ഇന്ത്യയും അമേരിക്കയും ഒരുമിച്ചാൽ മുൻതൂക്കം പോകുമെന്ന് റഷ്യയ്ക്ക് ഭയം; താലിബാനെ ഭീകരരായി കാണുന്ന ഇന്ത്യയുമായി ചർച്ചയ്ക്കിരിക്കാൻ പാക്കിസ്ഥാനും മടി; അഫ്ഗാനിലെ വിലയിരുത്തൽ ചർച്ചയ്ക്ക് ഇന്ത്യയ്ക്ക് ക്ഷണമില്ല; യുഎന്നിൽ നിലപാട് അറിയിക്കാൻ തീരുമാനം
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സ്ഥിതി വിലയിരുത്തുന്നതിന് റഷ്യ വിളിച്ചുചേർത്ത നിർണായക യോഗത്തിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിയതായി റിപ്പോർട്ട്. അഫ്ഗാന്റെ അതിർ രാജ്യമായ ഇന്ത്യയെ ഒഴിവാക്കിയതിന് പിന്നിൽ റഷ്യയുടെ ഇടപെടലാണ്. റഷ്യയാണ് യോഗത്തിന് പിന്നിൽ.
യുഎസ്, ചൈന, പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യോഗത്തിലേക്ക് ക്ഷണമുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. താലിബാനെ ഭീകര സംഘടനയായാണ് ഇന്ത്യ കാണുന്നത്. എന്നാൽ പാക്കിസ്ഥാനും ചൈനയും അങ്ങനെ അല്ല സമീപിക്കുന്നത്. താലിബാന് ഒളിത്താവളം ഒരുക്കുന്നതും പാക്കിസ്ഥാനാണ്.
അതുകൊണ്ട് തന്നെ താലിബാനെ ഒരിക്കലും ഇന്ത്യ ന്യായീകരിക്കില്ല. അമേരിക്കയും ഇന്ത്യയും ഒരുമിച്ചാൽ ചർച്ചയുടെ ദിശമാറും. അതുകൊണ്ടാണ് ഇന്ത്യയെ ഒഴിവാക്കിയതെന്നാണ് സൂചന. ഓഗസ്റ്റ് 11ന് ഖത്തറിൽവച്ചു യോഗം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ, മാർച്ച് 18, ഏപ്രിൽ 30 എന്നീ ദിവസങ്ങളിലും സമാനരീതിയിലുള്ള യോഗം നടന്നിരുന്നു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ സ്വാധീനിക്കാൻ കഴിയുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. യോഗത്തിലേക്ക് ഇന്ത്യയ്ക്ക് ക്ഷണമുണ്ടാകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ചൈനയും പാക്കിസ്ഥാനും ഇന്ത്യൻ സാന്നിധ്യം ആഗ്രഹിച്ചില്ലെന്നാണ് സൂചന. ഇതോടെ ഇന്ത്യയെ ഒഴിവാക്കി.
ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ വിഷയത്തിൽ പലകാര്യങ്ങളിലും യുഎസും റഷ്യയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും രാജ്യത്തെ താലിബാൻ ആക്രമണങ്ങൾക്ക് തടയിടാൻ ഒരുമിച്ചു നിൽക്കാനാണ് തീരുമാനം. ഇന്ത്യ കൂടി എത്തിയാൽ അമേരിക്കയ്ക്ക് ചർച്ചകളിൽ മുൻതൂക്കം കിട്ടും. ഈ ഭയവും ഇന്ത്യയെ ഒഴിവാക്കാൻ കാരണമായി.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് യുഎൻ രക്ഷാ കൗൺസിൽ വെള്ളിയാഴ്ച ചേരുന്നുണ്ടെന്ന് ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ അംബാസഡർ ഫരീദ് മമുന്ദ്‌സെ പറഞ്ഞു. യുഎൻ രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം ഓഗസ്റ്റിൽ ഇന്ത്യയാണ് വഹിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ബഹുമതിയാണ് ഈ മാസത്തെ അധ്യക്ഷ പദവി. യോഗങ്ങളിൽ ഇന്ത്യയുടെ അംബാസഡർ ടി.എസ്. തിരുമൂർത്തിയായിരിക്കും അധ്യക്ഷത വഹിക്കുക.
മറുനാടന് മലയാളി ബ്യൂറോ