തിരുവനന്തപുരം: സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരിക്കുന്ന മുൻ ഐടി സെക്രട്ടറി എം. ശിവശങ്കരന്റെ അറിവോടെ നടന്ന മറ്റൊരു ക്രമക്കേടിൽ കൂടി നടപെടിയെടുത്ത് സംസ്ഥാനസർക്കാർ. ടെക്നോപാർക്ക് ഫേസ് ത്രീ കാമ്പസിൽ രണ്ടു കമ്പനികൾക്ക് ചട്ടവിരുദ്ധമായി ഇളവുനൽകിയ മാനേജർ ഗീതാ ഗോപാലകൃഷ്ണനെയും അസിസ്റ്റന്റ് മാനേജർ ശ്രീജാവിജയനെയും സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ടെക്നോപാർക്ക് ഫേസ് ത്രീ കാമ്പസിൽ കമ്പനികൾക്ക് സ്ഥലം അനുവദിച്ചപ്പോൾ ചട്ടവിരുദ്ധമായി രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ചട്ടവിരുദ്ധമായി ഇളവുചെയ്തുനൽകി എന്നാണ് സർക്കാർ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇതുമൂലം സർക്കാരിന് 2.23 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയതിനാലാണ് നടപടി.

ഇവിടത്തെ പ്രധാന കമ്പനികളിലൊന്നായ ടോറസിന്റെ ഉപകമ്പനിയായ ഡ്രാഗൺസ്റ്റോൺ റിയൽട്ടി പ്രൈവറ്റ് ലിമിറ്റഡിന് സ്ഥലം അനുവദിച്ചതിലായിരുന്നു ഇളവുനൽകിയത്. വാണിജ്യാവശ്യങ്ങൾക്കായി സഹകമ്പനികൾക്ക് സ്ഥലം അനുവദിക്കുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവുണ്ടാകില്ലെന്ന ചട്ടം മറികടന്നായിരുന്നു ഇത്.

സ്ഥലം അനുവദിക്കുന്നതിൽ ഇളവാവശ്യപ്പെട്ട് ഡ്രാഗൺസ്റ്റോൺ റിയൽട്ടി പ്രൈവറ്റ് ലിമിറ്റഡ്, ഡോൺ റിയൽട്ടി പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ 2018-ൽ അപേക്ഷിച്ചിരുന്നു. സർക്കാർ അത് നിരസിച്ചു. എന്നാൽ, 2020 മാർച്ച് 13-ന് ഡ്രാഗൺസ്റ്റോണുമായി ഉണ്ടാക്കിയ പാട്ടക്കരാറിൽ ഇളവുകൾ സംബന്ധിച്ച വകുപ്പുകൾ ടെക്നോപാർക്ക് അധികൃതർ ഉൾക്കൊള്ളിച്ചു. ഇത് പുറത്തുവന്നതോടെയാണ് ടെക്നോപാർക്ക് സിഇഒ. ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായില്ലെന്നായിരുന്നു ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോർട്ട്. എന്നാൽ, വിശദമായ അന്വേഷണം ആവശ്യപ്പെട്ടുള്ള റിപ്പോർട്ടാണ് ടെക്നോപാർക്ക് സിഇഒ. സർക്കാരിന് നൽകിയത്.

സർക്കാരിന്റെ പരിശോധനയിൽ ഉദ്യോഗസ്ഥർ കൃത്യവിലോപമുണ്ടാക്കിയതായി കണ്ടെത്തി. സർക്കാരിന് 2,23,57,817 രൂപയുടെ നഷ്ടമുണ്ടായതായ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടി. വകുപ്പുതല അന്വേഷണത്തിന് ഐ.ടി. വകുപ്പിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഒരുമാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് നൽകണം.