ദുബായ്: കേരളത്തിലെ നേതാക്കൾ നാഴികയ്ക്ക് നാൽപ്പത് വട്ടം സന്ദർശിക്കുന്ന ഒരു നഗരമാണ് ദുബായ്. ഇന്ത്യൻ നേതാക്കൾ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനേക്കാൾ ഏറെ സന്ദർശിച്ചിട്ടുള്ളത് യുഎഇ നഗരങ്ങളാണ്. എന്നിട്ടും കഴിഞ്ഞ 34 വർഷമായി ഒരു ഇന്ത്യൻ പ്രധാന മന്ത്രി യുഎഇ സന്ദർശിച്ചിട്ടില്ല എന്നുവച്ചാൽ അതിൽ ഒരു അത്ഭുതം ഇല്ലാതില്ല. ആ പാരമ്പര്യമാണ് മോദി മാറ്റുന്നത്. ഇസ്ലാമിക വിരുദ്ധ ലോകത്തിന്റെ അടയാളമായി ചിത്രീകരിക്കപ്പെടുന്ന മോദിക്ക് പക്ഷെ അറബ് രാഷ്ട്രം ഒരുക്കുന്നത് രാജകീയ സ്വീകരണം ആണ്.

മോദിയെ സംബന്ധിച്ചടുത്തോളം യുഎഇ സന്ദർശനം വെറും ഒരു വിദേശ രാജ്യ സന്ദർശനം അല്ല. അമേരിക്കയും ബ്രിട്ടണും ഒക്കെ സന്ദർശിക്കുന്നതിനേക്കാൾ നയതന്ത്ര പ്രാധാന്യം മോദി ഈ സന്ദർശനത്തിന് നൽകുന്നു. പാക്കിസ്ഥാന്റെ ഹൃദയം സൂക്ഷിപ്പുകാരാണ് അറബ് രാഷ്ട്രങ്ങൾ എന്നത് തന്നെയാണ് പ്രധാന കാരണം. ചൈനയാണ് പാക്കിസ്ഥാന്റെ ശക്തിയെങ്കിലും ഹൃദയം കാക്കുന്നത് അറബ് രാഷ്ട്രങ്ങൾ ആണ്. എന്തിനേറെ പറയുന്നു ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായ ദാവൂദ് ഇബ്രാഹിം പോലും ദുബായിലാണ് വാസം ഉറപ്പിച്ചിരിക്കുന്നത്.

മോദിക്ക് യുഎഇ സന്ദർശനം ഒരു തുടക്കം മാത്രമാണ്. കിഴക്കനേഷ്യയിലും പാശ്ചാത്യ ലോകത്തും നടത്തിയ സന്ദർശനങ്ങളിലൂടെ ഇന്ത്യക്ക് മോദി സമ്മാനിച്ച പുതിയ പ്രതിച്ഛായ ഗൾഫ് രാജ്യങ്ങളിലേക്കും വളർത്തുകയെന്നതാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. തലമുറകളായി കോടിക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന മേഖലയാണെങ്കിലും ഇന്ത്യയുടെ വിദേശകാര്യ നയത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് കാര്യമായ സ്ഥാനം ലഭിച്ചിരുന്നില്ല.

34 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി യു.എ.ഇ സന്ദർശിച്ചിട്ടില്ല എന്നത് ആ അവഗണനയുടെ തെളിവാണ്. അതൊഴിവാക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുകയുമാണ് മോദിയുടെ ലക്ഷ്യം. ഇക്കൊല്ലം അവസാനത്തോടെ ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളുമായി കൂടുതൽ ശക്തമായ ബന്ധമുണ്ടാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

ചില സുപ്രധാന പ്രഖ്യാപനങ്ങൾ മോദിയുടെ യു.എ.ഇ സന്ദർശനത്തിനിടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. യു.എ.ഇയിൽനിന്ന് കൂടുതൽ നിക്ഷേപം ലക്ഷ്യമിടുന്നതിനൊപ്പം തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും സുരക്ഷാരംഗത്തും കൂടുതൽ സഹകരണവും ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. സന്ദർശനത്തിനിടെ അബു ദാബിയിലെ ഷെയ്ഖ് സയ്യദ് മോസ്‌കിലും മോദി സന്ദർശനം നടത്തും.

ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ സഹകരണത്തിനുള്ള ശ്രമങ്ങൾ അധികാരത്തിലേറിയ കാലം മുതൽ മോദി നട്ത്തുന്നുണ്ട്. ഇക്കൊല്ലമാദ്യം ഖത്തർ ഭരണാധികാരി ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ഇന്ത്യ സന്ദർശിച്ചിരുന്നു. ഇക്കൊല്ലമൊടുവിൽ സൗദി അറേബ്യയിലും മോദി സന്ദർശനം നടത്തുന്നുണ്ട്. സൗദി രാജാവിന്റെ പ്രത്യേക ക്ഷണമനുസരിച്ചാണ് മോദി അവിടം സന്ദർശിക്കുന്നത്.

പശ്ചിമേഷ്യയിലെയും മേഖലയിലെയും കൂടുതൽ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള മോദിയുടെ ശ്രമത്തിനും യു.എ.ഇ സന്ദർശനം തുടക്കമാകും. പാക്കിസ്ഥാനിൽനിന്നുള്ള തീവ്രവാദ സംഘടനകൾക്ക് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സഹായം നിർത്തിക്കാനും ഇന്ത്യയുമായി കൂടുതൽ സൗഹൃദത്തിന് ഈ രാജ്യങ്ങളെ പ്രേരിപ്പിക്കാനും മോദിയുടെ ഗൾഫ് യാത്ര സഹായകമാകുമെന്നാണ് കരുതുന്നത്.