തിരുവനന്തപുരം: വിവാഹ വേഷത്തിൽ വധുവിനൊപ്പം വരന്റെ പേക്കൂത്ത്. ആപ്പെ ഓട്ടോറിക്ഷയിൽ വിവാഹം കഴിഞ്ഞ് വധുവിന്റെ ഒപ്പം നിന്ന് തുണിയുരിഞ്ഞ് നഗ്‌നത പ്രദർശിപ്പിച്ചാണ് വരൻ റോഡിലൂടെ ആപ്പെ വാഹനത്തിൽ സവാരി നടത്തിയത്. വിവാഹം ആഘോഷമാക്കാൻ ഏതറ്റം വരെ പോകാനും യുവാക്കൾ റെഡിയാണ്. ചെറിയ തമാശകളുമായി സുഹൃത്തുക്കൾ കൂടി ചേരുന്നതോടെ ആഘോഷം കൊഴുക്കും. എന്നാൽ കല്യാണം കഴിഞ്ഞ വീട്ടിലേക്ക് പോകുന്ന വഴി കൂട്ടുകാർ തയാറാക്കിയ പെട്ടിഓട്ടോയിൽ നിന്നുകൊണ്ടാണ് വസ്ത്രം ഊരി വരൻ ആടിത്തിമിർത്തത്. ഇത് കണ്ട് വധുവും കൂട്ടുകാരും ഞെട്ടി. കെട്ടിയവന്റെ ഡാൻസ് കണ്ട് ഭാര്യ മുഖം പൊത്തി.

സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ച് ഒപ്പം ഉണ്ടായിരുന്നു. പോത്തൻകോട് ടൗണിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പോത്തൻ കോട് പഞ്ചായത്തിന് എതിർവശം താമസിക്കുന്ന നാട്ടുകാർ കണ്ണനെന്ന് വിളിക്കുന്ന യുവാവിന്റെ വിവാഹത്തിന് ശേഷമായിരുന്നു നാട്ടുകാരെയും വഴിയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി വാഹനയാത്ര നടത്തിയത്. ആപ്പെ ഓട്ടോറിക്ഷയിൽ പച്ചിലകളും മറ്റും കെട്ടി അതിൽ വരനും വധുവും തൊട്ടു പുറകെ സുഹൃത്തുക്കളും. വാഹനത്തിൽ ഉച്ചത്തിൽ പാട്ടും വഴിനീളെ സുഹൃത്തുക്കളുടെ പടക്കം പൊട്ടിക്കലും.

പോത്തൻകോട് ടൗണിൽ നിന്നും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ആഭാസ യാത്ര. പഞ്ചായത്ത് ഓഫീസിന് മുൻവശം വരെ വാഹന യാത്രക്കാരെയും നാട്ടുകാരെയും ബുദ്ധിമുട്ടിക്കുന്ന തരത്തിലായിരുന്നു പ്രകടനം. വാഹനത്തിൽ യുവതി നിൽക്കുന്നതൊന്നും വകവയ്ക്കാതെ നൃത്തം ചെയത് തകർക്കുകയായിരുന്നു വരൻ. സുഹൃത്തുക്കളുടെ പ്രോൽസാഹനം കൂടികൂടി വന്നതോടെ വരൻ ധരിച്ചിരുന്ന ഷർട്ടും മുണ്ടും അഴിച്ച് കൈയിലെടുത്തായി നൃത്തം.

ഇതിനിടയിൽ സുഹൃത്തുക്കളിൽ ഒരാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു ടാ മഹീ.. മുണ്ടുടക്കടാ എന്ന്. എന്നാൽ അതൊന്നും വകവയ്ക്കാതെ വരൻ മുണ്ടുരിഞ്ഞ് നൃത്തം തുടരുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം നാട്ടുകാരെ ബുദ്ധിമുട്ടിച്ചുള്ള ആഘോഷ യാത്രയായിരുന്നു. നാട്ടുകാരിൽ ചിലർ തടയാൻ ശ്രമിച്ചെങ്കിലും സംഘം വിരട്ടി ഓടിക്കുകയായിരുന്നു. പഞ്ചാത്ത് ഓഫീസിന് മുൻ വശം എത്തിയപ്പോഴേക്കു പടക്കം തുരുതുരാ പൊട്ടിച്ച് വാഹന തടസമുണ്ടാക്കി. അതിന് ശേഷമാണ് വരന്റെ വീട്ടിലേക്ക് പ്രവേശിച്ചത്.

വീട്ടിലെത്തിയ ശേഷവും ആഘോഷങ്ങൾ കുറച്ചില്ല. പിന്നെ അയൽവാസികൾക്കായി തലവേദന. പാതി രാത്രി വരെ മദ്യപാനവും പടക്കം പൊട്ടിക്കലും തുടർന്നു. സഹികെട്ട് നാട്ടുകാർ പോത്തൻകോട് പൊലീസിൽ വിവരമറിയിച്ചപ്പോൾ പൊലീസെത്തിയാണ് ഒടുവിൽ ആഘോഷങ്ങൾ അവസാനിപ്പിച്ചത്. അതേ സമയം പോത്തൻകോട് പൊലീസ് ഇതുവരെയും സംഭവത്തിൽ കേസെടുത്തിട്ടില്ല. നാട്ടുകാരെല്ലാം ഇതിനെതിരായി രംഗത്ത് വന്നിട്ടുണ്ട്. പലർക്കു പരാതിയുമായി മുന്നോട്ട് വരാൻ ഭയമാണ്. കാരണം വരൻ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ഒരു ക്രിമിനലാണ്. എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ് ഇയാൾ. കൂടാതെ കഞ്ചാവ് കേസുകളിലും പ്രതിയാണെന്ന് നാട്ടുകാർ പറയുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്നവരൊക്കെ ക്രിമിൽ പശ്ചാത്തലമുള്ളവരാണെന്നും നാട്ടുകാർ പറഞ്ഞു.

അതേ സമയം അതീവ സുരക്ഷാ മേഖലയായ പെട്രോൾ പമ്പിന് സമീപത്തും ഇവർ പടക്കം പൊട്ടിച്ചു. പോത്തൻകോട് കമലാ പെട്രോൾ പമ്പിന് മുൻവശത്താണ് അപകടകരമായ രീതിയിൽ പടക്കം പൊട്ടിച്ചത്. ഇത് ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യ വർഷമായിരുന്നു സംഘാംഗങ്ങൾ നടത്തിയത്. പൊലീസ് സ്റ്റേഷനിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇങ്ങനെയൊരു സംഭവം നടന്നതായി ശ്രദ്ധയിൽ പെട്ടില്ല എന്നാണ് സിഐ അറിയിച്ചത്. അതേ സമയം സംഭവത്തെ പറ്റി അന്വേഷിക്കാമെന്നും അങ്ങനെ സംഭവമുണ്ടായിട്ടുണ്ടെങ്കിൽ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പൊതു സ്ഥലത്ത് നഗ്‌നത പ്രദർശിപ്പിച്ചതിനും പൊതു വഴിയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിച്ചതിനും വരനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

സംഭവം പുറം ലോകമറിയുന്നത് സുഹൃത്തുക്കളിലൊരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്നാണ്. സ്വന്തം കല്യാണത്തിന് നടുറോഡിൽ തുണിഅഴിച്ച് ആഘോഷിക്കുന്ന ഒരു മണവാളന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്തായാലും ഇത്രയും വലിയ സന്തോഷ പ്രകടനം ഇതിന് മുൻപ് കണ്ടിട്ടില്ലെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം പേരും പറയുന്നത്. വീഡിയോയ്ക്ക് എതിരേ വിമർശനവും ഉയരുന്നുണ്ട്. പൊതുസ്ഥലത്ത് തുണി അഴിച്ച് ഡാൻസ്‌കളിച്ചതിന് നടപടിയെടുക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ മണവാളനെ പിന്തുണയ്ക്കുന്നവരും കുറവല്ല.