- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
20ന് മോസ്‌കോയിൽ നടക്കുന്ന യോഗം താലിബാനുമായി നേരിട്ട് ഇടപഴുകാനുള്ള ആദ്യ അവസരം; ഭീകരതയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കാനും താലിബാനുമായി ചർച്ച നടത്താനും ഇന്ത്യ; ഒടുവിൽ റഷ്യയും ഇന്ത്യയെ അംഗീകരിച്ചു; പാക്കിസ്ഥാൻ പ്രതീക്ഷകളെ തള്ളി പുട്ടിൻ ഭരണകൂടം; അഫ്ഗാനിൽ സമാധാനത്തിന് പുതിയ ശ്രമങ്ങൾ
ന്യൂഡൽഹി: ഒടുവിൽ ഇന്ത്യയുടെ കരുത്ത് റഷ്യയും അംഗീകരിച്ചു. അഫ്ഗാനിസ്ഥാൻ വിഷയം ചർച്ച ചെയ്യുന്ന യോഗത്തിലേക്ക് ഇന്ത്യയെ റഷ്യ ക്ഷണിച്ചു. നേരത്തെ അഫ്ഗാനിൽ ഇന്ത്യയെ ഒഴിവാക്കുന്ന നയമാണ് റഷ്യ സ്വീകരിച്ചത്. ഇതിന് മാറ്റം വരുത്തി ഇന്ത്യയെ ക്ഷണിച്ചത് നയതന്ത്ര വിജയമെന്നാണ് വിലയിരുത്തൽ. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനു പിന്നാലെ പാക്കിസ്ഥാൻ രാജ്യത്തു പിടിമുറിക്കിയിരുന്നു. താലിബാന്റെ പല നിർണായക തീരുമാനങ്ങളും പാക്ക് ആശിർവാദത്തോടെയാണ് നടന്നത്. ഇതിന് മാറ്റം വരികയാണ്.
അഫ്ഗാനിസ്ഥാനിൽ പുതുതായി രൂപീകരിച്ച താലിബാൻ സർക്കാരുമായി ഇന്ത്യ മുഖാമുഖം വരുന്ന ആദ്യ യോഗമാണ് 'മോസ്‌കോ ഫോർമാറ്റ്'. അഫ്ഗാനിസ്ഥാൻ മണ്ണിൽനിന്ന് ഉയർന്നുവരുന്ന ഭീകരതയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കാനും താലിബാനുമായി ചർച്ച നടത്താനും ഇന്ത്യ ശ്രമിച്ചേക്കാം. അഫ്ഗാനും ചർച്ചകളിൽ ഇന്ത്യ പ്രാതിനിധ്യം ആഗ്രഹിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽനിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി താലിബാനുമായി ചില പിൻവാതിൽ ചർച്ചകൾ നടന്നിട്ടുള്ളതല്ലാതെ പൂർണമായും ഒരു കാഴ്ചക്കാരന്റെ വേഷത്തിലായിരുന്നു ഇന്ത്യ. ഇനി അധികനാൾ അങ്ങനെ നിലകൊള്ളാൻ സാധിക്കില്ലെന്ന് ഇന്ത്യ തിരിച്ചറിഞ്ഞിരുന്നു.
അഫ്ഗാൻ, താലിബാൻ വിഷയങ്ങളിൽ ഇന്ത്യയെ ഒഴിവാക്കി മുന്നോട്ടു പോകാനാകില്ലെന്ന തിരിച്ചറിവാണ് 'മോസ്‌കോ ഫോർമാറ്റ്' ചർച്ചയിലേക്ക് ഇന്ത്യയ്ക്കുള്ള ക്ഷണം. ഒക്ടോബർ 20ന് മോസ്‌കോയിൽവച്ചാണ് യോഗം. റഷ്യയും ചൈനയും പാക്കിസ്ഥാനും ചേർന്ന് ഇന്ത്യയെ ചർച്ചകളിൽ നിന്ന് അകറ്റുന്നുവെന്ന നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോൾ പുതിയ പ്രതീക്ഷയിലേക്ക് മാറുന്നത്. 20ന് മോസ്‌കോയിൽ നടക്കുന്ന യോഗം താലിബാനുമായി നേരിട്ട് ഇടപഴുകാനുള്ള ആദ്യ അവസരമാണ് ഇന്ത്യയ്ക്ക് മുൻപിൽ തുറന്നിടുന്നത്.
മോസ്‌കോ ഫോർമാറ്റ് ചർച്ചയിലേക്കുള്ള ക്ഷണത്തോടെ, അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ സംഭാവനകൾ റഷ്യ വിലമതിക്കുന്നതായി വിദേശകാര്യമന്ത്രാലയം വിലയിരുത്തുന്നു. റഷ്യയുടെ ക്ഷണം പാക്കിസ്ഥാനുള്ള മറുപടിയായും ഇന്ത്യ കാണുന്നു. ഇത് എത്രത്തോളം ഗുണകരമാണെന്ന് പൂർണമായും ഇപ്പോൾ പറയാൻ സാധിക്കില്ലെങ്കിലും നിലവിലെ സ്ഥിതിയിൽ നിർണായക ചുവടുവയ്പാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ബോൺ കോൺഫറൻസ് ഉൾപ്പെടെ അഫ്ഗാനിസ്ഥാൻ സംബന്ധിച്ച പല ബഹുരാഷ്ട്ര വേദികളുടെയും ഭാഗമാണ് ഇന്ത്യ. ഇപ്പോഴത്തെ ക്ഷണം അതിന്റെ പങ്ക് വർധിപ്പിക്കുന്നതാണ്. അഫ്ഗാനിസ്ഥാനിലെ ജനതയ്ക്ക് തടസ്സങ്ങളില്ലാതെ സഹായം ലഭിക്കുന്നുവെന്നുറപ്പാക്കാൻ രാജ്യാന്തര സമൂഹത്തിനു ബാധ്യതയുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് ജി20 രാജ്യങ്ങളുടെ അസാധാരണ സമ്മേളനത്തിൽ വെർച്വലായി പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ ആ രാജ്യം നേടിയെടുത്ത വികസനം നിലനിർത്താനും തുടരാനും എല്ലാവർക്കും പങ്കാളിത്തമുള്ള സർക്കാർ അവിടെ വരേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ഈ നിലപാടുകൾ തന്നെയാകും മോസ്‌കോ ചർച്ചയിലും ഇന്ത്യ ഉയർത്തുക. അഫ്ഗാനിസ്ഥാൻ വിഷയത്തിൽ ഇന്ത്യ ഇനി വെറുമൊരു നിശബ്ദ കാഴ്ചക്കാരനായി തുടരില്ലെന്നതിന്റെ സൂചനയും നൽകും.
ഭീകരവാദം ഉൾപ്പെടെ മേഖലയെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് താലിബാൻ സർക്കാരുമായി ചർച്ച ചെയ്യാനും അഫ്ഗാൻ ജനതയുടെ പ്രയോജനത്തിനായി ഇന്ത്യ ഇടപെടുമെന്നു വ്യക്മാക്കാനുമായിരിക്കും മോസ്‌കോയിൽ ശ്രമം. ഇക്കാര്യത്തിൽ റഷ്യയും ഇന്ത്യയുടെ നിലപാടിനൊപ്പമാണ്. താലിബാൻ അധികാരമേറ്റെടുത്തശേഷം പാക്കിസ്ഥാനും ചൈനയും വളരെ വേഗം അവരുമായി ബന്ധം സ്ഥാപിച്ചപ്പോൾ ഇന്ത്യ കരുതലോടെയാണ് നീങ്ങിയത്.
അഫ്ഗാനിസ്ഥാനിൽ സമാധാനം കെട്ടിപ്പടുക്കുന്നതിൽ ക്രിയാത്മകമായ പങ്കുവഹിക്കുകയും അതു മുന്നോട്ടുകൊണ്ടുപോകാൻ ഉത്സാഹിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്ന് കഴിഞ്ഞയാഴ്ച യുഎൻ രക്ഷാസമിതിയുടെ ഉന്നതതലയോഗത്തിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ