ദോഹ: അഫ്ഗാനിസ്ഥാനിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് അധികാരം പങ്കിടാമെന്ന വാഗ്ദാനം മുന്നോട്ട് വച്ച് അഫ്ഗാൻ സർക്കാർ. ഖത്തറിൽ നടക്കുന്ന മധ്യസ്ഥ ചർച്ചയിലാണ് സർക്കാർ ഇത് വാഗ്ദാനം ചെയ്തത്. രാജ്യത്ത് അക്രമം അവസാനിപ്പിക്കണമെന്നാണ് സർക്കാർ മധ്യസ്ഥർ ആവശ്യപ്പെട്ടത്.

അമേരിക്കൻ സൈനികർ പിൻവാങ്ങിയതിനെ തുടർന്ന് അഫ്ഗാൻ സർക്കാരുമായി രാഷ്ട്രീയ പരിഹാരത്തിന് താലിബാൻ താൽപര്യം കാണിച്ചിരുന്നില്ല. 10 പ്രവിശ്യകളാണ് താലിബാൻ മുന്നേറ്റത്തിൽ കീഴടക്കിയത്. മൂന്നുമാസത്തിനകം കാബൂൾ അവർ കൈയടക്കുമെന്ന് യുഎസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കാബൂളിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാന നഗരമായ ഗസ്‌നി താലിബാൻ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ഒരാഴ്ചയ്ക്കിടെയാണ് ഈ മുന്നേറ്റം.

കാബുൾ കാണ്ഡഹാർ ഹൈവേയോടു ചേർന്നു കിടക്കുന്ന പ്രദേശമാണ് ഗസ്‌നി. നഗരത്തിന്റെ പ്രധാന ഭാഗങ്ങളും ഗവർണറുടെ ഓഫിസ്, പൊലീസ് ആസ്ഥാനം, ജയിൽ എന്നിവ ഭീകരർ കീഴടക്കിയതായി പ്രവിശ്യാ കൗൺസിൽ തലവൻ നാസിർ അഹ്മദ് ഫഖിരി പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ഗസ്‌നിയുടെ നിയന്ത്രണം നഷ്ടമായതു അഫ്ഗാൻ സേനയെ കൂടുതൽ പ്രതിരോധത്തിലാക്കും. ബുധനാഴ്ച കാണ്ഡഹാറിലെ ജയിൽ തകർത്ത ഭീകരർ കുറ്റവാളികളെ മോചിപ്പിച്ചിരുന്നു.

ഇന്ത്യാക്കാരെ ഒഴിപ്പിക്കൽ തുടരുന്നു

അഫ്ഗാനിസ്ഥാനിലെ സ്ഥിതി അനുദിനം മോശമായി വരുന്നുവെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണ്. മസാരെ ഷെരീഫിൻ നിന്ന് ന്യൂഡൽഹിയിലേക്ക് ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെയും, സുരക്ഷാ ജീവനക്കാരെയും, കുറച്ച് ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം അയച്ചു.

വളരെ സൂക്ഷ്മമായി സ്ഥിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. അവിടുത്തെ സുരക്ഷാ സാഹചര്യത്തിൽ ആശങ്കയുണ്ട്. കാബൂളിലെ ഇന്ത്യൻ പൗരന്മാരോട് വാണിജ്യ വിമാനങ്ങൾ വഴി മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമായ ഒഴിപ്പിക്കൽ ഉണ്ടാവില്ല.

മസാരെ ഷെരീഫിലെ കോൺസുലേറ്റിൽ നിലവിൽ ഇന്ത്യൻ ഉദ്യോഗസ്ഥരില്ല. നാട്ടുകാരായ ജീവനക്കാരെ നിയോഗിച്ചാണ് കോൺസുലേറ്റ് പ്രവർത്തിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം, ഹിന്ദു-സിഖ് സമുദായത്തിൽ പെട്ട 383 ലേറെ പേരെ കാബൂളിൽ നിന്ന് ഇന്ത്യക്ക് മടക്കി കൊണ്ടുവരാൻ കഴിഞ്ഞിരുന്നു. അവശേഷിക്കുന്നവർക്ക് കാബൂളിലെ മിഷൻ തുടർന്നും സഹായം നൽകും.

താലിബാനുമായുള്ള ചർച്ചകളെ കുറിച്ച് ചോദിച്ചപ്പോൾ ബന്ധപ്പെട്ട എല്ലാവരുമായും സംസാരിക്കുന്നുണ്ടെന്നായിരുന്നു വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചത്. കൂടുതൽ ഒന്നും വെളിപ്പെടുത്താൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരവും, സമഗ്രവുമായ വെടിനിർത്തൽ ഉണ്ടാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പ്രാഥമിക പരിഗണന, ആ രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും ആണെന്നും വക്താവ് അറിയിച്ചു.