- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഡ്വ. ടി ഒ മോഹനൻ കണ്ണൂർ മേയറാകും; മിനുട്ടുകൾക്കകം മേയറെ കണ്ടെത്താൻ കഴിയുമെന്ന ഡി.സി.സി ധാരണക്ക് തിരിച്ചടിയായി തർക്കവും വോട്ടെടുപ്പും; മാർട്ടിൻ ജോർജ്ജ് മാറി നിന്നപ്പോൾ മത്സര രംഗത്തിറങ്ങി പി കെ രാഗേഷ്; 11 വോട്ടുകൾ നേടി മോഹനൻ തിരഞ്ഞെടുക്കപ്പെട്ടു; വോട്ടെടുപ്പു നടന്നില്ല, സമവായത്തിലൂടെ തെരഞ്ഞെടുത്തതെന്ന് കെ സുധാകരൻ
കണ്ണൂർ: സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം കിട്ടിയ ഏക കോർപറേഷനായ കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനൻ മേയറാകും. ഞായറാഴ്ച നടന്ന കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് അഡ്വ. ടി.ഒ. മോഹനനെ മേയർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. നേരത്തെ വേഗത്തിൽ മേയറെ കണ്ടെത്താൻ സാധിക്കുമെന്ന് ഡിസിസി അവകാശപ്പെട്ടെങ്കിലും തർക്കം നീളുകയമായിരുന്നു. ഇതോടെയാണ് മേയറെ കണ്ടെത്താൻ രഹസ്യ വോട്ടെടുപ്പു തന്നെ വേണ്ടി വന്നു.
ഏതാനും ദിവസങ്ങളായി കോൺഗ്രസ് നേതൃത്വം നടത്തിയ മാരത്തോൺ ചർച്ചകളിലൊന്നും സമവായത്തിൽ മേയർ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കോർപറേഷൻ കോൺഗ്രസ് പാർട്ടി കൗൺസിൽ യോഗം വിളിച്ചു ചേർത്തത്. ഇതിലും സമവായത്തിൽ എത്താനാകുന്നില്ലെങ്കിൽ വോട്ടെടുപ്പ് നടത്തി മേയർ സ്ഥാനാർത്ഥിയെ തീരുമനിക്കാൻ കെപിസിസി ഡി.സി.സിക്ക് നിർദ്ദേശം നൽകിയിരുന്നു. മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
മുൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷും അഡ്വ.ടി.ഒ. മോഹനനും തമ്മിലായിരുന്നു പ്രധാനമായും മേയർ സ്ഥാനത്തിന് വേണ്ടി 'മത്സരിച്ചത്'. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് അടക്കം മുന്നുപേരാണ് ആദ്യം രംഗത്തുണ്ടായിരുന്നത്. പി.കെ. രാഗേഷും ടി.ഒ. മോഹനനും ഉറച്ചു നിന്നതോടെ മാർട്ടിൻ ജോർജ് മത്സര രംഗത്തു നിന്നും ഒഴിവായി. ടി.ഒ. മോഹനന് 11 വോട്ടും പി.കെ. രാഗേഷിന് ഒമ്പത് വോട്ടും കിട്ടി. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഡ്വ. ടി.ഒ. മോഹനൻ മേയറാകാൻ തെരഞ്ഞെടുക്കപ്പെട്ടത്.
മിനുട്ടുകൾക്കകം മേയറെ തീരുമാനിക്കാൻ കഴിയുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി മാധ്യമ പ്രവർത്തകർരോട് അറിയിച്ചിരുന്നത്. എന്നാൽ, ദിവസങ്ങളായി ചർച്ച നടത്തിയിട്ടും ഇക്കാര്യത്തിൽ സമവായത്തിൽ എത്താനായില്ല. തർക്കം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കെപിസിസി ഇടപെട്ട് നിരീക്ഷകനെ നിയമിച്ചതും കോൺഗ്രസ് കൗൺസിലർമാരുടെ യോഗം വിളച്ചു ചേർത്തതും. രഹസ്യ ബാലറ്റിലൂടെയാണ് അഡ്വ.ടി.ഒ. മോഹനനെ തെരഞ്ഞെടുത്തത്.
ഡി.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എംപി, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരും സംബന്ധിച്ചു. അതേസമയം സമവായത്തിലൂടെയാണണ് തെരഞ്ഞെടുപ്പു നടന്നതെന്നും വോട്ടെടുപ്പു നടന്നില്ലെന്നും പിന്നീട മൂന്ന് നേതാക്കളെയും ഒപ്പം ഇരുത്തിക്കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു.
കെ.എസ്.യുവിലൂടെ രാഷ്ട്രീയം പ്രവർത്തനം തുടങ്ങിയ അഡ്വ. ടി.ഒ. മോഹനൻ ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്നു. നിലവിൽ കെപിസിസി നിർവാഹക സമിതിയംഗമാണ്. 34 വർഷമായി കോൺഗ്രസ് നേതൃനിരയിൽ പ്രവർത്തിക്കുന്നു. കണ്ണൂർ നഗര സഭയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രഥമ കണ്ണൂർ കോർപറേഷനിൽ പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. അഞ്ചാം തവണയാണ് മത്സരിച്ചത്.
കഴിഞ്ഞ തവണ വിമതനായി മത്സരിച്ച് ജയിക്കുകയും യു.ഡി.എഫിന്റെ ശക്തികേന്ദ്രത്തിലെ കോർപറേഷന്റെ പ്രഥമ ഭരണം ൽ.ഡി.എഫിന്റെ കൈകളിൽ എത്തിക്കുകയും ചെയ്തുവെന്നതിൽ പി.കെ. രാഗേഷിനെതിരെ കോൺഗ്രസിൽ തന്നെ അതൃപ്തിയുണ്ടായിരുന്നു. പി.കെ. രാഗേഷിന്റെ നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന് ബാങ്കിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട പ്രശ്നം കെ. സുധാകരൻ എംപിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൽ ഖാദർ മൗലവിയും ഇടപെട്ടിട്ടും പരിഹരിക്കപ്പെടാതെ കിടക്കുന്നത് മുസ്ലിം ലീഗിൽ ഇപ്പോഴും പുകയുന്നുണ്ട്. കോൺഗ്രസ് കൗൺസിലർമാരിൽ അഡ്വ.ടി.ഒ. മോഹനനാണ് മുൻതൂക്കം ഉള്ളത്.
അതേസമയം, മേയറെ കണ്ടെത്തുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം കൈക്കൊണ്ട്. എന്നാൽ, രണ്ടര വർഷം കഴിഞ്ഞാൽ മേയർ പദവി മുസ്ലിം ലീഗിനു വേണമെന്ന നിലപാട് നേതൃത്വം മുന്നോട്ടുവെച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടന്ന നിലപാടാണ് മുസ്ലിം ലീഗ് നേതൃത്വത്തിനുള്ളത്. മേയർ സ്ഥാനം കോൺഗ്രസിന് നൽകുന്നതിനാൽ നിലവിൽ ഡെപ്യൂട്ടി മേയർ സ്ഥാനം മുസ്ലിം ലീഗിനായിരിക്കും.55 അംഗ കൗൺസിലിൽ 34 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. ഇതിൽ 21 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്.
മറുനാടന് മലയാളി ബ്യൂറോ