താലിബാനുമായുള്ള ചർച്ച വിഫലം; സ്ഥിതി ആശങ്കാജനകമെന്ന് ഇന്ത്യയിലെ അഫ്ഗാൻ അംബാസിഡർ; പലായനം ചെയ്തത് രണ്ട് ലക്ഷത്തിലധികം പേർ; ഇന്ത്യൻ സേനയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്നും ഫരീദ് മാമുണ്ട്സെ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതി ആശങ്കാജനകമെന്ന് ഇന്ത്യയിലെ അഫ്ഗാൻ അംബാസിഡർ ഫരീദ് മാമുണ്ട്സെ. 376 ജില്ലകളിൽ 150-ഉം ഇപ്പോൾ പ്രശ്നബാധിത പ്രദേശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും നിലവിൽ പോരാട്ടത്തിലാണ്. രണ്ട് ലക്ഷത്തിലധികം പേരാണ് പലായനം ചെയ്തത്. നാലായിരത്തിലേറെ പേർ കൊല്ലപ്പെട്ടു.
താലിബാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ ഇന്ത്യൻ സേനയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്നും ഫരീദ് മാമുണ്ട്സെ പറഞ്ഞു. സൈനിക സഹായമല്ല പ്രതീക്ഷിക്കുന്നതെന്നും പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയവയാണ് ഇന്ത്യയിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും ഫരീദ് മാമുണ്ട്സെ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ വടക്കൻ ഭാഗങ്ങളിൽ പലയിടത്തും കലാപകാരികൾ പിടിച്ചടക്കിയിരിക്കുയാണ്. കഴിഞ്ഞ ദിവസം ഫരിയാബ് പ്രവിശ്യയിൽ 22 സർക്കാർ സൈനികരെ താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയെന്നും ഫരീദ് മുണ്ട്സെ പറഞ്ഞു.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ്. സൈനികരെ പിൻവലിക്കുകയാണ്. ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാൻ പൂർണമായും പിടിച്ചടക്കാനൊരുങ്ങുകയാണ് താലിബാൻ. ദോഹയിൽ വെച്ച് താലിബാനുമായി അഫ്ഗാനിസ്ഥാൻ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ കാര്യമായ തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെന്ന് എ.എഫ്.പി. റിപ്പോർട്ട് ചെയ്യുന്നു.
ഓഗസ്റ്റ് അവസാനത്തോടെ യു.എസ് സൈന്യത്തെ പൂർണ്ണമായും അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. നിലവിൽ അഫ്ഗാനിസ്ഥാന്റെ കൂടുതൽ പ്രദേശവും താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു.
സൈനിക പരിശീലനവും സൈനികർക്കുള്ള സ്കോളർഷിപ്പുകളും അടക്കം ഇന്ത്യയുടെ സഹായങ്ങൾ അഫ്ഗാനിസ്ഥാന് ലഭിക്കുന്നുണ്ട്. ഇന്ത്യ നൽകുന്ന 1000 വാർഷിക സ്കോളർഷിപ്പുകളിലൂടെ ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസം ലഭിക്കുന്നത്. അഫ്ഗാനിസ്ഥാന് പുതിയ പാർലിമെന്റ്, ഡാം തുടങ്ങിയവയുടെയൊക്കെ നിർമ്മാണത്തിനും ഇന്ത്യ സഹായം നൽകുന്നുണ്ട്.
ന്യൂസ് ഡെസ്ക്