കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ സെഷൻസ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ പ്രതിയായ അനുശാന്തി ഹൈക്കോടതിയിൽ നൽകിയ അപ്പീൽ വാദത്തിന് അഡ്വക്കേറ്റ് ഉദയഭാനുവെത്തും. ചന്ദ്രബോസ് വധക്കേസിൽ കോടിശ്വരനായ നിസാമിന് ശിക്ഷ ഉറപ്പുവരുത്തി ശ്രദ്ധനേടിയ പ്രോസിക്യൂട്ടറായിരുന്നു ഉദയഭാനും.

ആറ്റിങ്ങൽ ഇരട്ടക്കൊലയിൽ കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും 62.5 ലക്ഷം രൂപ പിഴയും വിധിച്ച തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് ഇപ്പോൾ അനുശാന്തി അപ്പീൽ നൽകിയിരിക്കുന്നത്. സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിക്കരുതെന്നാണ് അനുശാന്തിയുടെ ആവശ്യം. കുട്ടിയെ കൊല്ലാൻ കൂട്ടുനിന്നിട്ടില്ലെന്നും അനുശാന്തി പറഞ്ഞു. ആരെയും കൊല്ലാനോ ഉപദ്രവിക്കാനോ താൻ ലക്ഷ്യമിട്ടിരുന്നില്ലെന്നും അനുശാന്തി ആദ്യം മുതൽ തന്നെ വാദിച്ചിരുന്നു. മുതിർന്ന അഭിഭാഷകനായ അഡ്വക്കേറ്റ് ഉദയഭാനുവാണ് അനുശാന്തിക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നതെന്നതാണ് ശ്രദ്ധേയം.

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ആഡംബര കാർ ഇടിപ്പിച്ചും മർദ്ദിച്ചും കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിസാമിന് ജീവപര്യന്തം ശിക്ഷയും 24 വർഷം തടവുമാണ് ശിക്ഷ വിധിച്ചത്. 80 ലക്ഷം പിഴശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതിൽ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നൽകാനും കോടതി ഉത്തരവിട്ടിരുന്നു. അന്ന് പല രീതിയിലുള്ള സ്വാധീനവും നിസാം സാക്ഷികളിൽ ചെലുത്താനുള്ള സാധ്യത ഉൾപ്പടെ മുന്നിൽ കണ്ട കേസിലെ പ്രോസിക്യൂട്ടറായിരുന്ന സിപി ഉദയഭാനുവിന്റെ കണിശത ഒട്ടേറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതേ ഉദയഭാനു തന്നെ ഇപ്പോൾ കേരള ജനതയെ ഞെട്ടിച്ച മറ്റൊരു കേസിലെ ശിക്ഷയ്ക്ക് വിധിക്കപെട്ട പ്രതിക്കായി കോടതിയിലെത്തുമ്പോൾ അനുശാന്തിക്ക് ശിക്ഷയിൽ നിന്നും ഇളവ് ലഭിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.

കേസിലെ രണ്ടാം പ്രതിയായ അനുശാന്തി ഒന്നാം പ്രതിയായ നിനോ മാത്യുവുമൊത്ത് ഗൂഢാലോചന നടത്തി എന്നരോപിച്ചാണ് കേസ് ഫയൽ ചെയ്തത്. എന്നാൽ കേസിലെ മാപ്പ്‌സാക്ഷിയാകേണ്ട അനുശാന്തിയെ പല രേഖകളും കൃത്രിമമായി ചുമത്തി കുടുക്കുകയായിരുന്നുവെന്നാണ് തനിക്ക് മനസിലാക്കാനായതെന്ന് അഡ്വക്കേറ്റ് ഉദയഭാനു മറുനാടൻ മലയാളിയോട് പറഞ്ഞു. അനുശാന്തിയും നിനോമാത്യുവും തമ്മിൽ അവിഹിതബന്ധവും ലൈംഗികവേഴ്ചകളും നടന്നു എന്നതുകൊണ്ട് എങ്ങനെയാണ് അവരെ പ്രതിയാക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. എന്നാൽ ഒന്നാം പ്രതിയായ നിനോ മാത്യുവിന് കൊലപാതകം നടത്താനും അതിന് ശേഷം രക്ഷപ്പെടാനുമുള്ള വഴിയുടെ വാട്‌സ്ആപ്പ് വീഡിയോകളാണ് അനുശാന്തി അയച്ചത് എന്ന വാദവും തെറ്റാണെന്നും അദ്ദേഹം പറയുന്നു.

സംഭവം നടക്കുന്ന ദിവസം നിനോ അവിടേയ്ക്ക് പോകുന്ന വിവരമോ കൊലപാതകം നടത്താൻ ഉദ്ദേശിച്ചിരുന്നതായോ അനുശാന്തിയുമായി സംസാരിച്ചിരുന്നില്ല. രാവിലെ കെഎസ്എഫ്ഇയിൽ ഒരു ചിട്ടി പിടിക്കാനുണ്ടെന്നും അതിന് ശേഷം മാത്രമേ ഓഫീസിലേക്ക് എത്തുകയുള്ളുവെന്നുമാണ് നിനോ മാത്യു അനുശാന്തിയോട് പറഞ്ഞിരുന്നത്. ചിട്ടി പിടിക്കാൻ പോകുന്നു എന്ന് പറഞ്ഞ് പോയ നിനോ മാത്യുവിനെ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അനുശാന്തി ഫോണിൽ വിളിക്കുകയായിരുന്നു. ഈ ഫോൺകോളിനെ കൊലപാതകം നടന്നോയെന്നറിയാനായി അനുശാന്തി നിനോ മാത്യുവിനെ വിളിച്ചതായി പൊലീസ് ചിത്രീകരിക്കുകയായിരുന്നുവെന്നും ഉദയഭാനു പറയുന്നു. അതുകൊണ്ട് തന്നെകേസിൽ അനുശാന്തിയുടെ അപ്പീൽ കോടതി നീതിപൂർവ്വം പരിഗണിക്കുമെന്നാണ് പ്രതക്ഷയെന്നും അദ്ദേഹം പറയുന്നു.

നീതി പീഠത്തിനു മുന്നിൽ ഇരയ്ക്കും പ്രതിക്കും നീതി ലബിക്കേണ്ടതാണ്. എന്നാൽ പ്രതിക്ക് മാത്രം നീതി നിഷേധിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാമുകനൊപ്പം ചേർന്നു കുഞ്ഞിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തുകയും ഭർത്താവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണു കേസ്. കാമുകനായ ഒന്നാംപ്രതി നിനോ മാത്യുവിനു കോടതി വധശിക്ഷ നൽകിയിട്ടുണ്ട്. പ്രതികൾ ടെക്‌നോപാർക്കിലെ കമ്പനിയിൽ സഹപ്രവർത്തകരായിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശിക്ഷാ ഉത്തരവിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് അപ്പീൽ. ജസ്റ്റിസ് സി.കെ.അബ്ദുൽ റഹിം, ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് വാദത്തിനു മാറ്റി. ആലംകോട് പണ്ടാരക്കോണം ലെയ്‌നിലെ തുഷാരയിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ഓമന (58), ചെറുമകൾ സ്വാസ്തിക (നാല്) എന്നിവരെ കൊലപ്പെടുത്തുകയും ഓമനയുടെ മകനും സ്വാസ്തികയുടെ അച്ഛനുമായ ലിജീഷിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തതാണു കേസിന് ആധാരം.

ടെക്‌നോപാർക്കിൽ ഒപ്പം ജോലി ചെയ്തിരുന്ന കാമുകൻ നിനോമാത്യുവിനൊപ്പം ജീവിക്കാൻ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്‌തെന്നും നിനോ കൊല നടപ്പിലാക്കുകും ചെയ്തുവെന്നാണ് കേസ്. നിനോമാത്യുവിനും അനുശാന്തിക്കുമെതിരെ ചുമത്തിയിരുന്ന കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, തെളിവുനശിപ്പൽ, മോഷണം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ടെക്‌നോ പാർക്ക് ജീവനക്കാരായിരുന്ന നിനോമാത്യുവും അനുശാന്തിയും തമ്മിൽ ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ ബന്ധത്തിന് തടസ്സമാകാതിരിക്കാൻ അനുശാന്തിയുടെ ഭർത്താവിനെയും കുടുംബത്തെയും വകവരുത്താൻ പ്രതികൾ പദ്ധതി തയ്യാറാക്കി. ഗൂഢാലോചനയിലൂടെ കൊലപാതം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

ആറ്റിങ്ങൽ ഡിവൈഎസ്‌പിയായിരുന്ന പ്രതാപൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 2014 ഏപ്രിൽ പതിനാറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. എന്നാൽ ഹൈക്കോടതിയിൽ ഇപ്പോൾ പ്രതിഭാഗം പറയുന്നത് ഏതൊരു പ്രതിയുടെ അഭിഭാഷകനും സ്വാഭാവികമായും പറയുന്നതാണെന്നാണ് കേസിലെ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന അനിൽപ്രസാദ് പ്രതികരിച്ചു. എന്നാൽ കേസിലെ ഗൂഢാലോചനയിൽ അനുശാന്തിക്കും പങ്കുണ്ടെന്നു തെളിഞ്ഞതാണ് പക്ഷേ ഹൈക്കോടതിയിൽ ജഡ്ജി തെളിവുകളെ വിലയിരുത്തുന്നത് സെഷൻസ് കോടതിയുടെ അതേ കാഴ്ചപാടിലായിരിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെഷൻസ് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന വി എസ് വിനീത് കുമാർ തന്നെ ഹൈക്കോടതിയിലും പ്രാസിക്യൂറാകാനാണ് സാധ്യത. എന്നാൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും പുറത്ത് വന്നിട്ടില്ല.