കണ്ണൂർ: കണ്ണൂർ സർവ്വകലാശാല നിയമ പോരാട്ടത്തിന് വന്നാൽ വെട്ടിലാകുക അഡ്വക്കേറ്റ് ജനറൽ. അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം നേടിയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗ്ഗീസിനെ അസോഷിയേറ്റ് പ്രഫസറായി നിയമിച്ചതെന്നാണ് കണ്ണൂർ സർവ്വകലാശാല നൽകുന്ന വിശദീകരണം. ഈ നിയമന നടപടിയിലെ സ്റ്റേ ഉത്തരവിനെതിരെ കണ്ണൂർ സർവ്വകലാശാല നിയമ പോരാട്ടത്തിന് പോയാൽ അഡ്വക്കേറ്റ് ജനറൽ എവിടെ നിൽക്കുമെന്നതാണ് നിർണ്ണായകം. ഗവർണ്ണറാണ് സംസ്ഥാനത്തിലെ കാര്യനിർവ്വഹണ തലവൻ. സാങ്കേതികമായി കേരളത്തിലെ ഒന്നാമൻ. എന്നാൽ മന്ത്രിസഭയുടെ തീരുമാനങ്ങൾ അംഗീകരിക്കുന്ന ചുമതല മാത്രമാണ് സാധാരണ ഗവർണ്ണർമാർ നിർവ്വഹിക്കാറുള്ളത്. സർവ്വകലാശാലകളിലെ കാര്യം വരുമ്പോൾ ചാൻസലറായ ഗവർണ്ണർക്ക് സ്വന്തം നിലയിൽ തീരുമാനം എടുക്കാം.

അത് വിവാദമായി നിയമ നടപടികളിലേക്ക് പോയാൽ സ്വാഭാവികമായും കോടതിയിൽ ഹാജരാകേണ്ടത് അഡ്വക്കേറ്റ് ജനറലാണ്. എന്നാൽ പ്രിയാ വർഗ്ഗീസിന്റെ നിയമന നടപടികളിൽ കണ്ണൂർ സർവ്വകലാശാല എജിയേയും കൂട്ടു പിടിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. താൻ നിയമിച്ച സ്‌ക്രീനിങ് കമ്മിറ്റിയാണു പ്രിയ വർഗീസ് യോഗ്യയാണെന്നു കണ്ടെത്തിയതെന്ന് ഗവർണർക്കു നൽകിയ കത്തിൽ കണ്ണൂർ വിസി വിശദീകരിച്ചിരുന്നു. 10 പേർ അപേക്ഷിച്ചതിൽ യോഗ്യതയുള്ള 6 പേരെ ഓൺലൈൻ ഇന്റർവ്യൂവിനു വിളിച്ചു. ഇന്റർവ്യൂ ബോർഡിലെ 8 പേരും കൂടുതൽ മാർക്ക് നൽകിയതു പ്രിയയ്ക്കാണ്. പ്രിയയ്ക്ക് നിർദിഷ്ട കാലം അദ്ധ്യാപനപരിചയം ഇല്ലെന്നു പരാതി വന്നപ്പോൾ അവർ സർവീസിൽ ഇരിക്കെ ഗവേഷണത്തിനു പോയ കാലം അദ്ധ്യാപന പരിചയത്തിനായി കണക്കാക്കാമോയെന്നു യുജിസിയോട് ആരാഞ്ഞു. യുജിസി ഇതുവരെ മറുപടി നൽകിയിട്ടില്ല.

പ്രിയ 2 വർഷം സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടറായി സർവകലാശാലയിൽ ജോലി ചെയ്തിട്ടുണ്ട്. ഇത് അദ്ധ്യാപന പരിചയമായി പരിഗണിക്കാമോയെന്നു സർവകലാശാലാ നിയമ ഉപദേഷ്ടാവിനോടും അഡ്വക്കറ്റ് ജനറലിനോടും ആരാഞ്ഞു. ഇതും ഗവേഷണ കാലവും അദ്ധ്യാപന പരിചയമായി കണക്കാക്കാമെന്നായിരുന്നു നിയമോപദേശം. അതോടെ പ്രിയയ്ക്ക് 8 വർഷത്തിലേറെ അദ്ധ്യാപന പരിചയമാകും. അതിന്റെ അടിസ്ഥാനത്തിലാണു റാങ്ക് പട്ടിക അംഗീകരിച്ചതെന്നും നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്നും വിസി വാദിച്ചിരുന്നു. അതായത് അഡ്വക്കേറ്റ് ജനറൽ പ്രിയാ വർഗ്ഗീസിന്റെ നിയമനത്തിന് അനുകൂലമായിരുന്നു. ഈ സാഹചര്യത്തിൽ ഗവർണ്ണറുടെ നിയമന ഉത്തരവ് സ്റ്റേക്കെതിരെ സർവ്വകലാശാല കേസിന് പോയാൽ ആരാകും രാജ് ഭവന് വേണ്ടി ഹാജരാകുക എന്നതാണ് ഉയരുന്ന ചോദ്യം.

ഓരോ സംസ്ഥാനത്തിലെയും ഗവർണറുടെ നിയമോപദേഷ്ടാവാണ് അഡ്വക്കേറ്റ് ജനറൽ. ഗവർണർ നിശ്ചയിക്കുന്ന ശമ്പളത്തിൽ, അദ്ദേഹത്തിന് വിശ്വാസമുള്ളിടത്തോളം കാലം, ഒരാൾക്ക് ഈ ഉദ്യോഗം വഹിക്കാവുന്നതാണ്. അഡ്വക്കേറ്റ് ജനറലിന്റെ ഔദ്യോഗികകാലാവധിക്ക് പ്രായവും പരിധിയും നിശ്ചയിച്ചിട്ടില്ല. ഒരു മന്ത്രിസഭയുടെ ആരംഭത്തിൽ നിയമിക്കപ്പെടുന്ന അഡ്വക്കേറ്റ് ജനറൽ ആ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതുവരെ പ്രസ്തുത പദവിയിൽ തുടരുകയാണ് പതിവ്. ഗവർണറുടെ വിശ്വാസമെന്നു പറയുന്നത് അതതുകാലത്ത് അധികാരത്തിൽ വരുന്ന ഗവൺമെന്റിന്റെ വിശ്വാസമാണെന്നതാണ് വസ്തുത. പക്ഷേ സാങ്കേതികമായി ഗവർണ്ണറോട് എറെ ഭരണഘടനാ പരമായ ഉത്തരവാദിത്തം അഡ്വക്കേറ്റ് ജനറലിനുണ്ട്.

ഹൈക്കോടതി ആവശ്യപ്പെടുകയാണെങ്കിൽ വളരെ പ്രാധാന്യമുള്ള കേസുകളിൽ ഹൈക്കോടതിയെ സഹായിക്കുക, സംസ്ഥാന ഗവൺമെന്റ് കക്ഷിയായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വരുന്ന കേസുകളിൽ ഹാജരായി യഥാവിധി നടത്തുക, ഗവർണർ ആവശ്യപ്പെടുന്ന പക്ഷം അദ്ദേഹത്തിന് നിയമോപദേശം നൽകുക എന്നിവയാണ് അഡ്വക്കേറ്റ് ജനറലിന്റെ പ്രധാന ഉത്തരവാദിത്തങ്ങൾ.

മുമ്പും സമാന ചർച്ചാ സാഹചര്യം ഉണ്ടായിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലർ പുനർനിയമനക്കേസിൽ ചാൻസലറായ ഗവർണർക്കായി അഡ്വക്കേറ്റ് ജനറൽ (എജി) കെ. ഗോപാലകൃഷ്ണകുറുപ്പ് ഹൈക്കോടതിയിൽ ഹാജരാകില്ലെന്നായിരുന്നു റിപ്പോർട്ട്. അന്ന് ഗവർണർക്കുവേണ്ടി ഹാജരാകാൻ രാജ്ഭവൻ എജിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതേ കേസിൽ സർക്കാരിന് നിയമോപദേശം നൽകുകയും ഹാജരാകുകയും ചെയ്യുന്ന എജി ഗവർണർക്കുവേണ്ടിയും ഹാജരാകുന്നതിലെ വൈരുധ്യം ചർച്ചയായിരുന്നു.

കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിൽ തെറ്റില്ലെന്ന നിയമോപദേശമാണ് എജി സർക്കാരിനു നൽകിയത്. ഇതും ഉൾപ്പെടുത്തിയാണ് പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്ത് നൽകിയത്. എന്നാൽ എജിയുടെ നിയമോപദേശം നിയമവിരുദ്ധമാണെന്നും സമ്മർദത്തിനു വഴങ്ങിയാണ് പുനർനിയമനം അംഗീകരിക്കേണ്ടി വന്നതെന്നും ഗവർണർ വ്യക്തമാക്കിയതോടെ വിവാദമായി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിക്കുകയും സർക്കാരിനും കണ്ണൂർ സർവകലാശാലയ്ക്കും ചാൻസലർക്കും നോട്ടീസ് അയക്കുകയും ചെയ്തു. സർക്കാരിനുള്ള നോട്ടീസ് കൈപ്പറ്റിയെങ്കിലും ചാൻസലർക്കുള്ളത് എജി വാങ്ങിയില്ല. ഇതേത്തുടർന്ന് പ്രത്യേക ദൂതൻവശമാണ് ഗവർണർക്ക് നോട്ടീസ് നൽകിയത്. പിന്നീട് ഈ വിഷയത്തിൽ സർക്കാരിനൊപ്പം ഗവർണ്ണർ ചേർന്നു നിന്നു. ഇതോടെ അന്ന് വിവാദം ഒഴിയുകായിരുന്നു.