- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിലെ മാനന്തവാടിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം മൃഗസംരക്ഷണ വകുപ്പിന് ലഭിച്ചു; രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും; ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കും
കൽപ്പറ്റ: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ മാനന്തവാടിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം വ്യാഴാഴ്ചയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് ലഭിച്ചത്. ഒരു മാസം മുമ്പ് ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് തിരുവനന്തപുരത്തുനിന്ന് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേറ്റിങ് ഓഫിസർ ഡോ. മിനി ജോസിന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ എത്തിയ സംഘമാണ് സാംപിൾ ശേഖരിച്ച് പരിശോധനക്കയച്ചത്.
രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കും. ഫാമുകൾ അണുമുക്തമാക്കാനും നിർദേശിച്ചിട്ടുണ്ട്. പുറത്തു നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല. രോഗ സ്ഥിരീകരണത്തെ തുടർന്ന് വയനാട് ജില്ല കലക്ടർ വെള്ളിയാഴ്ച ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്
ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം ഉണ്ടാകുന്നതെന്നും മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ലെന്നും മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ പന്നി ഫാമുകൾക്കും അധികൃതർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പന്നികൾ ചത്താലോ രോഗം ഉണ്ടായാലോ ഉടൻ അറിയിക്കണമെന്നാണ് നിർദ്ദേശം.
രോഗം സ്ഥിരീകരിച്ചതോടെ ചെക്ക് പോസ്റ്റുകളിൽ പരിശോധനയും കർശന നിയന്ത്രണവും ഏർപ്പെടുത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാൻ അനുവദിക്കില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. പന്നികളെ ബാധിക്കുന്ന രോഗത്തിന് ഫലപ്രദമായ ചികിത്സയോ വാക്‌സിനോ ഇല്ല.
മറുനാടന് മലയാളി ബ്യൂറോ