ഷാർജ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ സ്‌കോട്ലൻഡിനെ 130 റൺസിന് തകർത്ത് അഫ്ഗാനിസ്താൻ. അഫ്ഗാൻ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സ്‌കോട്ലൻഡ് വെറും 60 റൺസിന് ഓൾ ഔട്ടായി. അഞ്ചുവിക്കറ്റ് വീഴ്‌ത്തിയ സ്പിന്നർ മുജീബുർ റഹ്‌മാനാണ് സ്‌കോട്ലൻഡ് ബാറ്റിങ് നിരയെ ശിഥിലമാക്കിയത്. സ്‌കോർ: അഫ്ഗാനിസ്താൻ 20 ഓവറിൽ നാലിന് 190. സ്‌കോട്ലൻഡ് 10.2 ഓവറിൽ 60 ന് ഓൾ ഔട്ട്.

മൂന്നോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസെടുത്ത സ്‌കോട്ലൻഡ് ബാറ്റിങ്നിര പിന്നീട് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. സ്‌കോട്ലൻഡിന്റെ എട്ട് ബാറ്റർമാർ രണ്ടക്കം കണ്ടില്ല. അഞ്ചുപേർ പൂജ്യത്തിന് പുറത്തായി. ട്വന്റി 20 ലോകകപ്പിലെ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമാണിത്.

191 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ലൻഡിനുവേണ്ടി ജോർജ് മുൻസിയും നായകൻ കൈൽ കോട്സറുമാണ് ഓപ്പൺ ചെയ്തത്. മുഹമ്മദ് നബി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 11 റൺസ് നേടിക്കൊണ്ട് സ്‌കോട്ലൻഡ് വരവറിയിച്ചു. മൂന്നോവറിൽ ടീം 28 റൺസെടുത്തു.

എന്നാൽ നാലാം ഓവറിലെ രണ്ടാം പന്തിൽ കോട്സറെ ക്ലീൻ ബൗൾഡാക്കി മുജീബുർ റഹ്‌മാൻ സ്‌കോട്ലൻഡിന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 7 പന്തുകളിൽ നിന്ന് 10 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. തൊട്ടടുത്ത പന്തിൽ പുതുതായി ക്രീസിലെത്തിയ കാലം മക്ലിയോഡിനെ ക്ലീൻ ബൗൾഡാക്കി. മുജീബ് സ്‌കോട്ലൻഡിനെ തകർത്തു. നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങാനായിരുന്നു മക്ലിയോഡിന്റെ വിധി.

അതേ ഓവറിലെ അവസാന പന്തിൽ പുതുതായി മക്ലിയോഡിന് പിന്നാലെ വന്ന റിച്ചി ബെറിങ്ടണെയും മടക്കി മുജീബുർ കൊടുങ്കാറ്റായി. ബെറിങ്ടണെ താരം വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ് എന്ന നിലയിൽ നിന്ന് സ്‌കോട്ലൻഡ് മൂന്നിന് 28 എന്ന ദയനീയമായ അവസ്ഥയിലേക്ക് വീണു. നാലാം ഓവറിലെ രണ്ട്, മൂന്ന്, ആറ് പന്തുകളിൽ മുജീബ് വിക്കറ്റുകൾ വീഴ്‌ത്തി.

തൊട്ടടുത്ത ഓവറിൽ ബെറിങ്ടണ് ശേഷം ക്രീസിൽ വന്ന മാത്യു ക്രോസും നേരിട്ട ആദ്യ പന്തിൽ തന്നെ നവീൻ ഉൾ ഹഖിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തകർപ്പൻ ക്യാച്ചിലൂടെ വിക്കറ്റ് കീപ്പർ മുഹമ്മദ് ഷഹസാദാണ് താരത്തെ പുറത്താക്കിയത്.

ആറാം ഓവറിൽ സ്‌കോട്ലൻഡിന്റെ അവസാന പ്രതീക്ഷയായ ഓപ്പണർ ജോർജ് മുൻസിയും പുറത്തായി. 18 പന്തുകളിൽ നിന്ന് 25 റൺസെടുത്ത താരത്തെ മുജീബുർ റഹ്‌മാൻ ക്ലീൻ ബൗൾഡാക്കി. ഇതോടെ സ്‌കോട്ലൻഡ് 36 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി. ബാറ്റിങ് പവർപ്ലേയിൽ സ്‌കോട്ലൻഡ് അഞ്ചുവിക്കറ്റിന് 37 റൺസ് മാത്രമാണ് നേടിയത്.

ഏഴാം ഓവർ എറിഞ്ഞ റാഷിദ്ഖാൻ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്‌ത്തി. മൈക്കിൾ ലീസ്‌കിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് റാഷിദ് സ്‌കോട്ലൻഡിന്റെ ആറാം വിക്കറ്റ് വീഴ്‌ത്തിയത്. എട്ടാം ഓവർ ചെയ്ത മുജീബുർ വീണ്ടും വിക്കറ്റ് വീഴ്‌ത്തി. ഇത്തവണ മാർക്ക് വാറ്റിനെയാണ് താരം ക്ലീൻ ബൗൾഡാക്കിയത്. ഈ വിക്കറ്റോടെ മുജീബ് അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. മുജീബിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.

പിന്നാലെ വന്ന റാഷിദ് 12 റൺസെടുത്ത ക്രിസ് ഗ്രീവ്സിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ സ്‌കോട്ലൻഡിന് എട്ടുവിക്കറ്റ് നഷ്ടമായി. പിന്നീട് ക്രീസിലൊന്നിച്ച ജോഷ് ഡേവിയും സഫിയാൻ ഷറീഫും ചേർന്ന് ടീം സ്‌കോർ 60 കടത്തി. എന്നാൽ ഡേവിയെ പുറത്താക്കി റാഷിദ്ഖാൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 4 റൺസെടുത്ത താരത്തെ റാഷിദ് വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ സ്‌കോട്ലൻഡ് 60 ന് ഒൻപത് വിക്കറ്റ് എന്ന നിലയിലായി. തൊട്ടടുത്ത പന്തിൽ ബ്രാഡ് വീലിനെ ക്ലീൻ ബൗൾഡാക്കി റാഷിദ് സ്‌കോട്ലൻഡ് ഇന്നിങ്സ് ചുരുട്ടിക്കൂട്ടി. അഫ്ഗാൻ 130 റൺസിന്റെ കൂറ്റൻ വിജയം നേടുകയും ചെയ്തു.

അഫ്ഗാന് വേണ്ടി മുജീബുർ റഹ്‌മാൻ നാലോവറിൽ വെറും 20 റൺസ് മാത്രം വിട്ടുനൽകി അഞ്ചുവിക്കറ്റ് വീഴ്‌ത്തി. റാഷിദ് ഖാൻ മൂന്നുവിക്കറ്റെടുത്തപ്പോൾ ശേഷിച്ച വിക്കറ്റ് നവീൻ ഉൾ ഹഖ് സ്വന്തമാക്കി.

അഫ്ഗാനിസ്താൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. അർധസെഞ്ചുറി നേടിയ നജീബുള്ള സദ്രാനാണ് അഫ്ഗാൻ ഇന്നിങ്സിന് നെടുന്തൂണായി നിന്നത്. ഹസ്റത്തുള്ള സസായി, റഹ്‌മാനുള്ള ഗുർബാസ് എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

സ്‌കോട്ലൻഡിനുവേണ്ടി സഫിയാൻ ഷറീഫ് രണ്ട് വിക്കറ്റെടുത്തപ്പോൾ ജോഷ് ഡേവി, മാർക്ക് വാറ്റ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.