കൊച്ചി: കേരളത്തിലെ ഫ്‌ലാറ്റ് തട്ടിപ്പു കേസുകളിൽ ഒടുവിലായി വമ്പൻ സ്രാവും വീണു. നിരവധി പ്രവാസികളെ അടക്കം കബളിപ്പിച്ച പ്രമുഖ ബിൽഡറായ ഷ്വാസ് ഹോംസ് എംഡി ശ്രീനി പരമേശ്വരനെ തട്ടിപ്പു കേസിൽ കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. പ്രവാസികൾ അടക്കമുള്ള പലർക്കും പണം നൽകിയിട്ടും നിശ്ചിത സമയത്ത് ഫ്‌ലാറ്റ് നിർമ്മിച്ചു നൽകാൻ സാധിക്കാത്തതിനെ തുടർന്നുണ്ടായ പരാതികൾക്ക് ഒടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തിരുന്നത്. തൃപ്പൂണിത്തുറ പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.

ഫ്ളാറ്റ് തട്ടിപ്പ് നടത്തിയെന്ന് പരാതിപ്പെട്ട് നിരവധി പേരാണ് ഷ്വാസ് ഹോംസിനെതിരെ പരാതി നൽകിയിരുന്നത്. 16 പേർ പരാതിയുമായി രംഗത്തിറങ്ങി. അറസ്റ്റോടെ കൂടുതൽ പേരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധി പരാതികൾ ഉണ്ടായിരുന്നിട്ടും അധികാരത്തിലെ ഉന്നതരുമായുള്ള അടുപ്പത്തിന്റെ പേരിൽ അറസ്റ്റിലാകാതെ പിടിച്ചു നിൽക്കുകയായിരുന്നു ഇദ്ദേഹം. പരാതികൾ ഉയർന്നെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് ഉന്നതബന്ധമാണ് ഷ്വാസ് ഹോംസ് എംഡി ശ്രീനി പരമേശ്വരന്റെ അറസ്റ്റ് വൈകിച്ചതെന്ന ആരോപണം ഉയർന്നിരുന്നു.

കൃത്യ സമയത്ത് ഉപഭോക്താവിന് പണിതീർത്ത് ഫ്ളാറ്റ് വിട്ടു നൽകാത്തതും പണം വാങ്ങിയ ശേഷം ഫ്ളാറ്റ് നൽകാത്തതുമെല്ലാമാണ് വ്യാപകമായി ഷ്വാസ് ഹോംസിനെതിരെ പരാതിക്ക് ഇടയാക്കിയത്. ആലുവ അക്വാസിറ്റിയിലെ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് പരാതിയിലാണ് അറസ്റ്റ്. 1884/2015 കേസിൽ 403, 407 സെക്ഷൻസ് പ്രകാരം വഞ്ചന കുറ്റവും കരാർ ലംഘനവുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇതേ തുടർന്നാണ് ഇയാളെ അറസ്റ്റു ചെയ്തതും.

പതിവു ഫ്‌ലാറ്റ് തട്ടിപ്പുകളുടെ എല്ലാവിധ ചേരുവകളും ചേർന്നതാണ് ശ്രീനി പരമേശ്വരന്റെ നേതൃത്വത്തിൽ നടന്ന തട്ടിപ്പും. ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും ഉള്ള പ്രവാസികൾ പോലും ഫ്‌ലാറ്റ് തട്ടിപ്പിന് ഇരയായിട്ടുണ്ട്. പ്രധാനമായും പ്രവാസി മലയാളികളിൽ നിന്നും ഫണ്ട് സ്വീകരിച്ച് കരാറുണ്ടാക്കിയ ശേഷം നിശ്ചിത സമയത്ത് ഫ്‌ലാറ്റ് ലഭ്യമാക്കാൻ സാധിച്ചില്ല. കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കാത്തിരിക്കാനായിരുന്നു മറുപടി നൽകിയത്. അതിന് ശേഷം ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് പൊലീസിൽ പരാതിപ്പെട്ടതും അറസ്റ്റുണ്ടാകുന്നതും.

പത്രങ്ങളിലും ചാനലുകളിലും വൻതോതിൽ പരസ്യം നൽകി തന്നെയാണ് ഷ്വാസ് ബിൽഡേഴ്‌സ് ഫ്‌ലാറ്റ് വിൽപ്പനക്കായി ആളെ കണ്ടെത്തിയത്. ഗൾഫ് മേഖലയിലെ പ്രവാസികളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പത്രപ്പരസ്യങ്ങൾ നൽകിയിരുന്നത്. പരസ്യങ്ങളിൽ കണ്ട് നാട്ടിൽ നിക്ഷേപമെന്ന നിലയിൽ ഫ്‌ലാറ്റിനായി പണം നിക്ഷേപിച്ചവരാണ് വെട്ടിലായത്. ഡൽഹി മലയാളിയായ ബെന്നി അഗസ്റ്റിൻ നൽകിയ പരാതി പ്രകാരം ലക്ഷ്വറി ഫ്‌ലാറ്റിനായി ഒരു 20 ലക്ഷം രൂപയാണ് ശ്രീനി പരമേശ്വരൻ മുൻകൂറായി കൈപ്പറ്റിയത്. എന്നാൽ, പണംനല്കി നിശ്ചിത സമയം കഴിഞ്ഞിട്ടും ഫ്‌ലാറ്റ് ലഭ്യമാക്കാൻ നടപടി തുടങ്ങിയില്ല. കണിയമ്പുഴയിലുള്ള മിസ്റ്റിക് ഹൈറ്റ്‌സിന് വേണ്ടിയായിരുന്നു പണം മുടക്കിയത്.

സമാനമായ മാർഗ്ഗത്തിൽ ഒരു ഫ്‌ലാറ്റിന്റെ 20 ശതമാനം അഡ്വൻസായി ശ്രീനി പരമേശ്വരൻ കൈപ്പറ്റിയിരുന്നു. കമ്പനിയുടെ കോട്ടയത്തുള്ള അക്വാ സിറ്റി വില്ലാ പ്രോജക്ടിനെതിരെയും പരാതി ഉയർന്നിരുന്നു. നിലവിൽ 16 പരാതികൾ ഇയാൾക്കെതിരെ ഉണ്ടായിട്ടുണ്ട്. .'ഷ്വാസ് ഹോംസ് മിസ്റ്റിക് ഹൈറ്റ്‌സ്' എന്ന ഫ്‌ളാറ്റ് സമുച്ചയം തങ്ങളുടെ രണ്ടാം ഘട്ട പദ്ധതിക്കായി പ്രവാസി മലയാളികളിൽനിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയെന്ന ആരോപണ ഉയർന്നിട്ട് രണ്ട് വർഷത്തോളമായി. അന്നത്തെ മേയർ ടോണി ചമ്മണിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.

ഒമാൻ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ 55 പ്രവാസികളാണ് പരാതിയുമായി രംഗത്തുവന്നത്. 2010 ൽ കൊച്ചിയിൽ നിക്ഷേപകർക്ക് ഫ്‌ളാറ്റിന്റെ താക്കോൽ നൽകിയെങ്കിലും നിയമപരമായി ഫ്‌ളാറ്റ് ഇപ്പോഴും ബിൽഡറുടെ പേരിലാണെന്നാണ് പരാതി. രജിസ്‌ട്രേഷൻ നടത്തി ഫ്‌ളാറ്റ് താമസത്തിന് വിട്ടുകൊടുക്കാനായി സർട്ടിഫിക്കറ്റ് നൽകിയില്ലെന്നും ഫ്‌ളാറ്റിൽ വൈദ്യുതിയും വെള്ളവും ഏർപ്പെടുത്തിയിട്ടില്ലെന്നും പ്രവാസികൾ ആരോപണം ഉന്നയിച്ചിരുന്നു.