തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രശ്‌നം എന്താണെന്ന് ചോദിച്ചാൽ ചൂണ്ടിക്കാട്ടാൻ നിരവധി പ്രശ്‌നങ്ങളുണ്ട്. നഗരങ്ങളെ സംബന്ധിച്ചാണെങ്കിൽ പ്രധാന പ്രശ്‌നം മാലിന്യ സംസ്‌ക്കരണമാണ്. തിരുവനന്തപുരം നഗരത്തിലെ മാലിന്യ നിക്ഷേപകേന്ദ്രം അടച്ചുപൂട്ടിയ ശേഷം കാര്യങ്ങളൊന്നും നേരാംവണ്ണം ആയിട്ടില്ല. എന്നാൽ, ഹരിത സേന വഴിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ മാലിന്യം കൊണ്ട് നാറിയ അവസ്ഥക്ക് മാറ്റം വന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻശുണ്ഠിയിൽ കേരളത്തിലെ മാലിന്യ സംസ്‌ക്കരണം ഇപ്പോൾ അവതാളത്തിലായിരിക്കയാണ്.

കൊച്ചിയിലെയും കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും അടക്കം ഹരിത സേനാംഗങ്ങൾക്ക് ശമ്പളം മുടങ്ങിയതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഇതിന് കാരണമാകട്ടെ മുഖ്യമന്ത്രി ചാനൽ പരിപാടിയിൽ പറഞ്ഞ ഒരുഡയലോഗും. വീടു കയറി മാലിന്യം ശേഖരിക്കുന്നതിന് മാസം തോറും യൂസർഫീ എന്ന പേരിൽ പണം പിരിക്കാറുണ്ട് ഹരിതസേനാംഗങ്ങൾ. 20 രൂപ മുതൽ 200 രൂപ വരെ ഇങ്ങനെ മാസം പണം വാങ്ങുന്നവരുണ്ട്. ഇവരെ സംബന്ധിച്ചുള്ള ശമ്പളം ലഭിക്കുന്നതും യൂസർഫീ എന്ന നിലയിൽ വാങ്ങുന്ന പണമാണ്. എന്നാൽ, ശമ്പളമെന്ന നിലയിൽ നൽകേണ്ടത് സർക്കാറാണെങ്കിലും ഹരിതമിഷൻ പ്രവർത്തിക്കുന്നത് ഈ ഫീസിനത്തിലുള്ള വരുമാനത്തിൽ നിന്നാണ് താനും.

എന്നാൽ, ഇങ്ങനെ മാലിന്യം ശേഖരിക്കുന്നതിനായി യൂസർഫീ വാങ്ങുന്നതിനെതിരേ മുഖ്യമന്ത്രി ചാനലിൽ കയർത്തതോടെ ഹരിത മിഷന്റെ പ്രവർത്തനം മുഴുവൻ അവതാളത്തിലായിരിക്കയാണ്. വീടുകളിൽ കയറി മാലിന്യം ശേഖരിക്കുന്നവർ മുഖ്യമന്ത്രിയുടെ വാക്കുകേട്ട് പണം നൽകാത്ത അവസ്ഥ ഉണ്ടായതോടെയാണ് പ്രശ്‌നം സങ്കീർണമായത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യം ശേഖരിക്കുമ്പോൾ വീടുകളിൽനിന്നാണ് യൂസർഫീ വാങ്ങുന്നത്. എന്നാൽ, ഇങ്ങനെ യൂസർ ഫീ വാങ്ങുന്ന കാര്യത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ചാനൽ ചർച്ചയിൽ യൂസർഫീക്കെതിരെ അദ്ദേഹം സംസാരിച്ചതും.

മുഖ്യമന്ത്രിയുടെ ടോക്ക്‌ഷോയായ 'നാം മുന്നോട്ട്' എന്ന പരിപാടിയിൽ യൂസർഫീയെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ അങ്ങനെ ഒന്നില്ലെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. 'യൂസർഫീയോ. അജൈവമാലിന്യത്തിനോ? അതൊന്നും പറ്റില്ല. ആരാണ് തീരുമാനിച്ചത്?' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ പരിപാടി കണ്ട നാട്ടുകാരാകട്ടെ ഇത് അനധികൃതമായ പണപ്പിരിവാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. ഇതോടെ പലയിടത്തും പണം നല്കുന്നത് നാട്ടുകാർ നിർത്തി. യൂസർഫീ നല്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും വീഡിയോ സഹിതം മറുപടി നൽകി. ഇതിന്റെ പേരിൽ ചിലയിടത്ത് സംഘർഷം പോലും ഉടലെടുത്തു.

വെറുതെ നാട്ടുകാരുമായി തല്ലുകൂടാൻ വയ്യെന്ന കാരണം പറഞ്ഞ് പലരും ഈ പണി തന്നെ അവസാനിപ്പിച്ചു. സംസ്ഥാനത്തെ 28,172 സേനാംഗങ്ങളാണ് മുഖ്യന്ത്രിയുടെ മുൻശുണ്ഠിയിൽ ഇതോടെ ദുരിതത്തിലായത്. മുഖ്യമന്ത്രിയുടെ പരാമർശം തിരുത്തിക്കാൻ കഴിയാതെ വിയർക്കുകയാണ് ശുചിത്വമിഷൻ നേതൃത്വവും. മുഖ്യമന്ത്രിയെ എങ്ങനെ കാര്യങ്ങൾ ബോധ്യപ്പെടുത്തും എന്ന ഭയത്തിലാണ് അധികാരികൾ. വ്യക്തമായ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യൂസർഫീ ഹരിതസേന വാങ്ങിയിരുന്നത്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൽ ഇതിന് വേണ്ടി നിർദേശവും നൽകിയിരുന്നു.

പൊതുമാലിന്യ സംസ്‌കരണസംവിധാനം ഉപയോഗപ്പെടുത്തുന്നവർ ഇത് നല്കണമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശം പ്രവർത്തനത്തെയാകെ ബാധിച്ചു. മുഖ്യമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരുത്തിക്കാൻ ആരും തയ്യാറാകുന്നുമില്ല. വെറുതേ അദ്ദേഹത്തിന്റെ അനിഷ്ടം വാങ്ങിവെക്കേണ്ട കാര്യമില്ലല്ലോ എന്നാണ് പലരും ചോദിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടിൽനിന്ന് ഹരിതസേനാംഗങ്ങൾക്ക് ശമ്പളം നല്കാൻ ഉത്തരവൊന്നുമില്ല. വേറെ ഏതെങ്കിലും ഫണ്ടിൽനിന്നും നല്കാനാവില്ല.

തികച്ചും നിർധനരായവരിൽ നിന്നും യൂസർ ഫീ വാങ്ങാൻ പറ്റാതെ വരും. ഇങ്ങനെ പണം തികയാത്ത സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ ലാഭക്ഷമതാ സഹായനിധി (വയബിലിറ്റി ഗ്യാപ് ഫണ്ട്) ഉണ്ടാക്കാൻ ഉത്തരവ് തയ്യാറാക്കിയിട്ടുണ്ട്. അതു പുറത്തിറങ്ങിയിരുന്നെങ്കിൽ കുറച്ചെങ്കിലും ശമ്പളം നല്കാമായിരുന്നു. പക്ഷെ, മന്ത്രി കെ.ടി. ജലീൽ ഒപ്പിട്ട ഈ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ മാസങ്ങളായി ചുവപ്പുനാടയിലുമാണ്. എന്തായാലും മുഖ്യമന്ത്രിയുടെ മുൻശുണ്ഠി കാരണം ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ പലയിടത്തും മാലിന്യനീക്കം നിലച്ച മട്ടിലാണ്.

ഈ വിഷയത്തിൽ യൂസർ ഫീ വാങ്ങുന്ന തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുള്ളതാണെന്ന് ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ
ഡോ. ആർ. അജയകുമാർ വർമ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച പുതിയ ഉത്തരവും തയ്യാറായിക്കഴിഞ്ഞു. അതും മുഖ്യമന്ത്രി അറിയാതെയാവില്ല. പരിപാടിയിലെ പരാമർശം എങ്ങനെയുണ്ടായി എന്നറിയില്ലെന്നം അദ്ദേഹം പറയുന്നു.

ഹരിസമിഷന്റെ പ്രവർത്തനം മൂലം സംസ്ഥാനത്തെ മാലിന്യപ്രശ്‌നം ഏതാണ്ട് പരിഹാരമായ നിലയിലായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എല്ലാത്തരത്തിലും തിരിച്ചടിയായി മാറിയത്. പണം ലഭിക്കാതെ ആരും മാലിന്യം എടുക്കാനും തയ്യാറല്ല. വിദേശ രാജ്യങ്ങളിൽ പോലും മാലിന്യം എടുക്കുന്നതിന് ഫീസ് നിർബന്ധമാണ്. ഇത് പ്രാദേശിക നികുതിയായി കണക്കാക്കിയാണ് അവിടെ കാര്യങ്ങൾ നീക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് മാലിന്യം നീക്കേണ്ട ചുമതല. അവർക്ക് ഫണ്ടുകളുടെ അപര്യാപ്തക കൊണ്ടാണ് യൂസർഫീ ഏർപ്പെടുത്തിയത്.

എന്തായാലും മുഖ്യമന്ത്രി തുടങ്ങിവെച്ച വിവാദം കേരളത്തെ മാലിന്യക്കൂമ്പാരമാക്കുമെന്ന കടുത്ത ആശങ്കയിലാണ്. തോമസ് ഐസക്കാണ് മാലിന്യവിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തി ഒരു ദിശാബോധം കൊണ്ടുവന്നത്. അതുകൊണ്ട് തന്നെ ധനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരമാണോ ഈ പ്രസ്താവനക്ക് പിന്നിലെന്ന സംശയവു ചില കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.