കാബൂൾ: അഫ്ഗാൻ പൗരന്മാർ രാജ്യം വിട്ടുപോകരുതെന്ന് താലിബാൻ. വിമാനത്താവളത്തിലേക്ക് പോകാൻ അഫ്ഗാൻ പൗരന്മാർക്ക് അനുമതിയില്ല. അഫ്ഗാൻ പൗരന്മാരെ കൊണ്ടുപോകുന്ന നയം യുഎസ് മാറ്റണമെന്ന് താലിബാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു. അഫ്ഗാൻ പൗരന്മാർ നാടുവിടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

ഡോക്ടർമാർ, എൻജിനീയർമാർ അടക്കമുള്ള പ്രഫഷനലുകളെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകരുത്. ഒഴിപ്പിക്കൽ പ്രവർത്തനം അമേരിക്ക ഈ മാസം 31ന് പൂർത്തിയാക്കണം. കൂടുതൽ സാവകാശം നൽകില്ലെന്നും താലിബാൻ വക്താവ് പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അഫ്ഗാനിൽ ഒഴിപ്പിക്കൽ തുടരവെയാണു താലിബാൻ നിലപാട് കടുപ്പിച്ചത്.

പാഞ്ച്ശിറിലെ പ്രശ്നങ്ങൾ സമാധാനപൂർണമായി പരിഹരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും താലിബാൻ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ താലിബാൻ വക്താവ് സബീഹുള്ള മുജാഹിദാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പാഞ്ച്ശിറിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മുജാഹിദ് കൂട്ടിച്ചേർത്തു.

അഫ്ഗാനിലെ യുദ്ധം അവസാനിച്ചതായി ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരു വെടിയുണ്ടപോലും ഉതിർക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. അൽപം ആശങ്കയുള്ളവരുമായി ഞങ്ങൾ ചർച്ച നടത്തുന്നുണ്ട്. ഒരു ശതമാനം ആളുകൾ വിശ്വസിക്കുന്നത് പ്രശ്നങ്ങൾ പ്രശ്നങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്നാണ്- മുജാഹിദ് പറഞ്ഞു.

അഫ്ഗാൻ പൗരന്മാരെ ഇനിമുതൽ കാബൂൾ വിമാനത്താവളത്തിലേക്ക് പോകാൻ അനുവദിക്കുകയില്ലെന്നും മുജാഹിദ് പറഞ്ഞു. കാബൂൾ വിമാനത്താവളത്തിൽ ആളുകൾ സംഘം ചേരുന്നതും സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനുമാണിതെന്നാണ് താലിബാൻ വാദം.

വിദേശികൾക്കു മാത്രമേ ഇനി വിമാനത്താവളത്തിലേക്ക് പോകാനാകൂവെന്നും മുജാഹിദ് പറഞ്ഞു. അഫ്ഗാനിൽ ജനജീവിതം സാധാരണനിലയിലേക്ക് തിരികെ വരികയാണെന്ന് അവകാശപ്പെട്ട മുജാഹിദ്, കാബൂൾ വിമാനത്താവളത്തിലെ തിരക്കും ബഹളവും ഒരു പ്രശ്നമായി അവശേഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

താലിബാൻ, വീടുകൾ തോറും കയറിയിറങ്ങിയുള്ള പരിശോധനകൾ നടത്തുന്നില്ലെന്നും മുജാഹിദ് പറഞ്ഞു. യു.എസ്., നാറ്റോ സേനയുമായി അടുപ്പം പുലർത്തിയിരുന്ന, തങ്ങളുടെ എതിരാളികളെയും അവരുടെ കുടുംബാംഗങ്ങളെയും തിരഞ്ഞ് താലിബാൻ വീടുകൾതോറും കയറി പരിശോധന നടത്തുന്നുണ്ടെന്ന് യു.എൻ. രഹസ്യരേഖയിലെ വിവരങ്ങൾ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുജാഹിദിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

താലിബാനും സിഐ.എയും തമ്മിൽ ഏതെങ്കിലും കൂടിക്കാഴ്ച നടന്നതായി തനിക്ക് അറിവില്ലെന്നും മുജാഹിദ് പറഞ്ഞു. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സിഐ.എയുടെ മേധാവി വില്യം ബേൺസുമായി താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഘനി ബരാദർ കാബൂളിൽ രഹസ്യകൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.