മേരിക്കയിലോ ബ്രിട്ടനിലോ ഓസ്‌ട്രേലിയയിലോ മറ്റേതെങ്കിലും വിദേശ രാജ്യത്തോ വംശീയാധിക്ഷേപത്തിന് ഇരയാകുമ്പോൾ അത് വലിയ മനുഷ്യാവകാശ ലംഘനമായി ഉയർത്തിക്കാട്ടുന്നതിൽ ഇന്ത്യക്കാർ എന്നും മുൻപന്തിയിലാണ്. യഥാർഥത്തിൽ ഇങ്ങനെ വിലപിക്കാൻ ഇന്ത്യക്കാർക്ക് അവകാശമുണ്ടോ? ഡൽഹിയിലടക്കം ആഫ്രിക്കൻ വിദ്യാർത്ഥികൾക്കുനേരെ വംശീയാധിക്ഷേപവും ആക്രമണവും നടത്തുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

ഡൽഹി മെട്രോയിൽ ആഫ്രിക്കൻ യുവതിക്ക് നേരെയുണ്ടായ കൈയേറ്റം എല്ലാ പരിധിയും വിടുന്നതായി. ഒരുമിച്ച് സഞ്ചരിച്ച രണ്ട് ആഫ്രിക്കൻ യുവതികൾക്കുനേരെ വംശീയ വിദ്വേഷം കലർന്ന വാക്കുകൾ പ്രയോഗിച്ചതോടെ അവരും പ്രകോപിതരാവുകയായിരുന്നു. സീറ്റിലിരുന്ന യുവതിയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചതോടെയാണ് വാക്കേറ്റമുണ്ടായത്.

നിങ്ങൾക്ക് അടികൂടണമെന്നുണ്ടെങ്കിൽ അതാവാം എന്നുപറഞ്ഞുകൊണ്ട് തന്റെ മേലുടുപ്പ് വലിച്ചൂരിക്കൊണ്ടാണ് യുവതികളിലൊരാൾ മറ്റു യാത്രക്കാരെ നേരിട്ടത്. ഒടുവിൽ യാത്രക്കാർതന്നെ ഇടപെട്ട് യുവതികളെയും മറ്റുള്ളവരെയും ശാന്തരാക്കുകയായിരുന്നു. അടുത്തിടെ ഡൽഹയിലും പരിസരപ്രദേശങ്ങളിലും ഒട്ടേറെ ആഫ്രിക്കൻ വിദ്യാർത്ഥികൾക്കുനേരെ ആക്രമണമുണ്ടായിരുന്നു.

ലോകത്തേറ്റവും വംശീയ വിദ്വേഷം പുലർത്തുന്ന രാജ്യങ്ങളിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യയെന്ന് 2013-ലെ വേൾഡ് വാല്യൂസ് സർവേ വ്യക്തമാക്കുന്നു. ജോർദാനാണ് ഒന്നാം സ്ഥാനത്ത്. തന്റെ അയൽപക്കത്ത് മറ്റൊരു വംശത്തിൽപ്പെട്ടയാൾ താമസിക്കുന്നതിനോട് യോജിപ്പില്ലെന്ന് സർവേയിൽ പങ്കെടുത്ത 43 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെട്ടു. 2016-ൽ നടന്ന സർവേയിൽ, ഇന്ത്യക്കാർ കൂടുതൽ സഹിഷ്ണുതയുള്ളവരായി മാറിയെന്നാണ് സൂചന. അയൽക്കാരൻ മറ്റൊരു വംശത്തിൽപ്പെട്ടവരാകുന്നതിനെ അനുകൂലിക്കാത്തവരുടെ എണ്ണം 25.6 ആയി ചുരുങ്ങിയിട്ടുണ്ട്.