി പ്രസ്ഥാനം തുടങ്ങിയ നിരവധി തലങ്ങളിൽ വിവിധ സ്ഥാനമാനങ്ങളിൽ പ്രവർത്തിച്ച മികച്ച സംഘാടകൻ എന്ന വിശേഷണവുമുള്ള സേനാപതി വേണു എന്തായാലും എംഎം മണിക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്. പാർട്ടിയിലേതുൾപ്പെടെയുള്ള പല പോരായ്മകളും തുരന്നുപറയാൻ ധൈര്യം കാണിച്ചിട്ടുല്ല സേനാപതി വേണുവിന് പ്രാദേശിക തലത്തിൽ മികച്ച ജനപിന്തുണയുണുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസിനു ശക്തനായ ഒരു പോരാളിയെ കിട്ടിയെന്നാണ് പൊതു വിലയിരുത്തൽ. ഗ്രുപ്പ് നോക്കാതെ അദ്ദേഹത്തിനു സീറ്റു നൽകണമെന്ന് കൊൺഗ്രസിന്റെ ഇരു ഗ്രൂപ്പ് പ്രവർത്തകർ പോലും ആവശ്യപ്പെട്ടിരുന്നു. സേനാപതി വേണുവിന് ജയ സാധ്യത കൂടുതലുള്ള മണ്ഡലം നൽകണമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ശബ്ദം നിയമസഭയിലെത്താതെ പോയാൽ അത് ഉടുമ്പൻചോലയുടെതന്നെ നഷ്ടമാണെന്ന അഭിപ്രായവുമുണ്ട് ഒരുപാടുപേർക്ക്. എന്തായാലും മണിയാശാനു പോന്ന എതിരാളിയാണോ സേനാപതി വേണു എന്നറിയാൻ മെയ് 19 വരെ കാത്തിരുന്നേ മതിയാകൂ.