- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതത്തെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല; കോടതിയിലേത് ഹിംസാത്മക ഹിന്ദുത്വത്തിന്റെ പ്രത്യക്ഷ ഉദാഹരണം; ശ്രമിക്കുന്നത് കുട്ടികളെ തിരുത്താൻ; വൈവിധ്യങ്ങളെ അംഗീകരിക്കുന്നതാണ് ഇന്ത്യൻ സംസ്‌ക്കാരം; ജെഎൻയുവിലെ കൊച്ചി സംവാദം കൈയടി നേടിയത് ഇങ്ങനെ
കൊച്ചി: ജെഎൻയുവിൽ നടന്ന ജനാധിപത്യ വിരുദ്ധതക്ക് എതിരായി കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംവാദം വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. ആശയ സംവാദത്തെ എതിർക്കുന്ന സംഘപരിവാർ ഭരണകൂട ഭീകരതക്കെതിരേ പ്രതിഷേധിക്കാൻ ജെഎൻയു വിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് 'അഫ്‌സൽ ഗുരു ഒരു തുറന്ന സംവാദം' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. അനുകൂലിക്കുന്നവ
കൊച്ചി: ജെഎൻയുവിൽ നടന്ന ജനാധിപത്യ വിരുദ്ധതക്ക് എതിരായി കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംവാദം വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. ആശയ സംവാദത്തെ എതിർക്കുന്ന സംഘപരിവാർ ഭരണകൂട ഭീകരതക്കെതിരേ പ്രതിഷേധിക്കാൻ ജെഎൻയു വിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് 'അഫ്‌സൽ ഗുരു ഒരു തുറന്ന സംവാദം' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും നിർഭയമായി അഭിപ്രായം രേഖപ്പെടുത്തുവാനുള്ള വേദിയും സംരക്ഷണവും ഒരുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ഔപചാരികതകൾ ഒഴിവാക്കി ജെഎൻയു വിലെ സംവാദങ്ങളുടെ രീതിയിൽ തന്നെയാണ് പരിപാടി സംഘടിപ്പിച്ചത്. വിഷയത്തിൽ സംസാരിച്ചവരോട് യോജിച്ചും വിയോജിച്ചും അഭിപ്രായം രേഖപ്പെടുത്തുവാനും ചോദ്യം ചെയ്യുവാനും അവസരമൊരുക്കിയത് പരിപാടിയിൽ പന്‌കെടുത്തവർക്ക് കൗതുകമായി. ജെഎൻയു വിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് പുറമേ മഹാരാജാസ്, ലോ കോളേജ്, സെന്റ് തെരേസാസ് കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. പരിപാടിക്ക് രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള ജെഎൻയു പൂർവ്വവിദ്യാർത്ഥികളും മറ്റും കത്തുകൾ, ഇമെയിൽ, സോഷ്യൽ മീഡിയ എന്നിവ മുഖാന്തിരം വളരെ വലിയ പിന്തുണയാണ് നൽകിയത്.
കേരളത്തിലും ആശയപ്രചാരണങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള ആസൂത്രിത പരിശ്രമങ്ങൾ നടക്കുന്നുണ്ട് എന്നും അതിനാൽ അതിരുകളില്ലാത്ത ആശയസംവാദങ്ങൾക്ക് തുടർന്നും വേദി നിലനിർത്തേണ്ടതാണ് എന്നും അഭിപ്രായമുയർന്നു. സമാന ചിന്താഗതിക്കാരെ ചേർത്ത് സെ്ന്റർ ഫോർ ഡെമോക്രസി ആൻഡ് ഡയലോഗ് എന്ന വേദി രൂപീകരിക്കാനും തീരുമാനം ഉണ്ടായി. പരിപാടിക്ക് ജെഎൻയു പൂർവ്വ വിദ്യാർത്ഥിയും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയുമായ ഡോ.മാത്യു കുഴൽനാടൻ നേതൃത്വം നൽകി. ജന്മഭൂമി മുൻ എഡിറ്റർ കെവി എസ് ഹരിദാസ്, സോളിഡാരിറ്റിയെ പ്രതിനിധീകരിച്ച് സൈനുദ്ധീൻ, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവർ സംസാരിച്ചു.
അഡ്വ. മാത്യു കുഴലനാടൻ
ഡൽഹി ജെഎൻയുവിൽ സംവാദങ്ങളുടെ വേദി അടയ്ക്കുന്നതിലൂടെ സർക്കാർ ജനാധിപത്യ ചിന്തകളെയാണ് എതിർക്കുന്നതെന്ന് ജെഎൻയു പൂർവ വിദ്യാർത്ഥിയായ അഡ്വ. മാത്യു കുഴലനാടൻ പറഞ്ഞു. താൻ പഠിച്ചിരുന്ന കാലത്ത് പ്രകോപനപരമായ എന്തും പറയുവാനുള്ള സ്വാതന്ത്ര്യം ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നു. അന്ന് അത് വിദ്യാർത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യമായാണ് എല്ലാവരും കണക്കാക്കിയിരുന്നത്. ജെഎൻയുവിൽ ജെഎൻഎസ്‌യു പ്രസിഡന്റ് ആയ കനയ്യകുമാർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജെഎൻയുവിലെ സംസ്‌ക്കാരം അതാണ്. ഇക്കാലത്ത് മതത്തെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല. മതന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയുണർത്തുന്ന ആർഎസ്എസ് അജണ്ടയ്‌ക്കെതിരെ എങ്ങനെ പ്രതികരിക്കണമെന്നതും ചർച്ച ചെയ്യേണ്ടതുണ്ടെന്നും അഡ്വ. മാത്യു കുഴലനാടൻ പറഞ്ഞു.
എസ് എം സൈനുദ്ദീൻ
ജെഎൻയുവിൽ നടക്കുന്നത് ഇന്ത്യ മുഴുവൻ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണെന്ന് സോളിഡാരിറ്റി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം എസ് എം സൈനുദ്ദീൻ പറഞ്ഞു. ഹിംസാത്മക ഹിന്ദുത്വത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പാട്യാല കോടതിയിൽ അരങ്ങേറിയത്്. ഇന്ത്യയിലെ കാംപസുകൾ അടിയന്തരാവസ്ഥ കാലത്തെ പ്രക്ഷുബ്ധത വീണ്ടെടുത്തു കഴിഞ്ഞു. അപനിർമ്മാണത്തിന്റെ ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം മുന്നോട്ടു പോവുന്നത്. പൊതുബോധത്തെ ചോദ്യം ചെയ്യുന്നവരെ ഭരണകൂടം ദേശദ്രോഹികളായും തീവ്രവാദികളായും മുദ്രകുത്തുകയാണ്. വിയോജിപ്പ് രേഖപ്പെടുത്തിയതുകൊണ്ടാണ് ഗാന്ധിജിയും രോഹിത് വെമുലയും കൽബുർഗിയും ഇപ്പോൾ കനയ്യ കുമാറുമൊക്ക ആക്രമിക്കപ്പെട്ടതെന്നും സൈനുദ്ദീൻ കൂട്ടിച്ചേർത്തു.
കെ വി എസ് ഹരിദാസ്
സംവാദങ്ങൾക്ക് ആരും തടസം നിൽക്കേണ്ടതില്ലെന്നും ഇത്തരം വിഷയങ്ങൾ സമൂഹത്തിൽ സമഗ്രമായി ചർച്ച ചെയ്യണമെന്നും ജന്മഭൂമി മുൻ എഡിറ്റർ കെ വി എസ് ഹരിദാസ് പറഞ്ഞു. എന്നാൽ ഇന്ത്യാ വിരുദ്ധ നിലപാടുകൾ ഉയർന്നാൽ അത് അംഗീകരിക്കാനാവില്ല. കുട്ടികളെ തിരുത്താനാണ് ശ്രമിക്കുന്നതെന്നും ശിക്ഷിക്കാനല്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. ദേശീയതയോട് തീവ്ര നിലപാടുള്ളവരാണ് ബിജെപിയും ആർഎസ്എസും. മോദി അധികാരത്തിൽ വന്നശേഷം ചില നേതാക്കൾക്ക് മാനസികമായ ചില മാറ്റങ്ങൾ വന്നിട്ടുണ്ടാകാമെന്നും ഇത് പ്രാദേശികമായ ചില സംഘർഷങ്ങൾക്ക് കാരണമായെന്നും കെ വി എസ് ഹരിദാസ് പറഞ്ഞു.
മൂഹമ്മദ് റജീബ്
വൈവിധ്യങ്ങളെ അംഗീകരിക്കുകയെന്നത് ഇന്ത്യൻ സംസ്‌ക്കാരമാണ്. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയ ശേഷം സുപ്രീംകോടതി പിന്നീട് നിയമവ്യവസ്ഥയിൽ വരുത്തിയ തിരുത്തൽ ഒരു സംവാദ രീതിയായിരുന്നില്ലേ എന്നും പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എം എ മൂഹമ്മദ് റജീബ് ചോദിച്ചു. സംവാദത്തെ നിരാകരിക്കുന്ന രീതി രാജ്യത്തിന് ആശാസ്യമല്ലെന്നും റജീബ് കൂട്ടിച്ചേർത്തു.