കണ്ണൂർ: നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച കേസിൽ തലശ്ശേരി എ ഇ ഒയും അദ്ധ്യാപിക-അദ്ധ്യാപകരും ഉൾപെടെ ഒമ്പത് പേർ അറസ്റ്റിൽ. തലശ്ശേരി സൗത്ത് എ ഇ ഒ സനകൻ, അദ്ധ്യാപകരായ അബ്ദുൽ നസീർ, മുഹമ്മദ് സക്കറിയ, മനോഹരൻ, കരുണൻ, വി ജെ ജയമോൾ, പി ഷീന, സോഫിയാൻ ജോൺ, സുധാകരൻ പിള്ള എന്നിവരെയാണ് തലശ്ശേരി പ്രിൻസിപ്പൽ എസ് ഐ അനിൽ അറസ്റ്റ് ചെയ്തത്.

മത്സര സംഘാടകരായ ഇവരുടെ കുറ്റകരമായ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്ന കണ്ടെത്തലിനെ തുടർന്ന് ഐ പി സി 304 എ(മനഃപൂർവ്വമല്ലാത്ത നരഹത്യ) വകുപ്പിലാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. അറസ്റ്റ് ചെയ്ത ഒമ്പത് പേരെയും പിന്നിട് ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ഓഗസ്റ്റ് 14 ന് രാവിലെയാണ് മാഹി എം എം ഹൈസ്‌കൂൾ ഒമ്പതാം തരം വിദ്യാർത്ഥി കോടിയേരി പാറാലിലെ ഹ്യത്വിക് രാജ് തലശ്ശേരി ടെമ്പിൾ ഗേറ്റിലെ ജഗന്നാഥ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത്.

നാടാകെ കനത്ത മഴ പെയ്തതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസമാണ് മുന്നറിയിപ്പുകൾ അവഗണിച്ച് ക്ഷേത്രക്കുളത്തിൽ വിദ്യാഭ്യാസ അധികൃതർ സബ് ജില്ലാതല നീന്തൽ മത്സരം സംഘടിപ്പിത്. മത്സര വിവരം പൊലീസിനേയോ, ഫയർഫോഴ്സിനേയോ അറിയിച്ചിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ 35 വർഷങ്ങളായി ഇതേ ക്ഷേത്രക്കുളത്തിലാണ് സബ് ജില്ലാ നീന്തൽ മത്സരം സംഘടിപ്പിച്ചു വരുന്നത് ക്ഷേത്രക്കുളത്തിൽ നീന്തൽ മത്സരം നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയെന്ന് വ്യക്തമായതായി പൊലീസ്.കണ്ടെത്തിയിരുന്നു.

ജഗന്നാഥ ക്ഷേത്ര ചിറയിൽ വിദ്യാർത്ഥിയായ ഋത്വിക് രാജ് മുങ്ങി മരിച്ച സംഭവത്തിലാണ് ഗുരുതരമായ സുരക്ഷാ പിഴവ് പൊലീസ് കണ്ടെത്തിയത്. ഉരുൾ പൊട്ടൽ ഉൾപ്പെടെ പേമാരി ജില്ലയിൽ ദുരന്തം വിതച്ചപ്പോൾ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. അതിനിടയിലാണ് സ്‌ക്കൂൾ ഗെയിംസ് അസോസിയേഷൻ നീന്തൽ മത്സരം നടത്തിയത്. ഇത് സംഘാടക പിഴവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതികൂല സാഹചര്യമുണ്ടായിട്ടു പോലും അഗ്‌നിശമന സേനയേയോ മുങ്ങൽ വിദഗ്ദരേയോ പൊലീസിനേയോ അറിയിക്കാതെയാണ് അധികൃതർ നീന്തൽ മത്സരം സംഘടിപ്പിച്ചത്. ഇതെല്ലാം കുട്ടിയുടെ മരണത്തിന് കാരണമായി.

തലശ്ശേരി നോർത്ത്, സൗത്ത്, ചൊക്ലി എന്നീ വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ജഗന്നാഥ ക്ഷേത്രക്കുളത്തിൽ മത്സരിക്കാനെത്തിയിരുന്നത്. മത്സരം ആരംഭിച്ച് അല്പ സമയത്തിനകം തന്നെ തലശ്ശേരി സൗത്ത് ഉപജില്ലയെ പ്രതിനിധീകരിച്ച് ഋത്വിക് രാജ് നീന്തൽ കുളത്തിൽ ഇറങ്ങുകയായിരുന്നു. നീന്തൽ ആരംഭിച്ച് അല്പ സമയത്തിനകം തന്നെ ഋത്വിക് രാജ് വെള്ളത്തിൽ താഴാൻ തുടങ്ങി. എന്നാൽ ഈ സമയം കുട്ടിയുടെ രക്ഷക്ക് നീന്തൽ വിഗദ്ധരായ ആരും എത്തിയില്ല. ക്ഷേത്രക്കുളത്തിൽ നീന്തൽ മത്സരത്തിന് അനുമതി നൽകുമ്പോൾ തന്നെ മതിയായ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് വിദ്യാഭ്യാസ അധികൃതരെ രേഖാ മൂലം അറിയിച്ചതായി ക്ഷേത്രത്തിന്റേയും കുളത്തിന്റേയും ചുമതലക്കാരായ ജ്ഞാനോദയ യോഗം പ്രസിഡണ്ട് കെ.സത്യൻ അറിയിച്ചിരുന്നു.