- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവിധ ജില്ലകളിലായി 292 വ്യവസായ മേഖല; 3125 ഏക്കർ ഭൂമി കൈമാറി; 3,300 കി.മീ റോഡ്; മുടങ്ങാതെ വൈദ്യുതി; രാജ്യത്തെ വിവിധ ഇടങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി; അക്രമ സംഭവങ്ങൾ കുറയുന്നു; 370ാം വകുപ്പ് റദ്ദാക്കി രണ്ട് വർഷം തികയുമ്പോൾ ജമ്മു കശ്മീർ മുന്നോട്ട് തന്നെ
ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞ് കേന്ദ്രസർക്കാർ 370ാം വകുപ്പ് റദ്ദാക്കിയിട്ട് രണ്ട് വർഷം തികയുകയാണ്. സമഗ്ര വികസനത്തിനുള്ള പ്രധാന തടസ്സമെന്നു ചൂണ്ടിക്കാട്ടിയാണ് 2019 ഓഗസ്റ്റ് 5ന് 370ാം വകുപ്പ് റദ്ദാക്കാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
സവിശേഷാധികാരം ഇല്ലാതായി രണ്ട് വർഷം പിന്നിടുമ്പോൾ ജമ്മു കശ്മീരിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്. ഏറ്റവും പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത് യുവജനതയിൽ ഉണ്ടായ മാറ്റങ്ങളാണ്. നാടിന്റെ വികസനത്തിനും സുരക്ഷയ്ക്കുമുള്ള നടപടികൾക്ക് ഒപ്പം യുവജനത അണിനിരക്കുന്ന പല കാഴ്ചകളും ഈ നാളുകളിൽ കണ്ടു.
മറ്റൊന്ന് അക്രമ സംഭവങ്ങൾ കുറയുന്നു എന്നതാണ്. 2017 ഓഗസ്റ്റ് മുതൽ 2019 ജൂലായ് വരെ 1394 അക്രമങ്ങളാണ് കശ്മീരിൽ അരങ്ങേറിയത്. 2019 ഓഗസ്റ്റ് മുതൽ 2021 ജൂലായ് വരെ ആകെ വെറും 382 അക്രമസംഭവങ്ങൾ മാത്രമാണ് അരങ്ങേറിയത്. ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ ഒരു പൗരൻ പോലും ഈ കാലയളവിൽ കൊല്ലപ്പെട്ടിട്ടില്ല എന്ന് കഴിഞ്ഞ മാർച്ചിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ജമ്മു കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി യോജിപ്പിച്ചു വികസനത്തിന്റെ പാതയിലേക്കു നയിക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം ഒരു പരിധിയോളം ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.
ജമ്മു കശ്മീരിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികളും നയങ്ങളും പ്രഖ്യാപിച്ചിരുന്നു. വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനും ഉൽപാദനം വർധിപ്പിക്കാനുമായി 6,000 ഏക്കർ ലാൻഡ് ബാങ്ക് അവയിൽ ഉൾപ്പെട്ടതാണ്.
ഇതിൽ പകുതിയിലധികം വ്യവസായ -വാണിജ്യ വകുപ്പിനു കൈമാറിക്കഴിഞ്ഞു. ജമ്മുവിൽ 2,125 ഏക്കറും കശ്മീരിൽ 1,000 ഏക്കറും. വിവിധ ജില്ലകളിലായി 292 വ്യവസായ മേഖലകളാണു കണ്ടെത്തിയത്.
അലോട്ട്‌മെന്റ് പോളിസി 2021-30 അനുസരിച്ച്, മൊത്തം 292 വ്യവസായ മേഖലകളിൽ, ജമ്മു ഡിവിഷനിലെ 10 ജില്ലകളിൽ 150, കശ്മീരിലെ 10 ജില്ലകളിൽ 142 വീതവുമാണുള്ളത്. ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷ 30 ദിവസത്തിനുള്ളിൽ ഒരു സമിതി പരിശോധിക്കും. 200 കോടി രൂപയുടെ പദ്ധതികൾക്കു സൂക്ഷ്മ പരിശോധനാ കാലാവധി 45 ദിവസമാണ്. നിക്ഷേപകർക്ക് ആദ്യം 40 വർഷത്തേക്കാണു ഭൂമി പാട്ടത്തിന് അനുവദിക്കുക. ഇത് 99 വർഷത്തേക്ക് നീട്ടാവുന്നതാണ്.
വിവരസാങ്കേതിക വിദ്യ, പ്രതിരോധം, പുനരുപയോഗ ഊർജം, വിനോദസഞ്ചാരം, നൈപുണ്യ വികസനം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, അടിസ്ഥാനസൗകര്യം, ഹോർട്ടികൾച്ചർ തുടങ്ങിയ മേഖലകളിൽ ടാറ്റയും റിലയൻസും ഉൾപ്പെടെ 40 കമ്പനികൾ ജമ്മു കശ്മീരിൽ നിക്ഷേപം നടത്താൻ താത്പര്യം കാണിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. 2019 ഓഗസ്റ്റ് 5ന് ശേഷം ഇന്ത്യയിലെ ഏതൊരു പൗരനും ജമ്മു കശ്മീരിൽ സ്ഥാവര വസ്തുക്കൾ വാങ്ങാനാകും. ഇതു റിയൽ എസ്റ്റേറ്റിലും മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികളിലും നിക്ഷേപിക്കാൻ സ്വകാര്യ കമ്പനികൾക്ക് അവസരമൊരുക്കിയിട്ടുണ്ട്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കശ്മീർ പണ്ഡിറ്റ് കുടിയേറ്റക്കാർക്കുള്ള താമസസൗകര്യങ്ങൾ തുടങ്ങിയവയാണു കേന്ദ്രത്തിന്റെയും കേന്ദ്രഭരണ പ്രദേശ ഭരണകർത്താക്കളുടെയും മേൽനോട്ടത്തിൽ പുരോഗമിക്കുന്ന മുൻനിര അടിസ്ഥാന സൗകര്യ പദ്ധതികൾ.
കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉധംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ പദ്ധതി അടുത്ത വർഷം ഓഗസ്റ്റിൽ പൂർത്തിയാകും. കാലാവസ്ഥാ ബുദ്ധിമുട്ടുകളാണ് ഈ റെയിൽവേ പദ്ധതി പൂർണമാകുന്നതിൽ കാലതാമസമുണ്ടാക്കുന്നത്. ജമ്മുവിലെ വിജയ്പുരിലും കശ്മീരിലെ അവന്തിപ്പോരയിലും എയിംസ് ക്യാംപസുകൾ 2023 ലും 2025 ലും പൂർത്തിയാകും.
ജമ്മു, ശ്രീനഗർ നഗരങ്ങളിൽ മുഴുവൻ സമയവും വൈദ്യുതി വിതരണം ചെയ്യാനുള്ള നടപടികളാണ് വികസനരംഗത്ത് ഊന്നൽ നൽകുന്ന മറ്റൊരു പ്രധാന രംഗം. കേന്ദ്രസർക്കാർ പിന്തുണയോടെ 24 മണിക്കൂറും ജമ്മുവിലും ശ്രീനഗറിലും വൈദ്യുതി മുടക്കം കൂടാതെ എത്തിക്കാനുള്ള നടപടികളിലാണ് കേന്ദ്രഭരണ പ്രദേശത്തെ ഭരണകൂടം . ജലവൈദ്യുതി പദ്ധതികൾക്ക് സാധ്യത ഏറെയുള്ള കശ്മീരിൽ നിരവധി ജലവൈദ്യുത പദ്ധതികളും പൂർത്തിയാവുന്നു. ഇവ പ്രാവർത്തികമാകുന്നതോടെ വൈദ്യുതി ലഭ്യതയിൽ മേഖല ഏറെ മുന്നേറുമെന്നാണ് പ്രതീക്ഷ. കൂടുതൽ വ്യവസായ സാധ്യതകളും ഇതൊരുക്കുമെന്നും വിലയിരുത്തലുണ്ട്.
എന്നാൽ ഭരണകൂടത്തിന്റെ പുതിയ ഖനന നയം നിർമ്മാണ സാമഗ്രികളുടെ വില വർധിപ്പിച്ചു. മണൽ, ചരൽ, പാറ, കളിമണ്ണ്, ചുണ്ണാമ്പുകല്ല്, ജിപ്‌സം തുടങ്ങിയവ വേർതിരിച്ചെടുക്കുന്നതിനുള്ള പുതിയ നയം പ്രാദേശിക കരാറുകാരെ ബിസിനസിൽനിന്നു പിന്തിരിപ്പിച്ചു. ഇവയെല്ലാം നാട്ടുകാരല്ലാത്ത കരാറുകാർക്കു പോവുകയും വില കൂടുകയുമായിരുന്നു. വ്യാപക ഖനനം പരിസ്ഥിതിക്കു ഭീഷണിയാകുന്നെന്നും ആക്ഷേപമുണ്ട്. 2019 ഡിസംബറിൽ 400 ചെറിയ ബ്ലോക്കുകൾ ലേലം ചെയ്തതിൽ മിക്കതും നാട്ടുകാരല്ലാത്ത കരാറുകാരാണു നേടിയത്.
ലോഡ് കയറ്റുന്നിടത്തു നിന്നുള്ള ദൂരത്തെ ആശ്രയിച്ച് 5,000-6,000 രൂപയ്ക്കു വിറ്റിരുന്ന മണലിന്റെ വില 2019 ഓഗസ്റ്റ് 5ന് ശേഷം രണ്ടോ മൂന്നോ ഇരട്ടിയായി ഉയർന്നു. ഒരു 'ടിപ്പർ ലോഡ്' ഇഷ്ടികയുടെ വില 20,000ൽ നിന്ന് 30,000 രൂപയായി. മറ്റു നിർമ്മാണ വസ്തുക്കളിലും ഇതുപോലെ വിലവർധനയുണ്ട്.
രണ്ടു വർഷത്തിനിടെ, ജമ്മു-ശ്രീനഗർ ഹൈവേയിലെ ഖാസിഗണ്ട്-ബനിഹാൽ തുരങ്കത്തിന്റെ നിർമ്മാണം വേഗത്തിലായിരുന്നു. ഓഗസ്റ്റ് നാലിന് ഈ തുരങ്കം പരിശോധനകൾക്കായി ഗതാഗതത്തിന് തുറന്നു. ജമ്മു ശ്രീനഗർ പാതയിൽ യാത്രാദൈർഘ്യം 16 കിലോമീറ്ററും യാത്രാസമയം 1.5 മണിക്കൂറും കുറയ്ക്കുന്ന തുരങ്കമാണിത്. 2020-21ൽ മാത്രം വിവിധ പദ്ധതികളിലൂടെ ജമ്മു കശ്മീരിൽ പൂർത്തിയായത് 3,300 കിലോമീറ്റർ ഗ്രാമീണ റോഡാണ്.
നിരവധി വികസനപദ്ധതികൾ നടപ്പാക്കാനുള്ള നീക്കത്തിലാണെങ്കിലും അതിൽ പലതിലും കോവിഡ് മഹാമാരി കാരണമുണ്ടായ കാലതാമസത്തിലും മറ്റും വലിയ മുന്നേറ്റം പ്രകടമല്ല. ജെആൻഡ്‌കെ ബാങ്കിലെ നിയമനങ്ങളൊഴികെ തൊഴിലവസര രംഗത്തും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
വികസനത്തിനൊപ്പം യുവജനതയുടെ മനംമാറ്റവും പ്രകടമാണ്. രാജ്യത്തിനൊപ്പം മുന്നേറാനും നാടിന്റെ സുരക്ഷയും വികസനവും അവർ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ നേർസാക്ഷ്യമാണ് സൈന്യത്തിന് നേരെ കല്ലെറിഞ്ഞതിന്റെ പേരിൽ 10 മാസത്തോളം ശിക്ഷിക്കപ്പെട്ട കശ്മീർ യുവാവിന്റെ മനംമാറ്റത്തിന്റെയും പശ്ചാത്താപത്തിന്റെയും തുറന്നുപറച്ചിൽ.
സൈന്യത്തിന് നേരെ കല്ലെറിഞ്ഞതിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്തതിൽ സൈന്യത്തിന് നന്ദിപറയുകയാണിപ്പോൾ സുബൈർ എന്ന ചെറുപ്പക്കാരൻ. എങ്ങിനെയാണ് നിഷ്‌കളങ്കരായ കശ്മീരി യുവാക്കൾ അക്രമങ്ങൾ നടത്താനായി പ്രേരിപ്പിക്കപ്പെടുന്നതെന്ന് 23കാരനായ സുബൈറിന് ഇപ്പോൾ അറിയാം. '2016ൽ ഹുറിയത്ത് കശ്മീരിൽ റാലികൾ സംഘടിപ്പിക്കുന്നത് പതിവായിരുന്നു. ഞാനുൾപ്പെടെ നിരവധി ചെറുപ്പക്കാർ അന്ന് അക്രമത്തിലേക്ക് വഴിമാറി. അന്ന് നടന്ന റാലികളിൽ 90 ശതമാനം പേരും 10നും 15നും ഇടയ്ക്ക് പ്രായമുള്ള കൗമാരക്കാരാണ്. അതേ സമയം ഇതിന് പിന്നിലെ കാര്യങ്ങൾ അറിയുന്ന പ്രായമുള്ള ചെറുപ്പക്കാർ ഇത്തരം റാലികളിൽ പങ്കെടുത്തതേയില്ല,' തിരിച്ചറിവോടെ പഴയകാലങ്ങൾ അയവിറക്കി സുബൈർ പറയുന്നു.
തീരെ ചെറിയപ്രായക്കാരനായിരുന്നപ്പോഴാണ് താനും കല്ലേറിൽ പങ്കെടുത്തതെന്നും സുബൈർ പറയുന്നു. '2016ലാണ് ബുർഹാൻ വാണി മരിച്ചത്(തീവ്രവാദി സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ കമാൻഡറായിരുന്നു ബുർഹാൻ വാണി). അന്ന് ഞാൻ കൗമാരക്കാരനായിരുന്നു. സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയാൻ ആരൊക്കെയോ എന്നെ പ്രേരിപ്പിക്കുകയായിരുന്നു. ഇപ്പോൾ അത് തെറ്റാണെന്നെനിക്കറിയാം. ഇങ്ങിനെ ചെയ്താൽ ഞങ്ങൾക്ക് സ്വർഗ്ഗം കിട്ടുമെന്നും ഇതാണ് ജിഹാദെന്നും പലരും തെറ്റിദ്ധരിപ്പിച്ചു. ഇന്ത്യയിൽ നിന്നും സ്വാതന്ത്ര്യം കിട്ടുമെന്നും പാക്കിസ്ഥാനിൽ കഴിയാനാകുമെന്നും പലരും മനസ്സ് മാറ്റി,' സുബൈർ പറയുന്നു
'ഐപിഎസ് സന്ദീപ്, ഡിഎസ്‌പി മാജിദ് എന്നിവരോട് എനിക്ക് നന്ദിയുണ്ട്. ഈ രണ്ട് ഉദ്യോഗസ്ഥരാണ് ഞങ്ങളോട് സത്യം പറഞ്ഞ് തന്നത്. തന്നോടൊപ്പം ജയിലിലുണ്ടായിരുന്നവരേയും അവർ കാര്യങ്ങൾ മനസ്സിലാക്കിത്തന്നു. ഞങ്ങൾ തെറ്റായിരുന്നുവെന്ന് മനസ്സിലായി. ഇവർ രണ്ടുപേരും എന്നോട് സംസാരിച്ചില്ലായിരുന്നെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ലായിരുന്നു. ആ സമയത്ത് ഞങ്ങൾക്കിടയിലുള്ള പലരും തെറ്റ് തിരിച്ചറിഞ്ഞ് മാറി. സുബൈർ പറയുന്നു.
ന്യൂസ് ഡെസ്ക്