ന്യൂഡൽഹി: താലിബാൻ 90 ദിവസത്തിനകം കാബുൾ പിടിച്ചടക്കുമെന്ന് യുഎസ് ഇന്റലിജൻസ്. 30 ദിവസത്തിനകം അവർ കാബൂൾ നഗരം വളയും. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത് അന്തിമ വാക്കല്ല. അഫ്ഗാൻ സുരക്ഷാ സേന എത്രത്തോളം ചെറുത്തുനിൽക്കുന്നോ, അത്രയും പിടിച്ചടക്കൽ വൈകിയേക്കാം.

എട്ട് പ്രവിശ്യ തലസ്ഥാനങ്ങൾ താലിബാന്റെ കീഴിലായെന്ന് റിപ്പോർട്ടുകൾക്കിടെയാണ് യുഎസ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ് വരുന്നത്. ഫറ, ബഗ്ലനിലെ പുൽ ഇ ഖുംനി എന്നീ നഗരങ്ങളാണ് ഇനി താലിബാൻ കീഴടക്കാനുള്ളത്. വെള്ളിയാഴ്ചയ്ക്ക് ശേഷം താലിബാന്റെ അധീനതയിലായത് വടക്കൻ മേഖലയിലെ ആറ് പ്രവിശ്യകളാണ്. നിലവിൽ, മേഖലയിലെ ഏറ്റവും വലിയ നഗരമായ മസാർ ഇ ഷെരീഫിലാണ് താലിബാൻ കണ്ണുവച്ചിരിക്കുന്നത്. കൂടുതൽ മേഖലകൾ ശത്രുപക്ഷത്തായതോടെ അഫ്ഗാൻ പ്രസിഡന്റ് അഷ്രഫ് ഗനി സൈനിക മേധാവിയെ മാറ്റിയതായി റിപ്പോർട്ടുണ്ട്. അതിനിടെ, മസാരെ ഷെരീഫിലേക്ക് പറന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗാനി ഞെട്ടിച്ചു. നാലു ഭാഗത്തുനിന്നുമുള്ള താലിബാൻ ആക്രമണം നേരിടുന്ന അഫ്ഗാൻ സൈന്യത്തിനു പിന്തുണ നൽകാനാണ് പ്രസിഡന്റ് നേരിട്ട് മസാരെ ഷെരീഫിലേക്ക് എത്തിയത്.

സുരക്ഷാ സേനയ്ക്കൊപ്പം അണിനിരക്കണമെന്ന് പ്രാദേശിക സേനകളോട് പ്രസിഡന്റ് അഷ്റഫ് ഗാനി അഭ്യർത്ഥിച്ചിരുന്നു. ഫൈസാബാദ് താലിബാൻ കീഴടക്കിയതിനു പിന്നാലെയാണ് അഷ്റഫ് ഗനി മസാരെയിൽ എത്തിയത്. മസാരെയിലെ കരുത്തനായ അറ്റാ മുഹമ്മദ് നൂറുമായും യുദ്ധപ്രഭുവായ അബ്ദുൽ റഷീദ് ദോസ്തവുമായും പ്രസിഡന്റ് ചർച്ച നടത്തി.മസാരെ ഷെരീഫ് വീഴുന്നത് ഗനി ഭരണകൂടത്തിന് കനത്ത തിരിച്ചടിയായിരിക്കും. മസാരെയുടെ കിഴക്കുള്ള ഫൈസാബാദ് നഗരം കഴിഞ്ഞ ദിവസം താലിബാൻ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാറിലും ഹെൽമന്ദിലും പൊരിഞ്ഞ പോരാട്ടമാണ് താലിബാനുമായി നടക്കുന്നത്.

ഇന്ത്യക്കാർ അഫ്ഗാൻ വിടണമെന്ന് കേന്ദ്രസർക്കാർ

യുദ്ധം രൂക്ഷമായതോടെ അഫ്ഗാനിലെ മസാരെ ഷെരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരോടും ഇന്ത്യൻ പൗരന്മാരോടും തിരിച്ചുപോരാൻ നിർദ്ദേശിച്ച ഇന്ത്യ ഇവരെ എത്തിക്കാൻ പ്രത്യേക സേനാവിമാനം അയയ്ക്കുകയും ചെയ്തു. ഇതോടെ തലസ്ഥാനമായ കാബൂളിലെ എംബസി ഒഴികെ അഫ്ഗാനിലെ എല്ലാ ഇന്ത്യൻ നയതന്ത്ര ഓഫിസുകളും അടച്ചു. വാണിജ്യ വിമാനങ്ങൾ സർവീസ് അവസാനിപ്പിക്കും മുമ്പ് നാട്ടിലേക്ക് മടങ്ങാനാണ് ഇന്ത്യക്കാർക്ക് ഏംബസി നൽകിയിരിക്കുന്ന ഉപദേശം.

20 വർഷത്തെ കോട്ടം തീർക്കാൻ താലിബാൻ

അതിനിടെ, യുദ്ധം ഒഴിവാക്കുന്ന കാര്യം താലിബാനുമായി ചർച്ച ചെയ്യാൻ യുഎസ് പ്രതിനിധി സൽമയ് ഖലീൽസദ് ദോഹയിലെത്തി. യുഎൻ, യൂറോപ്യൻ യൂണിയൻ പ്രതിനിധികളും ചൈന, പാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും.
സമാധാന ചർച്ചകളോട് താലിബാൻ പൊതുവെ മുഖം തിരിച്ചിരിക്കുകയാണ്. 20 വർഷംമുമ്പ് തങ്ങളെ പുറത്താക്കിയതിന്റെ കോട്ടം തീർക്കാൻ സൈനിക വിജയം മാത്രമാണ് അവരുടെ ലക്ഷ്യം.

ഈ വർഷത്തെ യുദ്ധത്തിലൂടെ മാത്രം, 3,59,000 പേർ കുടിയൊഴിക്കപ്പെട്ടു എന്നാണ് യുൻ കുടിയേറ്റ സംഘടന ചൊവ്വാഴ്ച വ്യക്തമാക്കിയത്.