ന്യൂഡൽഹി: മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്‌സ്പ നിയമത്തിന് പരിധിയിൽ വരുന്ന പ്രശ്‌നബാധിത പ്രദേശങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.അസം, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിലെ സ്ഥലങ്ങളെയാണ് നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുക. സാഹചര്യം മെച്ചപ്പെട്ടതിനാലാണ് നടപടിയെന്ന് അമിത് ഷാ വ്യക്തമാക്കി.

കലാപം അവസാനിപ്പിക്കാനും വടക്കുകിഴക്കൻ മേഖലയിൽ സമാധാനം കൊണ്ടുവരാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തരമായ ശ്രമങ്ങളുടെയും നിരവധി കരാറുകളുടെയും ഫലമായി മെച്ചപ്പെട്ട സുരക്ഷാ സാഹചര്യങ്ങളും അതിവേഗ വികസനവും മേഖലയിൽ നടപ്പായി.ഇതിന്റെ ഫലമാണ് അഫ്സ്പയ്ക്ക് കീഴിലുള്ള പ്രദേശങ്ങൾ കുറച്ചതെന്ന് അമിത് ഷാ പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ, നാഗാലാൻഡ്, അസം, മണിപുർ എന്നിവിടങ്ങളിലെ പ്രത്യേക പട്ടാള അവകാശ നിയമത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കുറയ്ക്കാനുള്ള സുപ്രധാന നടപടി സ്വീകരിച്ചു', അമിത് ഷാ ട്വിറ്ററിൽ അറിയിച്ചു.

വിഘടനവാദത്തിൽ കുറവ് വരികയും സുരക്ഷാസ്ഥിതി മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. മോദിയുടെ ഭരണത്തിൻകീഴിൽ, കലാപം അവസാനിപ്പിച്ച് വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള നിരന്തര ശ്രമങ്ങളും നിരവധി കരാറുകളുമാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന നമ്മുടെ വടക്കുകിഴക്കൻ മേഖല ഇപ്പോൾ സമാധാനത്തിന്റെയും സമൃദ്ധിയുടെയും അഭൂതപൂർവമായ വികസനത്തിന്റെയും ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും ഷാ പറഞ്ഞു.

ഈ സംസ്ഥാനങ്ങളിലെ ചിലപ്രദേശങ്ങളിൽനിന്ന് മാത്രമാണ് നിയമം പിൻവലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഏതൊക്കെ പ്രദേശങ്ങളിൽനിന്നാണ് പ്രത്യേക അവകാശ നിയമം പിൻവലിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

പട്ടാളത്തിന് പ്രത്യേക അവകാശം നൽകുന്ന അഫ്സ്പ പിൻവലിക്കണമെന്ന് പതിറ്റാണ്ടുകളായി നിരവധി സംഘടനകൾ ആവശ്യമുന്നയിച്ചുവരികയായിരുന്നു. ഈ പ്രദേശങ്ങളിൽ നിയമത്തിന്റെ മറവിൽ മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതായും ഉത്തരാവദികളായ ഉദ്യോഗസ്ഥർ നിയമത്തിൽനിന്ന് രക്ഷപ്പെടുന്നതായും വിമർശനങ്ങൾ ഉയർന്നിരുന്നു.

1942 ഓഗസ്റ്റ് 15നാണ് ബ്രിട്ടീഷ് സർക്കാർ ആംഡ് ഫോഴ്സ് സ്പെഷ്യൽ പവേഴ്സ് ഓർഡിനൻസ് പ്രഖ്യാപിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ചില മേഖലകളിൽ സംഘർഷങ്ങളും അസ്വസ്ഥതകളും തുടർന്നതോടെ നിയമം തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. അസമിലായിരുന്നു ആദ്യം അഫ്‌സ്പ നടപ്പാക്കിയത്. തുടർന്ന് ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നടപ്പാക്കി. പിന്നീട് ജമ്മു കാശ്മീരിലും പഞ്ചാബിലും നിയമം നടപ്പാക്കിയിരുന്നു.

എന്നാൽ 2008 ൽ പഞ്ചാബ് അഫ്സ്പ പിൻവലിച്ചു. പിന്നീട് 2015 ൽ ത്രിപുരയും 2018 ൽ മേഘാലയയും നിയമം പിൻവലിച്ചു. നിലവിൽ നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ് (എട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ), മണിപ്പൂർ (ഇംഫാൽ ഒഴികെ) എന്നിവിടങ്ങളിലാണ് നിയമം ഉള്ളത്.