കൊല്ലം: പരവൂരിലെ പുറ്റിങ്ങലിലെ ദുരന്തം യഥാർത്ഥത്തിൽ പൊലീസിന്റെ അനാസ്ഥയുടെ ഫലമാണ്. രാഷ്ട്രീയ സമ്മർദ്ദത്തിൽ വെടിക്കെട്ട് നിരോധന ഉത്തരവ് പോലും പൊലീസ് കണ്ടില്ലെന്ന് നടിച്ചു. ഇതിനൊപ്പം സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയില്ല. ഇതോടെ ദുരന്തം വെടിക്കെട്ടിന്റെ രൂപത്തിലെത്തി. സംഭവത്തിൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ ക്ഷേത്രഭാരവാഹികൾക്കും വെടിക്കെട്ട് കരാറുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. രണ്ട് കരാറുകാരായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ കുറ്റകരമായ അനാസ്ഥ കാട്ടിയ പൊലീസിനെതിരെ മാത്രം ഒരു നടപടിയുമില്ല.

രണ്ട് കരാറുകാരുടെ പേരിൽ മത്സരകമ്പക്കെട്ടാണ് ഉത്സവത്തോടനുബന്ധിച്ച് നടക്കുന്നതെന്ന് ഉത്സവത്തിന്റെ നോട്ടീസിൽ അടക്കം പ്രസിദ്ധീകരിച്ചിരിരുന്നു. എന്നാൽ കലക്ടറുടെ അനുമതി ഇല്ലാതെ വന്നതോടെ മത്സര കമ്പം വേണ്ടെന്ന് വച്ചു. അപ്പോഴും കമ്പം നടത്തിയേ മതിയാകൂവെന്ന് ക്ഷേത്രാധികാരികൾ നിലപാട് എടുത്തു. അയൽവാസികളോടുള്ള എതിർപ്പായിരുന്നു ഇതിന് കാരണം. നേരത്തെ കമ്പത്തിന് അനുമതി നൽകണമെന്ന് അപേക്ഷ ജില്ലാ കളക്ടർ തള്ളുകയായിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള പങ്കജം വീട്ടിലെ പ്രകാശൻ എന്നയാൾ നേരത്തേ വെടിക്കെട്ടിനെതിരെ ജില്ലാ 'ഭരണകൂടത്തിന് പരാതി നൽകിയിരുന്നു. വെടിക്കെട്ട് നടത്തുമ്പോൾ സമീപത്തെ വീടുകളുടേയും മറ്റും സുരക്ഷ ഉന്നയിച്ച് രണ്ടു വർഷം മുമ്പായിരുന്നു പരാതി നൽകിയത്. സംഭവ സ്ഥലത്തിന് സമീപമുള്ള ഇയാളുടെ വീടിന്റെ ജനൽച്ചില്ലുകൾ സ്‌ഫോടനത്തിൽ തകർന്നിരുന്നു.

സുരക്ഷാ കാരണങ്ങളാലാണ് ഇത്തവണ കളക്ടർ അനുമതി നിഷേധിച്ചത്. 2016 ഏപ്രിൽ 9 ന് പുറ്റിങ്ങൾ ദേവസ്വം മാനേജ്‌മെന്റ് കമ്മറ്റി മത്സര കമ്പത്തിന് സമർപ്പിച്ച അപേക്ഷ തള്ളിയിരുന്നു. കളക്റ്റ്രേറ്റിൽ കൂടിയ ഓഫീസർമാരുടെ യോഗത്തിന് പിന്നാലെ വെടിക്കെട്ടല്ല മത്സരകമ്പം നടത്താനാണ് ക്ഷേത്രം 'ഭാരവാഹികൾ ഉദ്ദേശിച്ചിരിക്കുന്നതെന്നും ആയതിനാൽ അനുമതി നൽകില്ലെന്നും കാട്ടി ഉത്തരവിറക്കുകയും ചെയ്തു. ഇതിന് പുറമേ കമ്പക്കെട്ട് നടക്കുന്ന സ്ഥലത്തെ വീടുകൾക്ക് പ്രഹരശേഷി എത്തുമോ ഇല്ലയോ എന്ന കാര്യം അന്വേഷിക്കാനും കളക്റ്റ്രേറ്റിൽ നിന്നും നിർദ്ദേശിച്ചിരുന്നു. വെടിക്കെട്ടിന് വേണ്ടിയുള്ള രാഷ്ട്രീയ സമ്മർദ്ദം കൂടിയതോടെ രണ്ടു പേജുള്ള മറ്റൊരു ഉത്തരവ് കൂടി ഇറക്കി. അനുമതി ഇല്ലാതെ പരിപാടി നടത്തിയാൽ നടപടിക്ക് ശുപാർശ ചെയ്തുകാുെള്ള ഉത്തരവായിരുന്നു പുറത്തിറക്കിയത്.

ഇതെല്ലാം പൊലീസും അറിഞ്ഞിരുന്നു. ഉൽസവ സ്ഥലത്ത് പൊലീസിനെ വിന്യസിച്ച എസ്‌പി അടക്കമുള്ളവർ എന്നാൽ വെടിക്കെട്ട് തടയാൻ ഇടപെട്ടതുമില്ല. നിരോധന ഉത്തരവുള്ളതിനാൽ കമ്പം തടയേണ്ടത് പൊലീസുകാരുടെ ഉത്തവാദിത്തമായിരുന്നു. കമ്പം നിരോധിക്കാതിരിക്കാൻ കളക്ടറെ സ്വാധീനിക്കാൻ വലിയ ശ്രമം നടന്നിരുന്നു. തെരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയക്കാർ എല്ലാം ഇതിനായി രംഗത്ത് വന്നു. കളക്ടർ വഴങ്ങില്ലെന്ന് കണ്ടപ്പോൾ പൊലീസുമായി ഇവർ രഹസ്യധാരണയിൽ എത്തി. വെടിക്കെട്ട് തടയാതിരിക്കാനായിരുന്നു ഇത്. മുകളിൽ നിന്ന് വിളിയെത്തിയതോടെ കണ്ണടയ്ക്കാൻ പൊലീസ് തീരുമാനിച്ചു. ഇതുകൊണ്ട് കൂടിയാണ് കളക്ടറുടെ നിരോധന ഉത്തരവ് പാഴ് വാക്കായത്. ആചാരപരമായ വെടിക്കെട്ടിനപ്പുറത്തേക്ക് കാര്യങ്ങളെത്തിച്ചത് പൊലീസിന്റെ ഒത്തുകളിയാണ്.

സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷിയായ അരുൺ ലാൽ വിശദീകരിക്കുന്നത് ഇങ്ങനെ - ഞാന് അവിടെ ഉണ്ടായിരുന്നു. ചൈനീസ് ഫാൻസി വെടിക്കെട്ട് മാത്രമാണ് നടന്നത്... അതിന്റെ കൂടെ കുറെ ഓലപടക്കവും ഗുണ്ടുകളും... അത്രെയേ ഉള്ളു.... പക്ഷെ കമ്പപുരക്കു തീ പിടിച്ചപ്പോലുണ്ടായ സ്‌ഫോടനാമാണ് ദുരന്തതിനു കാരണം.... ഇവിടെ പ്രശ്‌നം സുരക്ഷ മാത്രമായിരുന്നു.....കമ്പപുര വെടിക്കെട്ട് നടക്കുന്നതിന്റെ തൊട്ടടുത്തായിരുന്നു... വെടിക്കെട്ട് തുടങ്ങുമ്പോൾ ഞാന് ആദ്യം നിന്നിരുന്നത് ഈ ദുരന്തം നടന്ന സ്ഥലത്തായിരുന്നു. അവിടെ ആ സമയം ആയിരക്കണക്കിന് ആളുകള് ഉണ്ടായിരുന്നു..പക്ഷെ തൊട്ടടുത്തുള്ള കോണ്ക്രീറ്റു കെട്ടിടം, കമ്പപുരയാണെന്ന് മനസിലായപ്പോൾ ഞാന് അവിടെ നിന്നും വളരെ ദൂരെയുള്ള സ്ഥലത്തേയ്ക്ക് മാറി നില്ക്കുകയായിരുന്നു..അതുകൊണ്ടാണ് ഞാൻ രക്ഷപെട്ടത്.. കമ്പപുരയ്ക്ക് സമീപം ആളുകളെ നില്ക്കാന് അനുവദിച്ച പൊലീസ് തന്നെയാണ് ഈ ദുരന്തതിനു ഉത്തരവാദികൾ.

അതായത് കമ്പപ്പുരയ്ക്ക് അടുത്തേക്ക് ജനങ്ങൾ നീങ്ങുന്നതും ആരും തടഞ്ഞില്ല. വെടിക്കെട്ട് കാണാനായി ആളുകൾ കമ്പപ്പുരയ്ക്ക് അടുത്തേക്ക് പോയി. മതിയായ പൊലീസ് ഉണ്ടായിരുന്നുവെങ്കിൽ ഇത് തടയാമായിരുന്നു. ക്ഷേത്രാധികാരികളുമായി രഹസ്യ ധാരണയുണ്ടാക്കി കളക്ടറുടെ ഉത്തരവ് കണ്ടെല്ലെന്ന് നടിച്ച പൊലീസ് ഇവിടേയും നിരുത്തവാദപരമായ സമീപനം പുലർത്തി. ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിൽ അധികാരികൾ കണ്ണടച്ചപ്പോൾ എത്തിയത് വലിയ ദുരന്തമാണ്. പൊട്ടതെ തെറിച്ച അമിട്ടിലെ തീപ്പൊരി കമ്പപ്പുരയെ കത്തിച്ചപ്പോൾ ചുറ്റും നിന്ന എല്ലാവരും ദുരന്തത്തിൽ കത്തിയമർന്നു. ദേവസം കെട്ടിടം തകർന്ന് വീണത് ദുരന്ത വ്യാപ്തി ഇരട്ടിച്ചു. അതുകൊണ്ട് തന്നെ എല്ലാത്തിനും ഒതാതശ ചെയ്ത പൊലീസാണ് സംഭവത്തിൽ ഒന്നാം പ്രതി.

നിരോധന ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ബാധ്യത കളക്ടർക്കുമുണ്ടായിരുന്നു. അത് അവരും നിർവ്വഹിച്ചില്ല. ഒന്നും സംഭവിക്കില്ലെന്ന മുൻവിധിയായിരുന്നു ഇതിനും കാരണം. വെടിക്കെട്ട് നടത്തിയാൽ നടപടിയെടുക്കാനായിരുന്നു കളക്ടറുടെ തീരുമാനം. ദുരന്തമൊഴിവാക്കാൻ അത് തടയുന്നതിനെ കുറിച്ച് ചിന്തിച്ചതുമില്ല.