പൊതു ഖജനാവിൽ നിന്ന് പണം എടുത്ത് അഴിമതി വിധേയരായ പാർട്ടിനേതാക്കളെയും മന്തിമാരെയും സംരക്ഷിക്കേണ്ട ചുമതല ജനങ്ങൾക്കില്ല എന്ന ബാർകോഴക്കേസിൽ ജസ്റ്റിസ് കമാൽപാഷ പുറപ്പെടുവിച്ച വിധി ഒട്ടേറെ ശ്രദ്ധപിടിച്ചു പറ്റുമ്പോൾ നേതാക്കന്മാരുടെ സ്വാർഥതാൽപര്യങ്ങൾക്കുവേണ്ടി കേസ് നടത്തുന്ന പ്രവണത താരതമ്യേന ഈ സർക്കാരിനേക്കാൾ കൂടുതൽ ഉപയോഗിച്ചതും ഇതിനെ വളർത്തിയതും കഴിഞ്ഞ സർക്കാർ ആണെന്നുള്ള വാദഗതികൾ പഴയ കണക്കുകൾ തെളിയിക്കുന്നുണ്ട്.

സർക്കാരിനു നിയമ ഉപദേശം കൊടുക്കാൻ സർക്കാരിൽനിന്നു ശമ്പളം പറ്റുന്ന ഒരു അഡ്വക്കേറ്റ് ജനറലും അദേഹത്തിന്റെ പിറകിലായി വലിയ ഒരു ബറ്റാലിയൻ അഭിഭാഷകരും ഉണ്ടായിട്ടും ആ സംവിധാനം ഉപയോഗിക്കുന്നതിനു പകരം സുപ്രിം കോടതിയിൽ നിന്നും വിലപിടിപ്പുള്ള അഭിഭാഷകരെ കൊണ്ടുവന്നു കേസ് നടത്തിക്കുകയും പിന്നീട് ആ കേസ് തോൽക്കുകയും ചെയ്യുന്ന രീതി കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്തു വ്യാപകമായിരുന്നു.

മുൻപ് എം എ ബേബി വിദ്യാഭ്യാസ മന്ത്രിയും അഡ്വക്കേറ്റ് ജനറൽ ആയി സുധാകര പ്രസാദും ആയിരുന്ന കാലത്തും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. അന്ന് ബേബിയുടെ സ്വാശ്രയ വിദ്യാഭ്യാസ നിയമവും അതിനെതിരെ വന്ന ഹർജികളും വലിയ വാർത്തയായിരുന്നു. ഈ എതിർഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതിയിൽനിന്ന് പി എസ് വൈദ്യനാഥൻ എന്ന അഭിഭാഷകനെയാണ് അന്നത്തെ സർക്കാർ കൊണ്ടുവന്നത്. കേസിൽ എതിർഹർജിക്കാരുടെ വാദം പരാജയപ്പെട്ടു. ഇത് അന്നത്തെ സർക്കാരിനു അനുകൂലമായ വിധി ലഭിക്കാനിടയാക്കി. കേസിനെക്കുറിച്ച് പഠിക്കാതെയും ഗൃഹപാഠം ചെയ്യാതെയും ആണ് വൈദ്യനാഥൻ വാദിച്ചത് എന്ന ആരോപണവും വ്യാപകമായി ഉണ്ടായിരുന്നു.

രണ്ടാമത്തെ ഉദാഹരണം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തെ ലാവ്‌ലിൻ കേസാണ്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്തിൽ ലാവ്‌ലിൻ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് വന്ന ഇടതുപക്ഷ സർക്കാർ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും താൽപര്യപ്രകാരം കേസിൽ പുനഃപരിശോധനയ്ക്കായി ഹർജി കൊടുത്തപ്പോൾ ഒരേ കേസിൽ തന്നെ റിവ്യൂ പെറ്റിഷൻ വാദിക്കാനായി വൈദ്യനാഥനേയും ക്രിമിനൽ റിവിഷൻ പെറ്റിഷൻ വാദിക്കാനായി ആനന്ദ് എന്ന പഞ്ചാബി അഭിഭാഷകനെയും കൊണ്ടുവന്നു. ഇവർക്കുള്ള പണവും സർക്കാർ ഖജനാവിൽ നിന്നാണ് കൊടുത്തത്. സർക്കാരിന്റെ ഒരേ കേസിൽ ഒരു കക്ഷിക്കുവേണ്ടി രണ്ട് അഭിഭാഷകർ വാദിച്ച അപൂർവം കേസുകളിൽ ഒന്നാണിത്. പക്ഷെ അന്ന് കോടതി സർക്കാരിന്റെ വാദം തള്ളുകയാണുണ്ടായത് എന്നതും ചരിത്രമാണ്. കുറ്റാരോപിതരെ സംരക്ഷിക്കാൻ ബാർ കോഴയുടെ കാര്യത്തിൽ സർക്കാർ നടത്തിയ കളികളും വൻ ധൂർത്തും അഭിഭാഷകരെ ഇറക്കുമതി ചെയ്തതുമെല്ലാം പറഞ്ഞു കുറ്റപ്പെടുത്താനും ഇതിനെതിരെ സമരങ്ങൾ നടത്താനും ധാർമികമായ അവകാശം പ്രതിപക്ഷത്തിനും ഇല്ല എന്ന് ഈ പഴയ കഥകൾ തെളിയിക്കുന്നു.