പത്തനംതിട്ട: ശബരിമലയിൽ രണ്ട് പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർക്കും ക്ഷേത്ര ജീവനക്കാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത ബന്ധമുള്ളവരെ നിരീക്ഷണത്തിലാക്കി. ഇന്നലെ ദേവസ്വം മരാമത്തിലെ ഓവർസിയർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നേരത്തെ കോവിഡ് ഡ്യൂട്ടിക്ക് നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരാമത്തിലെ ഓവർസിയർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ദേവസ്വം ബോർഡിൽ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പിപിഇ കിറ്റ് നൽകാൻ നിർദ്ദേശം നൽകിയിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ശബരിമലയിൽ തീർത്ഥാടനം തുടരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ കോവിഡ് മാനദണ്ഡ പ്രകാരം 2,000 തീർത്ഥാടകർക്ക് പ്രവേശനമുണ്ട്. മറ്റ് ദിവസങ്ങളിൽ ആയിരം പേരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. അതേസമയം, കൂടുതൽ പേർക്ക് ദർശനം നൽകണമെന്ന അഭിപ്രായം ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ശബരിമല വരുമാനത്തിൽ വലിയ ഇടിവുണ്ടായി. ദിവസം മൂന്നര കോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്ഥാനത്ത് ശരാശരി 10 ലക്ഷത്തിൽ താഴെയാണ് വരുമാനം. അതുകൊണ്ടാണ് കൂടുതൽ തീർത്ഥാടകരെ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്.

അതേസമയം, ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം എത്ര വർധിപ്പിക്കണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്നലെ ചേർന്ന ചീഫ് സെക്രട്ടറി തല സമിതി, ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ചിരുന്നു. നിലവിൽ പ്രതിദിനം ആയിരം തീർത്ഥാടകരെയാണ് അനുവദിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇത് ഇരിട്ടിയെങ്കിലും ആക്കാനാണ് ആലോചന. ആൻറിജൻ പരിശോധന കൂട്ടേണ്ടെതടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം ലഭിച്ചതിനു ശേഷം സർക്കാർ അന്തിമ തീരുമാനമെടുക്കും.