അഹമ്മദാബാദ്: ഡൽഹിക്കു പുറമേ പഞ്ചാബിലും വൻ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചതിനു പിന്നാലെ, ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും ഗുജറാത്തിലും കോൺഗ്രസിനെ ഉന്നമിട്ട് ആം ആദ്മി പാർട്ടി. സംസ്ഥാനങ്ങളിൽ അടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലേക്ക് പാർട്ടി കടക്കുന്നെന്നാണ് റിപ്പോർട്ട്. അടുത്തവർഷമാണ് രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്തി അധികാരം പിടിച്ച ആം ആദ്മി, രാജസ്ഥാനിലും ചരിത്രം ആവർത്തിക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

അതേ സമയം ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമായി ഇടഞ്ഞു നിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവും ആരോഗ്യ മന്ത്രിയുമായ ടി.എസ്.സിങ് ദേവുമായി ആം ആദ്മി ആശയവിനിമയം നടത്തി. ആം ആദ്മി നേതാക്കൾ തന്നെ ബന്ധപ്പെട്ടുവെന്നും എന്നാൽ കോൺഗ്രസ് വിടില്ലെന്നും സിങ് ദേവ് വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്ത വർഷം അവസാനമാണു നിയമസഭാ തിരഞ്ഞെടുപ്പ്. പഞ്ചാബും കൈവിട്ടതോടെ ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും മാത്രമാണു നിലവിൽ കോൺഗ്രസ് ഭരണത്തിലുള്ളത്. സംസ്ഥാനത്തെ കരുത്തുറ്റ നേതാവായ സിങ് ദേവിനെ സ്വന്തം പാളയത്തിലെത്തിക്കാൻ ആം ആദ്മി നീക്കം നടത്തുന്നതിന്റെ സൂചനകൾ കോൺഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

ബാഗലിനെ നീക്കി പകരം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഏതാനും നാളുകളായി സിങ് ദേവ് പാർട്ടിക്കുള്ളിൽ ഉന്നയിക്കുന്നുണ്ട്. 2018ൽ സംസ്ഥാനത്ത് അധികാരം പിടിച്ചപ്പോൾ ബാഗലിനും തനിക്കുമിടയിൽ മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കിടാമെന്ന ഉറപ്പ് ഹൈക്കമാൻഡ് നൽകിയിരുന്നുവെന്നും അതു പാലിക്കപ്പെടണമെന്നുമാണ് സിങ് ദേവിന്റെ ആവശ്യം. എന്നാൽ, ഉറപ്പുകളൊന്നും നൽകിയിട്ടില്ലെന്നാണു ഹൈക്കമാൻഡ് നിലപാട്. കോൺഗ്രസ് നേതൃത്വത്തോട് വിയോജിപ്പ് വ്യക്തമാക്കിയ സിങ് ദേവിനെ പാളയത്തിൽ എത്തിച്ച് ശക്തമായ ഒരു നിരയെ തിരഞ്ഞെടുപ്പിന് മുമ്പ് ഒരുക്കാനാണ് ആം ആദ്മിയുടെ ലക്ഷ്യം.

അതേ സമയം പഞ്ചാബിൽ ചെയ്തതുപോലെ രാജസ്ഥാനിലും വിശ്വസനീയമായ ഒരു ബദൽ നൽകാൻ ആം ആദ്മി പാർട്ടിക്ക് കഴിയും. രാജസ്ഥാനിലെ പ്രശ്‌നങ്ങൾ പഞ്ചാബിലേതിന് സമാനമാണെന്ന് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ദേവേന്ദ്ര ശാസ്ത്രി ഇംഗ്ലീഷ് വാർത്താ ചാനലായ ഇന്ത്യാ ടുഡേയോട് നേരത്തെ വ്യക്തമാക്കിയിരുന്നു. വൈദ്യുതി നിരക്ക് വർധനയാണ് സംസ്ഥാനത്തെ വലയ്ക്കുന്ന പ്രധാന പ്രശ്‌നമെന്നും ഡൽഹിയിലെയും പഞ്ചാബിലെയും വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങൾക്ക് ആം ആദ്മി പാർട്ടി പരിഹാരം നൽകി. രാജസ്ഥാനിലും അത് ചെയ്യാൻ കഴിയുമെന്നും ദേവേന്ദ്ര ശാസ്ത്രി കൂട്ടിച്ചേർത്തു.

പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ ജനങ്ങൾക്ക് മികച്ച ഒരു ബദൽ നൽകാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി. സംസ്ഥാനത്ത് പാർട്ടിയിലേക്ക് കൂടുതൽ അംഗങ്ങളെ ചേർക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. രാജസ്ഥാനിലെ എല്ലാ അസംബ്ലി സീറ്റുകളിലും മത്സരിക്കുമോ എന്നത് സമയബന്ധിതമായി തീരുമാനിക്കും. രാജസ്ഥാൻ ഘടകത്തിന്റെ ചുമതലയുള്ള സഞ്ജയ് സിങ്ങ് സംസ്ഥാനം സന്ദർശിക്കുകയും ഇക്കാര്യം തീരുമാനിക്കുകയും ചെയ്യുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

2018ലെ രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 200 നിയമസഭ സീറ്റുകളിൽ 140 ഇടത്ത് ആം ആദ്മി പാർട്ടി മത്സരിച്ചിരുന്നു. എന്നാൽ ഒരിടത്ത് പോലും വിജയിക്കാൻ കഴിഞ്ഞില്ല. എന്നാൽ പഞ്ചാബിൽ കോൺഗ്രസിനെ വീഴ്‌ത്തി അധികാരം പിടിച്ച സാഹചര്യത്തിൽ രാജസ്ഥാനിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന കണക്കുകൂട്ടലാണ് നേതൃത്വത്തിനുള്ളത്.

സമാനമായ തന്ത്രം ഗുജറാത്തിലും പരീക്ഷിക്കാനാണ് ആം ആദ്മി പാർട്ടി ലക്ഷ്യമിടുന്നത്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ ഗുജറാത്തിനെ സേവിക്കാൻ ആംആദ്മി പാർട്ടിക്ക് അവസരം നൽകണമെന്ന് അഭ്യർത്ഥിച്ച് അഹമ്മദാബാദിൽ പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ വമ്പൻ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. ഗുജറാത്തികളുടെ വിജയം ഉറപ്പാക്കാനാണ് താൻ ഗുജറാത്തിലേക്ക് എത്തിയിരിക്കുന്നതെന്ന് പ്രഖ്യാപിച്ചാണ് കേജ്‌രിവാൾ റോഡ് ഷോ നയിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും റോഡ് ഷോയിൽ പങ്കെടുത്തിരുന്നു.

കോൺഗ്രസിന് മുൻതൂക്കമുള്ള മേഖലകളിൽ ചുവടുറപ്പിച്ച് സംസ്ഥാനങ്ങളിൽ അധികാരം പിടിക്കുക എന്നതാണ് ആംആദ്മി പാർട്ടി നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിൽ ശക്തമായ ബദൽ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് നേതൃത്വം ഉന്നം വയ്ക്കുന്നത്. പാർട്ടികളിൽ നിന്നും മികച്ച നേതാക്കളെ അടർത്തിയെടുത്ത് സംസ്ഥാനങ്ങളിൽ വേരോട്ടം വർദ്ധിപ്പിക്കാനാണ് നീക്കം. പഞ്ചാബിൽ വർഷങ്ങൾ നീണ്ട പ്രവർത്തനത്തിനിലൂടെ അധികാരത്തിൽ എത്താനായതിന്റെ ആത്മവിശ്വാസമാണ് രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും 'കോൺഗ്രസ് മുക്ത ഭാരതം' എന്ന ബിജെപി നിലപാട് ഏറ്റെടുക്കാൻ ആം ആദ്മി പാർട്ടിയെ പ്രേരിപ്പിക്കുന്നത്.